ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.
പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..
അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .
ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ്റം തലയിലൂടെ ഇട്ടു കുനിഞ്ഞു ഇരുന്നു നാമം ജപിക്കുന്ന സ്ത്രീ രൂപം ഓർമ്മയിൽ വരും . തങ്കം എന്ന് വായിക്കുമ്പോൾ ഉത്സാഹിയായി കൗമാരത്തിന്റെ പ്രസരിപ്പും കൊണ്ട് ഓടി നടക്കുന്ന വാശിക്കാരിയായ ഒരു പെൺകിടാവ് മനസ്സിൽ വരും . അഫ്നൻ നമ്പൂതിരിയും ഉണ്ണിയേട്ടനും അനുജനും എല്ലാരും ആ നാലുകെട്ടിൽ എവിടെയൊക്കെയോ നടക്കുന്ന പ്രതീതി . അങ്ങനെ ഒരു പ്രതീതി ഉണ്ടാക്കാൻ പോന്നവയാണ് ആ എഴുത്തു .
സ്വസമുദായത്തിലെ ദുരാചാരങ്ങൾക്കെതിരെ പടപൊരുതുന്ന നിലയിലേക്ക് തേതിയേടത്തി മാറുന്നത് തങ്കത്തിന്റെ വീക്ഷണകോണുകളിലൂടെ ആണ് നമ്മൾ കാണുന്നത് . എന്നാൽ അവസാന അധ്യായങ്ങളിൽ ദേവി ബഹന്റെ മാനസിക സംഘര്ഷങ്ങള് അവരുടെ തന്നെ വീക്ഷണ കോണിൽ കാണിക്കുമ്പോൾ ഒന്നുടെ ആസ്വദിക്കാൻ പറ്റുന്നുണ്ട് . അത് പോലെ തന്നെ ആദ്യ ഭാഗങ്ങളും എഴുതിയിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് തോന്നിപ്പോയി.
അഗ്നിസാക്ഷിയായി മാനമ്പിള്ളി ഇല്ലത്തു വന്നു കേറുന്ന തങ്കത്തിന്റെ തേതിയേടത്തി സഹനത്തിന്റെയും വിപ്ലവത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രതീകമാണ് . പരമ ശുദ്ധനായി അവതരിപ്പിക്കുന്ന ഉണ്ണിയേട്ടൻ പലപ്പോഴും ഒരു ഭർത്താവ് എന്ന കടമ മറക്കുന്നത് തങ്കം ചോദ്യം ചെയ്യുന്നുണ്ട് . അങ്ങനെ ഒരു ചോദ്യം ചെയ്യൽ ശരിക്കും വായനക്കാരൻ ആണ് നടത്തുന്നത് . തങ്കം കഠിന മായ വാക്കുകൾ ഉപയോഗിക്കാൻ മടിക്കുമ്പോൾ ആ മടി നമുക്കും ഉള്ളതായി തോന്നുന്നു. അവസാനം ഉത്തരേന്ത്യയിൽ ദേവി ബഹൻ ആയി കിട്ടുന്ന ഭിക്ഷയിൽ ഒരു പങ്കു അഗ്നിക്ക് സമർപ്പിക്കുമ്പോൾ നോവലിന്റെ പേര് പിന്നെയും അനര്ഥമാകുന്നു ..
അയിത്തം , വിവരമില്ലായ്മ, അന്ധവിശ്വാസം അങ്ങനെ പല കാര്യങ്ങളും നോവലിൽ ചർച്ച ചെയ്യുന്നുണ്ട് . അതിൽ ഏറ്റവു ഭീകരം അഫ്നൻ നമ്പൂതിരിക്ക് നായർ സ്ത്രീയിൽ ജനിച്ച സ്വന്തം മകൾ തങ്കത്തെ എടുത്താൽ അയിത്തം ആകും എന്നതാണ്. അഫ്നൻ നമ്പൂതിരി മരിക്കുമ്പോൾ മാളിക പുരയിൽ താമസിക്കുന്ന ഭാര്യയെയും മകൾ തങ്കത്തേയും പടിയിറക്കിയിട്ട് മാത്രമേ അദ്ദേഹത്തിന്റെ മരണ ചടങ്ങുകൾ നടത്തുന്നുള്ളു ബന്ധു ജനങ്ങൾ . അപ്പോൾ തങ്കം പറയുന്ന ഒരു കാര്യം ഉണ്ട് "നമ്മൾ ആരുമല്ല , ജനിച്ചു വളർന്ന ഈ വീടും നമ്മുടേതല്ല മരുമക്കത്തായ വ്യവസ്ഥയിലെ ശാപം ആണ് ഇത് " ഇത്തരം അനാചാരങ്ങൾക്കെതിരെ വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ ഉണ്ടായി വന്ന നവോത്ഥാനത്തെ പറ്റി വായിച്ചത് ഓർമ്മയിൽ വരുന്നു ..
സ്വാതന്ത്ര്യ സമരത്തെയും ഗാന്ധിജിയെയും ഒക്കെ നോവലിൽ പറയുന്നുണ്ട് . സ്വാതത്ര്യന്തരം നടമാടിയ ദുഷ് പ്രവണതകൾ ഏറെ എടുത്തു പറയുന്നുണ്ട് നോവലിൽ . സ്വാതന്ത്ര്യം കിട്ടിയ രാത്രിയിൽ ഗാന്ധിജി ഏറെ ദുഖിതനായിരുന്നു എന്ന് പാഠപുസ്തകങ്ങളിൽ വായിച്ച ഓർമ്മ ഉണ്ടായിരുന്നു എനിക്ക് . ആ സന്ദർഭത്തിൽ നോവലിലെ പരാമർശങ്ങൾ കൂടി വായിക്കുമ്പോൾ ആ രംഗം പൂർണ്ണമായി മനസിലേക്ക് വരുന്നു ..
.
നോവലിൽ എനിക്ക് ഏറെ ഇഷ്ടപെട്ട ഒരു ഭാഗം ഉണ്ട് .
ഭൂതകാലത്തിനു സ്വയം ബലിയിട്ട് സന്യാസം സ്വീകരിച്ച ദേവി ബഹാനിൽ ഉണ്ടാകുന്ന ഒരു ഉൾവിളിയാണ് ആ ഭാഗം ഉണ്ണിയേട്ടൻ പഴയ തേതികുട്ടിയോട് പറയുന്ന ഭാഗം
"സ്നേഹമെന്നത് ഒരു വികാരമല്ല തേതികുട്ടി ,അത് ഒരുതരം സ്വഭാവമാണ് അനുഭൂതിയാണ് ലയനമാണ് , അത് മനസിലാക്കാത്തവർക്കാർക്കും സുഖം കിട്ടുകയില്ല ""
അത് പോലെ മറ്റൊരു അധ്യായത്തിൽ പറയുന്ന ഭാഗം
" എത്രത്തോളം ഔന്നത്യത്തിൽ എത്തുന്നോ അത്രത്തോളം വ്യക്തമാണ് താഴെയുള്ള കാഴ്ചകൾ ,സ്മരണകൾക്കും ഇങ്ങനെ ഒരു സ്വാഭാവമുണ്ട് കാലമേറെ ചെല്ലുന്തോറും അതിന്റെ തെളിമ കൂടി കൂടി വരുന്നു ""
അവസാനം പറഞ്ഞത് ഒരു തരാം സങ്കൽപ്പമാണ് . പണ്ടാരൊക്കെയോ പറഞ്ഞ പോലെ ഭൂതകാല ഓർമ്മ എന്ന് പറയുന്നത് ഒരു തരം നുണയാണ്.കാര്യങ്ങൾ എല്ലാം പണ്ട് നല്ലതായിരുന്നു എന്ന് അത് നമ്മളെ ഓർമ്മപ്പെടുത്തി കൊണ്ടേ ഇരിക്കും ..
അല്ലെങ്കിലും ലാലേട്ടൻ പറഞ്ഞ പോലെ " ഓർമ്മകൾ ആവുമ്പോളല്ലേ എന്തിനും ചന്തം കൂടുന്നത്"
ശരിക്കും പറഞ്ഞാ കേവലം 108 പേജുകളിൽ വരച്ചു ചേർത്ത വലിയൊരു ചിത്രമാണ് ഈ നോവൽ . ഇത് വാങ്ങി കൊണ്ട് വന്ന ദിവസം തന്നെ 'അമ്മ ഇത് കാണുകയും പണ്ട് വായിച്ചതാണ് എന്നും പറഞ്ഞു ഒറ്റ ഇരുപ്പിൽ ഒന്നുടെ വായിച്ചു തീർത്തതും വെറുതെ അല്ല.തനിക്ക് ഏറ്റവും ഇഷ്ടമുള്ള നോവൽ എന്ന് പറഞ്ഞു ഒരിക്കൽ ധന്യ കെ വി വാതോരാതെ ഇതിനെ കുറിച്ച് പറഞ്ഞതും ഇത് വായിക്കുമ്പോൾ ഓർമ്മ വന്നു .
. സമീപ കാലത്തെ സ്ത്രീപക്ഷ സൃഷ്ടികൾ എന്ന പേരിൽ വായിക്കാൻ കിട്ടിയ പല ചവറുകളും നവ മാധ്യമങ്ങളിൽ വരുന്ന സ്ത്രീപക്ഷ ജല്പനകളും ഈ ഇത്തരം മഹത്തായ രചനകളുമായി സാമ്യപ്പെടുത്തുമ്പോൾ തീർത്തും നിഷ്പ്രഭമായി പോകുന്നു ..
നല്ലൊരു പുസ്തകം വായിക്കുമ്പോൾ നമ്മൾ പതിയെ ആ കാലത്തിലേക്ക് കടന്നു ചെല്ലുന്നു . കഥാപാത്രങ്ങളോട് സ്നേഹവും വെറുപ്പും പ്രണയവും തോന്നുന്നു . വർത്തമാന കാല റിയാലിറ്റി എന്ന വലിയ സത്യത്തിൽ നിന്ന് രക്ഷപെടാൻ ആഴത്തിലുള്ള ഒരു വായന മതി .. എഴുത്തു കൊണ്ട് കാലത്തിനു തടയിടുന്നവൻ എഴുത്തുകാരൻ എന്നാണല്ലോ . മിഥ്യയായ സ്വർഗങ്ങളിൽ കുറച്ചു നേരമെങ്കിൽ കുറച്ചു നേരം ജീവിക്കാൻ പറ്റുന്നതും ഏറെ ആനന്ദദായകം ആണല്ലോ ..
ഇനിയും ഇത്തരം രക്ഷപെടലുകൾ സാധ്യമാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിര്ത്തുന്നു ..


Comments
Post a Comment