" ഓഹ് രാഷ്ട്രീയ പാർട്ടികളൊക്കെ എല്ലാം കണക്കല്ലേ ??
എനിക്ക് രാഷ്ട്രീയം ഒന്നും ഇല്ല "
എന്ന ക്ളീഷേ ഡയലോഗ് പലകുറി നിങ്ങൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടോ ?
അരാഷ്ട്രീയത ഒരു സ്റ്റാറ്റസ് സിംബൽ ആയി കൊണ്ട്
നടക്കുന്ന വിദ്യാ സമ്പന്നരോട്
എപ്പോളെങ്കിലും പുച്ഛം തോന്നിയിട്ടുണ്ടോ?
നിങ്ങളെക്കാൾ വിദ്യാഭ്യാസം കുറവുള്ളവര് അന്തസോടെ
കൃത്യമായ രാഷ്ട്രീയ നിലപാടുകൾ എടുക്കുമ്പോൾ
നിങ്ങൾക്ക് അസൂയ തോന്നിയിട്ടുണ്ടോ ??
ഉണ്ടെങ്കിൽ മാത്രം മുന്നോട്ട് വായിക്കുക ..
കഴിഞ്ഞൊരു അഞ്ചു വർഷകാലയളവിൽ പഠനത്തിൻ്റെ
ഭാഗമായി ഞാൻ കണ്ടു മുട്ടിയ
മഹാഭൂരിപക്ഷം ആളുകളും രാഷ്ട്രീയത്തോടോ രാഷ്ട്രീയ തീരുമാനങ്ങളോടോ
വലിയ താല്പര്യ കാണിച്ചിട്ടുള്ള ആളുകളല്ല. വലിയ വിദ്യാഭ്യാസവും അറിവും
ഉള്ളവരെ പോലും ഭ്രമിപ്പിക്കാൻ പോന്ന ഒരു ടൂളായി അരാഷ്ട്രീയത മാറിയത്
ഒരു പരിധി വരെ എന്നെ അതിശയിപ്പിച്ചിട്ടുണ്ട് .
ഞാൻ ഇടക്കൊക്കെ കൊറേ ആലോചിക്കാറുണ്ട് .
എന്തുകൊണ്ടാണ് എനിക്ക് ഈ സമരപോരാട്ടങ്ങളോട് ഇത്ര ഇഷ്ടം എന്ന് .
ഈ കഴിഞ്ഞ സെമസ്റ്ററിൽ ഞാൻ അകെ ശ്രദ്ധിച്ചിരുന്ന ക്ലാസ് HR ലെ എംപ്ലോയീ
സ്ട്രൈക്ക് മായി ബന്ധപ്പെട്ട ക്ലാസ്സാണ്. ചമ്പാരൻ , ബോബെ ടെക്സ്സ്റ്റൈൽ സമരം
പൊമ്പിള ഒരുമൈ സമരം ഇതൊക്കെ ടീച്ചർ പറയുമ്പോ വല്ലാത്ത ഒരു ഇടിമുഴക്കം
എന്റെ ഉള്ളിലും ഉണ്ടായിരുന്നു .ലോങ്ങ് മാർച്ചും എൻഡോ സൾഫാൻ സമരവും
എന്തെ ടീച്ചര് പറഞ്ഞില്ല എന്ന് വിഷമിക്കുമായും ചെയ്തു .
വിദ്യാർത്ഥി പ്രസ്ഥാനമൊക്കെ എന്താ ഏതാ എന്നറിയുന്നതിനു എത്രയോ മുൻപ് തന്നെ
ഈ കാര്യങ്ങളോട് എനിക്ക് കുറച്ചു താല്പര്യ കൂടുതലുണ്ടായിരുന്നു .
ടി വിയിലൊക്കെ "രക്തസാക്ഷികൾ സിന്ദാബാദ് "വരുമ്പോഴും
"അടിമകൾ ഉടമകൾ " വരുമ്പോഴും ആവേശത്തോടെ ഞാൻ അത് കണ്ടു ഇരിക്കാറുണ്ട് .
ഞാൻ കുഞ്ഞായിരിക്കുമ്പോൾ മാമന്റെ വീട്ടിൽ പോകുന്ന സമയത്തൊക്കെ
'അമ്മ വല്യ മാമൻ ഒക്കെ പണ്ട് ചെയ്ത മിച്ച ഭൂമി സമരത്തെ പറ്റി പറയുമായിരുന്നു .
ഒരൊറ്റ രാത്രി കൊണ്ട് മിച്ചഭൂമി കയ്യേറി 50 കുടിലുകൾ കെട്ടി നടത്തിയ സമരം .
മിച്ചഭൂമി പാവങ്ങൾക്ക് പതിച്ചു കൊടുക്കുന്നതിനു വേണ്ടിയുള്ള സമരമായിരുന്നു അത് .
സമരാനന്തരം കൊടിയ മർദ്ദനങ്ങൾ അനുഭവിക്കേണ്ടി വന്ന കഥകളും
'അമ്മ ആവേശത്തോടെ പറഞ്ഞു തരാറുണ്ട് .
അത് കഴിഞ്ഞു 'അമ്മ പഠിക്കുന്ന സമയത്തു നടത്തിയ
ബസ് തടയൽ സമരത്തിന്റെ കഥകളും പറയും .
ഇതൊക്കെ ഭയങ്കരമായ ഒരു ഉത്സാഹത്തോടെ ഞാൻ കേട്ടിരുന്നിട്ടുണ്ട്
. സമര പോരാട്ടങ്ങളും തൊഴിലാളി പ്രസ്ഥാനങ്ങളും എന്നും എനിക്ക് ഇഷ്ട
വിഷയങ്ങളായത് അതുകൊണ്ടാവണം.
ഞാൻ കണ്ടിട്ടുള്ള നല്ലൊരു പക്ഷം ആളുകളും ട്രേഡ് യൂണിയൻ സംസ്കാരത്തിന്റെ
വലിയ വിമര്ശകരാണ് . യൂണിയൻകാര് ഗുണ്ടകളും നോക്കുകൂലി
വാങ്ങുന്നവരുമാണെന്ന പൊതു ധാരണയായിരിക്കാം അതിനു പിന്നിൽ.
തൊഴിലാളി പ്രസ്ഥാനങ്ങൾ ഉള്ളത് കൊണ്ട് മാത്രമാണ് തൊഴിലാളിൾക്ക്
ചൂഷണം നേരിടേണ്ടി വരാത്തത് എന്ന കാര്യം ഈ വക അരാഷ്ട്രീയകാരുടെ
തലയിൽ കേറാൻ വലിയ പാടാണ് . ഈഅടുത്ത് എന്നെ ഒരുപാട് വിഷമിപ്പിക്കുകയും
ചിന്തിപ്പികയും ചെയ്ത ഒരു പത്ര റിപ്പോർട്ട് ഉണ്ട് . മഹാരാഷ്ട്ര യിലെ ബീഡ്
ജില്ലയിൽ കരിബ് വ്യവസായവുമായി ബന്ധപെട്ട് പണിയെടുക്കുന്ന സ്ത്രീകൾ
എല്ലാം തന്നെ ഗര്ഭപാത്രം എടുത്തു കളയുന്നു എന്നതാണ് അതിലെ വാർത്ത .
കരിമ്പ് വെട്ടുന്നത് ഒരു ദിവസം മുഴുവൻ നീണ്ടു നിക്കുന്ന കോൺട്രാക്ട് ആണ് .
കുറച്ചു സമയം ഒഴിവ് എടുത്താൽ പോലും 500 രുപ പ്രധാന
കോൺട്രാക്ടർക്ക് പിഴയൊടുക്കണം . ആർത്തവ സമയമാവുമ്പോൾ
വനിതകൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആണ്
ഈ ഗർഭ പത്രം എടുത്തു കളയാൽ എന്ന എളുപ്പ പണി
അത്ര കണ്ട് നീചമാണ് ഈ വക ചൂഷണങ്ങൾ .ഇതൊക്കെ
ട്രേഡ് യൂണിയനുകൾ ഉള്ള സ്ഥലത്താണെങ്കിൽ നടക്കുമോ ?
അൺ ഓർഗനൈസ്ഡ് ആയ ഒരുപാടു സെക്ടറുകൾ
(textile സ്റ്റാഫ് , നഴ്സസ് , it എംപ്ലോയീസ് )യൂണിയൻ ഉണ്ടാക്കി മെച്ചപ്പെട്ട്
തൊഴിൽ സാഹചര്യങ്ങൾ ഉണ്ടാക്കുന്ന ഈ ഘട്ടത്തിൽ ആണ്
നമ്മൾ കുറെ കരിയറിസ്റ്റുകളായ ബുദ്ധിജീവികൾ
ട്രേഡ് യൂണിയനുകൾ ആണ് പുരോഗതിക്ക് വിലങ്ങുതടി എന്ന് വാദിച്ചു നില്കുന്നത്
അരാഷ്ട്രീയതയിലേക്ക് തന്നെ ഒന്നുടെ മടങ്ങാം ,
ഏറ്റവും ചെറിയ പക്ഷം അവനവന്റെ മണ്ഡലത്തിലെ
സ്ഥാനാർത്ഥികളും പാർട്ടികളും ആരാ ഏതാ എന്നറിയാത്ത
മനുഷ്യരാണ് നമുക്ക് ചുറ്റും എന്നത് വല്ലാത്ത ഒരു മാനസിക
അവസ്ഥയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നത് .
സമകാലിക ഇന്ത്യയുടെ ഗതി മാറ്റി മറിക്കാൻ പോകുന്ന തിരഞ്ഞെടുപ്പാണ്
ഈ ഏപ്രിൽ മാസം നടക്കാൻ പോകുന്നത് . രാഷ്ട്രീയവും മതപരവും ജാതിപരവും
ലിംഗപരവുമായ ധ്രുവീകരണം അതിന്റെ പരകോടിയിൽ നിൽക്കുന്ന സമയമാണ് .
കേട്ടുകേൾവിയില്ലാത്ത പല കാര്യങ്ങളും രാജ്യത്ത് നടന്നു . അതൊന്നും നമ്മുടെ
ഉമ്മറത്തല്ലലോ എന്ന സുരക്ഷിത ബോധമായിരിക്കാം ചിലപ്പോൾ ഈ നിശബ്ദതക്കു
പിന്നിൽ .അല്ലെങ്കിൽ ചിലപ്പോ പഴയൊരു സിനിമ ഡയലോഗ് പോലെ
" എനിക്ക് മലയാളം കുറച്ചു കുറച്ചു അറിയാം " എന്ന് പറഞ്ഞിരുന്ന അതെ
ലാഘവത്തോടെ " എനിക്ക് രാഷ്ട്രീയ നിലപാടില്ല" എന്നു പറയാൻ
തോന്നുന്ന പുതിയ കാലത്തിന്റെ മാറ്റവുമാകാം ..
സ്വാശ്രയ വിദ്യഭ്യാസത്തിൻ്റെ ചക്കിൽ കെട്ടാവുന്ന ഒന്നാണ് ഈ
അരാഷ്ട്രീയ പ്രണയവും . പ്രബുദ്ധതായും സർഗാത്മകതയും തന്റേതല്ല
എന്ന് കരുതുന്ന ബഹുഭൂരിപക്ഷം കരിയറിസ്റ്റുകളും
ഈ ഗണത്തിൽ പെടുത്താവുന്നവരാണ് .
"the worst illiterate is the political illiterate "
എന്ന് bretolt brecht എന്ന ഫ്രഞ്ച് കവി ഒരുപാട് മുന്നേ പറഞ്ഞു വച്ചിട്ടുണ്ട് .
അവനവന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയങ്ങളെ
വളരെ ലാഘവത്തോടെ " രാഷ്ട്രീയം " എന്ന ലേബലിൽ ആളുകൾ
ഒതുക്കി കാണുമ്പോൾ എനിക്ക് ആദ്യം ഓർമ്മ വരുന്നത് ഈ വാചകമാണ് .
കവി പിന്നെയും പറഞ്ഞു പോകുന്നുണ്ട് ,,, "അവൻ ,
അരാഷ്ട്രീയ വാദി ഒന്നും കാണുന്നില്ല ,ഒന്നും കേൾക്കുന്നുമില്ല
പച്ചക്കറിയുടെയും ധാന്യങ്ങളുടെയും വിലയും ജീവിത ചിലവുകളും
എല്ലാം അവൻ ലാഘവത്തോടെ തള്ളി കളഞ്ഞ രാഷ്ട്രീയതീരുമാനങ്ങളാണ്
നിർണ്ണയിക്കുന്നതെന്ന് അവനറിഞ്ഞു കൂടാ . രാഷ്ട്രീയം വെറുപ്പാണെന്നു
പറഞ്ഞു അവൻ അഭിമാനിക്കുമ്പോളും അവൻ അറിയുന്നില്ല
അവന്റെ ഈ അജ്ഞതയിൽ ആണ്
സാമൂഹിക വിപത്തുകൾ എല്ലാം വന്നു ചേരുന്നതെന്ന് .. ""
മാനവരാശിയുടെ ചരിത്രം എന്ന് പറയുന്നത് സമരപ്പോരാട്ടങ്ങളുടെ ചരിത്രമാണ് .
വെള്ളക്കാരന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങിയ സ്വാതന്ത്ര്യം തൊട്ട്
മർദകന്റെയും ചൂഷകന്റെയും കയ്യിൽ നിന്ന് പിടിച്ചു വാങ്ങിയ
അവകാശ സമരങ്ങളുടെ ചരിത്രം . എന്റെ രാഷ്ട്രീയ ബോധവും
ഈ ഓർമ്മപ്പെടുത്തലുകൾ തന്നെയാണ് .
സാമൂഹികനീതിക്കുവേണ്ടിയുള്ള ,
സാമാന്യ നീതിക്കുവേണ്ടി നടന്ന സമരങ്ങളോടുള്ള കൂറ് ആണത് ..
ചുരുക്കി പറഞ്ഞാൽ
എന്റെ രാഷ്ട്രത്തെ സംബന്ധിക്കുന്നതെന്തും എന്റെ രാഷ്ട്രീയമാണ് .
എന്റെ രാഷ്ട്രീയ നിലപാടാണ് ..


Comments
Post a Comment