വീട്ടിലെ സായാഹ്നങ്ങൾക്ക് ഇപ്പൊ ഓറഞ്ചു നിറം കൂടുതലാണ് . വെളിച്ചം മങ്ങി ഇരുട്ട് പരന്നു തുടങ്ങുമ്പോൾ ചുമ്മാ വടിയും കുത്തിപിടിച്ചു വീടിനു ചുറ്റും , പറമ്പിലും ഒക്കെ നടക്കുന്നൊരു പതിവുണ്ട് . നല്ല രീതിയിൽ കൊതുകു കടിക്കുന്ന സമയമാണ് . ചിലപ്പോ 'അമ്മ ചവറൊക്കെ അടിച്ചു കൂട്ടി പലയിടത്തായി തീയിടും . അങ്ങനെ നടക്കുന്ന സമയത്തായിരിക്കും മൂക്കിന് തുമ്പിലൂടെ ലാങ്കി പൂക്കളുടെ വാസന പോകുന്നത് . വീടിന്റെ പിന്നിലാണ് ലാങ്കി മരം . മരം ചെറുതാണ് അങ്ങിങ്ങായി കുറച്ചു പൂക്കളെ ഉള്ളു പക്ഷെ വാസന അതി മനോഹരമാണ് ..
കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ വാസനകളിലൊന്നാണ് ലാങ്കി പൂക്കളുടേതു . സ്കൂളിൽ പഠിക്കുമ്പോ വീട്ടിൽ ഈ പൂക്കളുള്ള കുട്ടികൾക്ക് ക്ലാസ്സിലൊക്കെ പ്രത്യേക ഒരു പരിഗണനയായിരുന്നു . പൂവ് സ്വന്തമായി ഉള്ളവര്‍ ബാഗിലും പെൻസിൽ ബോക്സിന്റെ ഉള്ളിലും ഒക്കെ ഈ പൂവ് തലേന്നെ പറിച്ചു വക്കും എന്നിട്ട് പിറ്റേന്നു ക്ലാസിൽ കൊണ്ട് വന്നു ബാഗു തുറക്കും . ലാങ്കി പൂക്കളുടെ വശ്യതയാർന്ന മണം ക്ലാസ് മൊത്തം പരക്കും . അന്നത്തെ വലിയ ഓർമ്മകളാണ് ഇതൊക്കെ ..
അന്ന് തൊട്ടേ ഉള്ള ആഗ്രഹമായിരുന്നു എന്റെ വീട്ടിലും ഒരു ലാങ്കി മരം വേണം എന്നുള്ളത് . തൊട്ടപ്പുറത്തെ വീട്ടിൽ ഒക്കെ ആ മരം ഉണ്ടായിരുന്നു . അങ്ങനെ ഒരു ദിവസം പെടുന്നനെ വീടിന്റെ പുറകു വശത്തെ അഴുക്കുവെള്ളം പോകുന്ന ചാലിന്റെ കരയിലായി പതിവിൽ നിന്ന് കാണാൻ വ്യത്യസമുള്ള ഒരു ചെടി മുളച്ചു വന്നു . എന്നെ ഭയങ്കരമായി സന്തോഷിപ്പിച്ചു കൊണ്ട് 'അമ്മ പറഞ്ഞു അത് ലാങ്കി ചെടിയാണെന്ന് . പിന്നെ വഴികൂടെ പോകുന്നവരും വീട് ഇടക്ക് വിസിറ്റ് ചെയ്യുന്ന ബന്ധുക്കളും ഒക്കെ അത് ലാങ്കി ആണെന്ന് സാക്ഷ്യം ചാർത്തി . ഇവരൊക്കെ കണ്ണ് വച്ച് ആയ കുഞ്ഞു ചെടി ഉണങ്ങി പോവുമോ എന്ന് ഞാൻ പേടിച്ചിട്ടുവെങ്കിലും അങ്ങിനെ ഉണ്ടായില്ല . ചാലിൽ നിന്ന് നല്ല രീതിയിൽ വെള്ളം വലിച്ചെടുത്തു ലാങ്കി തഴച്ചു വളർന്നു .
ഇടക്ക് വീട്ടിൽ വരുന്ന ചേച്ചിമാര് ചിലര്‍ അതിന്റെ മണം ചിലർക്ക് മനം പുരട്ടൽ ഉണ്ടാക്കും എന്നൊക്കെ പറഞ്ഞു നിരുത്സാഹപെടുത്താൻ നോക്കിയെങ്കിലും ഞങ്ങൾ പ്രതീക്ഷ കൈ വിട്ടില്ല . സുഗന്ധം പരത്തുന്ന സന്ധ്യകൾക്കായി കാത്തിരുപ്പ് തുടർന്നു .
അങ്ങനെ മാസങ്ങൾക്ക് ശേഷം ചെറിയ പൂക്കൾ വിരിഞ്ഞു . പൂക്കൾ വന്ന കാര്യം ഞങ്ങൾക്ക് ആരും പറഞ്ഞു തരേണ്ടി വന്നില്ല ഒരു രാത്രി നിറയെ വാസന പരന്നപ്പോൾ ടോർച്ചു അടിച്ചു നോക്കിയാണ് പൂക്കൾ കണ്ടുപിടിച്ചത് . അത് കഴിഞ്ഞു പിന്നെയും വലിയ വലിയ പൂക്കള്‍ വിരിഞ്ഞു . ചിലതു ഞങ്ങൾ പൊട്ടിച്ചു പാത്രത്തിലാക്കി അകത്തു കൊണ്ട് വക്കും . പൂക്കൾക്ക് വാസന കുറവാണെന്നാണ് അമ്മയുടെ അഭിപ്രായം പക്ഷേ ഞങ്ങൾക്കിതു മതിയായിരുന്നു .
ഇപ്പൊ പിന്നിൽ കുളി കഴിഞ്ഞു തോർത്ത് ഇടാൻ പോകുമ്പോഴും രാത്രി സ്കൂട്ടർ കൊണ്ട് വാക്കാൻ പോകുമ്പോഴും മൂക്കിന്റെ തുമ്പത്തു കൂടി ആ പൂക്കളുടെ വാസനയിങ്ങനെ ഒഴുകി പോകും . അന്നേരം ബാക്കി എല്ലാം മറന്നു ആഞ്ഞു കൊറേ ശ്വാസമെടുക്കും . അത് പോലെ ഉറക്കം കുറവുള്ള രാത്രികളിൽ എല്ലാരും കിടന്ന ശേഷം ശബ്ദമുണ്ടാക്കാതെ നടന്നു ആ മരത്തിന്റെ താഴെ പോയി നിക്കും . ഒക്കെ ഒരോ പ്രാന്തുകളാണ് .
ഇപ്പൊ ഈ കൊടും ചൂടത്തും ലാങ്കിക്ക് വാട്ടം ഒന്നുമില്ല. മിനിഞ്ഞാന് പെയ്ത മഴയിൽ കൊറേ പൂവ് കൊഴിഞ്ഞു വീണു . മഴ പെയ്താൽ വാസന കുറയും . വീട്ടിൽ നിന്ന് കൊറേ അകാലത്തു കൊറേ നാൾ നിന്നു കഴിയുമ്പോ ഒക്കെ ഈ മണം എന്റെ ഓർമ്മയിലേക്ക് വരും . തിരിച്ചു വീട്ടിലെത്തി നട്ടപാതിരാക്ക് അതിന്റെ ചോട്ടിൽ നിർത്താൻ പോന്ന വശ്യതയുള്ള വാസന .


Comments
Post a Comment