കാവേരി നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പ്രൗഢ ഗംഭീരമായ രാജനഗരിയാണ് തഞ്ചാവൂർ. തെന്നിന്ത്യ അടക്കി വാണിരുന്ന ചോളന്മാരുടെ രാജ്യ തലസ്ഥാനം. ദ്രവീഡിയൻ വാസ്തുവിദ്യയുടെ പെരുമ ലോകത്തോട് വിളിച്ചോതുന്ന ഒരുപാട് കെട്ടിടങ്ങളുള്ള വലിയ നഗരം. ഈ വർഷമാദ്യം റിപ്പബ്ലിക്ക് ദിനത്തോട് ചേർന്ന് കിട്ടിയ 3 വിലപ്പെട്ട അവധി ദിവസങ്ങളിൽ ഞാനും രോഹിനും കൂടി പോകാൻ തീരുമാനിച്ചത് തഞ്ചാവൂർക്കായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞു ഞാൻ കുന്നംകുളത്തു നിന്നും രോഹിൻ മലപ്പുറത്ത് നിന്നും നേരെ ത്രിശൂർ ഉള്ള രോഹിൻ്റെ വീട്ടിലേക്ക് ആദ്യം വന്നു. രാത്രി 12 15 നാണു ട്രെയിൻ. എറണാകുളം കാരക്കൽ എക്സ്പ്രെസ്സിൽ ആണ് ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഒന്നര മാസം മുൻപ് 3 ടിയർ AC ബുക്ക് ചെയ്തിട്ടു വെയ്റ്റിംഗ് ലിസ്റ്റിലാണ് കിട്ടിയത്. യാത്ര തിരിക്കുന്നതിൻ്റെ തലേന്ന് RAC പോലും ആകാത്തതിനാൽ 2 സ്ലീപ്പർ തത്കാൽ ടിക്കറ്റുകൾ ഒരു ഉറപ്പിന് ബുക്ക് ചെയ്തു വച്ചു. അവസാനം സ്ലീപ്പർ ടിക്കറ്റിൽ തന്നെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യേണ്ടതായി വന്നു. ട്രെയിനിലെ സൗകര്യങ്ങളും അന്തരീക്ഷവും പ്രതീക്ഷിച്ച പോലെ തന്നെ മോശമായിരുന...