പരമ്പരാഗതമായി നാം കേട്ടുവളർന്ന ഇതിഹാസ കഥകളുടെയെല്ലാം പ്രത്യേകത അവയൊന്നും പരാജിതരുടെ ഭാഗം പറഞ്ഞു പോയിരുന്നില്ല എന്നതായിരുന്നു, വിജയഗാഥകൾ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. യുദ്ധശേഷം ഗാഥകൾ രചിക്കുന്നത് വിജയം ചൂടിയവരാണ്.അരങ്ങിനും മുന്നിലെയും പിന്നിലെയും ചതി പ്രയോഗങ്ങൾ മഹായുദ്ധതന്ത്രങ്ങളാവുന്നത് അവിടെയാണ്, നീതികരിക്കാനാവാത്ത അധമപ്രവർത്തികൾക്ക് ന്യായം കലർന്ന വെള്ളപൂശുന്നതും അടിച്ചമർത്തപെട്ടവൻ്റെ ജീവിതത്തിന് മുൻജന്മങ്ങളുടെ പാപഭാരം കെട്ടിവക്കുന്നതും ഇല്ലാശാപവചനങ്ങൾ കൊണ്ട് സാമാന്യയുക്തിക്ക് പൊയ്മുഖമൊരുക്കുന്നതും, വായ്ത്താരികൾ കൊണ്ട് രാജ്യം കെട്ടിപ്പടുക്കുന്നതും തലമുറകളുടെ സൗഖ്യമുറപ്പാക്കുന്നതും അവിടെയാണ്.
എന്നാൽ ചരിത്ര നിർമ്മിതിയുടെ ഭാഗമായി നിന്നപ്പോഴും മനഃപൂർവം തിരസ്കരിക്കപ്പെട്ട ചിലരുണ്ട്. ഇതിഹാസവിജയങ്ങൾക്ക് കാരണഭൂതരായെങ്കിലും മനപ്പൂർവ്വം ചരിത്രം പിന്നിലേക്ക് തള്ളിയവർ. കാലചക്രത്തിൻ്റെ മുന്നോട്ടുള്ള പാച്ചിലിൽ സാമാന്യം ചിലരെങ്കിലും ചരിത്ര വായനയിൽ, വാക്കുകൾക്കിടയിലുള്ള ശൂന്യതകളിൽ അവരെ കണ്ടെത്തും. അവർക്കു കൂടി ഇവിടെയൊരു പങ്കുണ്ടെന്നു പറഞ്ഞു വെക്കും. അങ്ങനെയൊരു കഥയാണ് ആത്രേയകവും.
വായിക്കാൻ എനിക്കേറ്റവും ഇഷ്ടപെട്ട വിഷയങ്ങളിലൊന്നാണ് ഭാരതകഥകളുടെ പുനരാഖ്യാനങ്ങൾ. ഇതിഹാസ കഥകളുടെ അരികു ചേർന്ന് പോകുന്ന ആത്രേയകമെന്ന പുസ്തകം വായിക്കുന്നതും അങ്ങനെയൊരു ഇഷ്ടത്തിൻ്റെ പുറത്താണ്. ഒരിക്കൽ ഗോവിന്ദൻ മാഷ് ഒരു പത്രസമ്മേളനത്തിൽ ആർ രാജശ്രീയുടെ ഈ പുതിയ നോവലിനെ കുറിച്ച് സംസാരിക്കുന്നതും ശ്രദ്ധയിൽ പെട്ടിരുന്നു. ആർ രാജശ്രീ നമുക്കെല്ലാം സുപരിചിതയാണ്, “കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” എന്ന പ്രഥമ നോവലിൽ തന്നെ ശ്രദ്ധേയായ എഴുത്തുകാരി, സർവ്വകലാശാല അദ്ധ്യാപിക. അവരുടെ ആ പുസ്തകം നല്ലതാണെന്നു പലരും പറഞ്ഞിരുന്നു. അത് വാങ്ങി ഷെൽഫിൽ വച്ചു എന്നതിൽ കവിഞ്ഞു ഒന്ന് മറിച്ചു നോക്കാൻ കൂടി ഇതുവരെ പറ്റിയില്ല. ഏതാണ്ടതേ സമയം രോഹിൻ ആത്രേയകം പകുതി വായിച്ചു നല്ലതാണെന്നു പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ പുസ്തകം വാങ്ങി വായിക്കുന്നത്.
പലരുടെ കണ്ണിലൂടെയും കണ്ട ആ ഇതിഹാസങ്ങളുടെ മായകാഴ്ച്ച വേറൊരു കോണിലൂടെ കാണിച്ചു തരികയാണ് R രാജശ്രീ. കഥയിൽ ആത്രേയകം ഒരു അതിർത്തി ഗ്രാമമാണ്. ഒരു ഗ്രാമം എന്നതിൽ ഉപരി ആത്രേയകം ഒരു പ്രധാന കഥാപാത്രമായും ചിലപ്പോൾ വികാരവും വിചാരവുമുള്ള ഒരു മനുഷ്യനായും വായനക്കാരന് തോന്നിച്ചേക്കാം.കഥാകാരിയുടെ അമാന്യമായ ആഖ്യാനമികവാണത്.
ആത്രേയകത്തിലേക്ക്,
ഞാൻ മുൻപ് പറഞ്ഞ, തിരശീലയുടെ പുറകിൽ പെട്ടുപോയ മനുഷ്യർക്കെല്ലാം ഒരു പ്രത്യേകത കൂടിയുണ്ട്. അവരെയൊന്നും മനുഷ്യരായി പലരും കണക്കാക്കിയിരുന്നില്ല എന്നതാണത്. ആത്രേയകത്തിൻ്റെ പ്രസക്തിയുമതാണ്. ആത്രേയകം എല്ലാ കാലവും ഇത്തരത്തിൽ ഉപേക്ഷിക്കപെട്ടവർക്കു ആശ്രയമേകി നിലകൊണ്ടു. വർണ്ണ വ്യവസ്ഥകൾക്കപ്പുറമായിരുന്നു ആത്രേയകം. എല്ലാ വർണ്ണങ്ങളും ജാതികളും അവിടെ ഒന്നിച്ചു പാർത്തു പോന്നു. ഒരു തരത്തിൽ പറഞ്ഞാൽ ആത്രേയകത്തെ, ശക്തമായ ചാതുർവർണ്ണം നിലനിന്ന്നിരുന്ന സമൂഹത്തിലെ സമത്വത്തിലൂന്നിയ ഒരു ഉട്ടോപ്യൻ സങ്കല്പമായി കരുതാം.
മരണമുറപ്പിക്കപ്പെട്ടു ഉപേക്ഷിക്കപെട്ടവർക്ക് ആത്രേയകം പുതിയ ജീവൻ നൽകി, ഒഴിവാക്കപ്പെട്ടവരെ കൂടെ നിർത്തി, പല കാരണങ്ങൾ കൊണ്ട് പലയിടത്തു നിന്നായി പുറത്തായവരും നാടുകടത്തപ്പെട്ടവരും അവിടെ വന്നു പാർത്തു. ഗൂഡമായ മരുന്നുകളും ചികിത്സാ വിധികളുമുള്ള ആ നാട്, മനുഷ്യന് അസാധ്യമെന്നു തോന്നും വിധം മനുഷ്യ ശരീരങ്ങളിൽ അത്ഭുതം പ്രവർത്തിക്കുന്ന ഒരു നാട് . പുറം രാജ്യക്കാർക്ക് ആത്രേയകം ഒരു കെട്ടുകഥയായോ മന്ത്രവാദപ്പുരയായോ തോന്നപ്പെട്ടു. എന്നിരുന്നാലും രഹസ്യമായി അവരുടെ അന്തപ്പുരങ്ങളിൽ ആത്രേയകത്തിലെ മരുന്ന് പുരകളിലെ മണം നിറഞ്ഞു.
നിരമിത്രൻ എന്ന നാമം നമ്മൾ മലയാളികൾക്ക് അത്ര പരിചിതമല്ല. നമുക്ക് പരിചിതമായ നാമം ശിഖണ്ടിയെന്നതാണ്. ഏതെങ്കിലുമൊരു പുരുഷനെ ഏറ്റവും മോശം രീതിയിൽ ചീത്ത വിളിക്കാൻ നമ്മളുപയോഗിച്ചിരുന്ന പദം. അത് കേൾക്കേണ്ടി വരുന്ന പുരുഷന് അതിൽ കവിഞ്ഞ അപമാനമില്ല. എന്നാൽ R രാജശ്രീ ഭാരതകഥ പറയുന്നത് നിരമിത്രൻ്റെ കണ്ണിലൂടെയാണ്.
പാഞ്ചാലരാജാവ് ദ്രുപതൻ്റെ പ്രഥമ പുത്രൻ. നിരമിത്രൻ പുരുഷനോ സ്ത്രീയോ എന്ന ചോദ്യം വായനക്കാരന് തോന്നുന്ന സമയമെല്ലാം വളരെ സ്വാഭാവികമായ ഉത്തരങ്ങളാണ് കഥാകാരി നൽകുന്നത്. ഒരിക്കലുമൊരു മൂന്നാംലിംഗക്കാരൻ എന്ന രീതിയിൽ നിരമിത്രൻ അവതരിപ്പിക്കപ്പെട്ടിട്ടില്ല. അത് കഥാകാരിയുടെ ധാർമികതയുടെയും സർവ്വകലാശാല അദ്ധ്യാപിക എന്നരീതിയിൽ പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്ത്വത്തിൻ്റെയും ഭാഗമാണെന്ന് എനിക്ക് തോന്നി. മൂന്നാംലിംഗക്കാർ എന്നത് അന്നും ഇന്നും ഈ സമൂഹത്തിൽ ഉള്ളവർ തന്നെയാണെന്നുള്ള തിരിച്ചറിവും അതിനു പ്രത്യേക വിശേഷണമോ വിശദീകരണമോ ആവശ്യമില്ല എന്ന തോന്നലുമായിരിക്കാം അതിൻ്റെ പുറകിൽ. അത് പല രീതിയിലും കഥാകാരി പറഞ്ഞു വക്കുന്നുമുണ്ട്.
ആത്രേയകത്തിലെ മുഖ്യ ചികിത്സകൻ ചൂഡകൻ നിരമിത്രനോട് പറയുന്നത് കേൾക്കുക,
“ക്ളീബത്വത്തിന് ചികിത്സയില്ല എന്തെന്നാൽ അത് ഒരു രോഗമല്ല മനുഷ്യൻ്റെ പ്രത്യക്ഷങ്ങളിലൊന്നു മാത്രമാണ്”
അതുപോലെ തന്നെ നിരമിത്രൻ്റെ സ്ത്രീയോടും പുരുഷനോടുമൊപ്പമാണുണ്ടായിട്ടുള്ള രതിരംഗങ്ങൾ കഥാകാരി വളരെ സ്വാഭാവികമായി കാണിച്ചു തരുന്നുണ്ട്. പരമാനന്ദസുഖത്തിൻ്റെ ഏറ്റവും മനോഹരമായ ആസ്വാധനം എന്നതിൽ കവിഞ്ഞൊന്നും അവിടെ വായിക്കുന്നവർക്ക് തോന്നാനും വഴിയില്ല. പുസ്തകത്തിൽ തന്നെ പലയിടത്തു പറയുന്ന പോലെ,
“ലൈംഗീകത ഒഴുകുന്ന ഒരു ദ്രാവകം പോലെയാണ്, ഇരിക്കുന്ന പാത്രത്തിൻ്റെ ആകൃതിക്കനുസരിച്ചു മാറാൻ കെൽപ്പുള്ള ഒന്ന്, യാതൊരു മാനദണ്ഡങ്ങൾക്കും വിധേയമായല്ലാതെ തന്നെ ആസ്വദിക്കാൻ കഴിയുന്ന ഒന്ന്”
ഒരു തരത്തിൽ പറഞ്ഞാൽ ലോകം കണ്ട ഏറ്റവും വലിയ ഇതിഹാസകൃതിയിലെ ലൈംഗിക ബഹുസ്വരതയുടെ മുഖമാണ് നിരമിത്രൻ. സദാചാര ചിന്തകൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സമയത്തും ഈ വായനയുടെ പ്രസ്കതിയും അത് തന്നെയാണ്. പുരുഷനും സ്ത്രീക്കും അല്ലാതെ മറ്റൊരാൾക്കും ഇന്ത്യയിൽ ഇപ്പോഴും കുടുംബമായി താമസിക്കാൻ നിയമമില്ല. കുടുംബമെന്ന വിശുദ്ധ സങ്കൽപ്പത്തിന് പുറത്താണ് ട്രാൻസ്ജൻഡേർസ് ഉൾപ്പെടെയുള്ള മനുഷ്യരുടെ താല്പര്യങ്ങളും.
വളരെ സങ്കീർണ്ണമാണ് നിരമിത്രൻ്റെ കഥാപാത്രം. ജനനം മുതൽക്കെ ഒരു അപശകുനമായിട്ടാണ് ആ മനുഷ്യനെ എല്ലാവരും കണ്ടിട്ടുള്ളത്. പിതാവിന് അയാൾ ഒന്നിനും കൊള്ളാത്ത നപുംസകമായിരുന്നു. യുവരാജാവായിരുന്നിട്ട് കൂടി സേവകരിൽ നിന്നും മറ്റുള്ളവരിൽ നിന്നും അപമാനം നേരിടേണ്ടി വരുന്നു . അകെ ആ മനുഷ്യനെ സ്നേഹിച്ചിട്ടുള്ളത് അയാളുടെ 'അമ്മ മാത്രമാണ്. തന്നോടുള്ള ദേഷ്യത്തിന് അമ്മയോട് മഹാരാജാവ് അതി ഹീനമായ കൃത്യം പ്രവർത്തിക്കുന്നിടത്താണ് നിരമിത്രൻ കൊട്ടാരം വിടുന്നത്.
ഒഴുകുന്ന നദികൾ കടലിനോടു ചേരുന്നതിനു മുൻപ് അഴിമുഖങ്ങളുണ്ടാക്കും. ഒഴുക്കിനിടയിൽ മൂല്യമുള്ളതു പലതും അവിടെ ചെന്നടിയും. ആത്രേയകവും അങ്ങിനെയൊരു അഴിമുഖമാണ്. അവിടെ ചെന്നടിഞ്ഞൊരു നിധിയായിരുന്നു നിരമിത്രൻ. ആത്രേയകത്തിലെ ചൂഡകനും ഇളയും ചേർന്ന് നിരമിത്രന് പുതു ജീവിതമേകി.
നിരമിത്രനെ പുതുജന്മത്തിലേക്ക് എടുത്തുയർത്തിയ വയറ്റാട്ടിമാരാണ് നിളയും ചൂഡകനും. മനുഷ്യശരീരത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ള മഹാ ഭിഷഗ്വരന്മാരായിരുന്നു അവർ. എന്നാൽ ലോകത്തിനു മുന്നിൽ അത് കേവലം കാട്ടുവൈദ്യമോ നിഗൂഢമായ മന്ത്രവാദമോ കാണപ്പെട്ടു. എന്നാൽ രഹസ്യമായും പരസ്യമായും തങ്ങളെ തള്ളി പറഞ്ഞവരുടെ അന്തപുരങ്ങളിൽ അത്രയേകത്തിലെ മരുന്നുകളുടെ രൂക്ഷഗന്ധം പുകഞ്ഞിരുന്നു. ഒരിക്കൽ നിരമിത്രൻ്റെ ശരീരത്തിലും മനസ്സിലും അത്ഭുതം പ്രവർത്തിച്ചു കൊണ്ട് വലിയൊരു പ്രതിസന്ധിയിൽ നിന്നു പാഞ്ചാലരാജ്യത്തെ രക്ഷിക്കുന്നതും അവരെല്ലാം ചരിത്രത്തിൽ ഒരുപാട് അകലെ മാത്രം നിർത്തിയിരുന്ന ആത്രേയകമാണ്.
ഒരിക്കൽ തന്നെ അവഗണിച്ച പലരെ കൊണ്ടും തൻ്റെ കഴിവുകളെ പുകഴ്ത്തി പറയിപ്പിക്കുവാൻ നിർമിത്രനെ പ്രാപ്തനാക്കുന്നതും ആത്രേയകമാണ്.
ഭാരതകഥയിൽ ഒരു മിന്നൽ പോലെ വന്നു കൗരവപക്ഷത്തു ഏറ്റവും നാശം വിതക്കുന്ന ഒരു രാക്ഷസൻ മാത്രമായിരുന്നു ഘടോൽകചൻ, അതുപോലെ തന്നെ പിതാവിൻ്റെ വിജയത്തിനായി സ്വയം ബലിയായ ഇരവാൻ, വലിയ ശരീരമുള്ള ഒരു രാക്ഷസി മാത്രമായ ഹിഡുംബി, ഉലൂപി, ഇന്ദ്രപ്രസ്ഥത്തിന് വേണ്ടി കാട് വെട്ടിത്തെളിച്ചപ്പോൾ നിഷ്കരുണം വേട്ടയാടി നാടുകടത്തപ്പെട്ട നാഗർ, ഇങ്ങനെ പലരീതിയിൽ അവഗണിക്കപ്പെട്ട പലർക്കും ഈ പുസ്തകത്തിൽ വ്യകതമായ ഒരു ഭാഗം കഥാകാരി കൽപ്പിച്ചു നൽകിയിട്ടുണ്ട്.
എനിക്കേറ്റവും കൗതുകവും ഇഷ്ടവുമുള്ള കഥാപാത്രമാണ് ദ്രൗപതിയെന്ന കൃഷ്ണ. എനിക്കേറ്റവും ഇഷ്ടമുള്ള പുസ്തകങ്ങളിലൊന്നാണ് പ്രതിഭ റായ്ടെ “ദ്രൗപതി”.ആത്രേയത്തിലും കൃഷണക്കു വലിയ പ്രാധാന്യമുണ്ട്.
പ്രതിഭ റായുടെ പുസ്തകത്തിൽ കൃഷ്ണയുടെ ത്യാഗ മനസ്ഥിതിക്കും സങ്കീർണ്ണമായ മനോവ്യാപാരങ്ങൾക്കുമായിരുന്നു പ്രാധാന്യം. എംടി അതേസമയം ദ്രൗപതിയുടെ മറ്റൊരു ഭാവമാണ് രണ്ടാമൂഴത്തിൽ ആവിഷ്കരിച്ചത്. കൃഷ്ണയുടെ ഏറ്റവും ശാന്തവും നൈർമല്ല്യവുമുള്ള ഭാവമാണ് ആത്രേയകത്തിൽ. ആത്രേയത്തിലെ നിഗൂഢമായ ചികിത്സകൾ പലതും കൃഷ്ണയുടെ ശരീരത്തിൽ പ്രയോഗിക്കപ്പെടുന്നുണ്ട്.നിരമിത്രനും കൃഷ്ണയും തമ്മിലുള്ള ആത്മബന്ധവും വളരെ ശ്രദ്ധേയമാണ്. എനിക്ക് ഏറ്റവും ഇഷ്ടമായി തോന്നിയ ഭാഗം അവരുടെ സൗന്ദര്യവും രതിയും വർണ്ണിക്കുന്ന്നിടത്താണ്. ഈയിടെ വായിച്ച ആധുനികമെന്നു പറയപ്പെടുന്ന പല രചനകളിലും അശ്ലീല സാഹിത്യമെന്നു തോന്നിപ്പിക്കുന്ന അരോചകമായ ഭാഷ കൊണ്ട് സ്ത്രീ ശരീരത്തെ എഴുതുന്നവർ രാജശ്രീയുടെ ഈ എഴുത്തു ഒന്ന് വായിച്ചു നോക്കേണ്ട ഒന്ന് തന്നെയാണ്. രണ്ടാമൂഴത്തിൽ എം ടി എഴുതി വച്ച സൗന്ദര്യ വർണ്ണനകളാണ് ആത്രേയകത്തിലെ ചില ഭാഗങ്ങൾ വായിക്കുമ്പോൾ എനിക്കോർമ്മ വന്നത്. സ്ത്രീശരീരവും പ്രകൃതിയും തമ്മിൽ ബന്ധപ്പെടുത്തിയ വർണ്ണനകൾ വായിക്കുമ്പോൾ മനസ്സിനു കിട്ടുന്ന ശാന്തമായ ആനന്ദം വേറൊന്നു തന്നെയാണ്.
ഉപസംഹാരം
പണ്ട് മഹാഭാരത കഥകളിൽ അരക്കില്ലം അഗ്നിക്കിരയാക്കിയ ഭാഗം വായിക്കുമ്പോൾ അന്ന് പാണ്ഡവരുടെ അടുക്കൽ ഭിക്ഷയാചിച്ചെത്തിയ കാട്ടുവാസിയായ ഒരു അമ്മയെയും അഞ്ചു മക്കളെയും പറ്റി പറയുന്നുണ്ട്. കഥകളിലൊന്നിലും ഒരു പ്രാധാന്യവും അവരുടെ മരണത്തിനില്ലായിരുന്നു അതെന്തുകൊണ്ടാണങ്ങനെയെന്നു എനിക്ക് സംശയം തോന്നിയിരുന്നു. രാമായണക്കഥകളിൽ ശൂർപ്പണകയോട് ലക്ഷമണൻ പ്രവർത്തിക്കുന്ന അന്യായത്തിനു എന്തെ ഭഗവാൻ കൂട്ടുനിന്നു എന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട്. മനുഷ്യനായി പോലും കണക്കാക്കപ്പെടാത്ത മനുഷ്യരുടെ നോവിനും ത്യാഗത്തിനും അന്നും ഇന്നും വലിയ വിലയൊന്നും ഇല്ലാത്തതുകൊണ്ടാകാം അതെന്നു പിന്നീട് തോന്നി. എന്നാൽ ചരിത്രത്തിൽ പലയിടത്തും അവരുടെ നോവുകളും ഓർമ്മിപ്പിക്കപ്പെടുന്നു എന്നത് സന്തോഷകരമാണ്. ആ ഒരു വീക്ഷണകോണിൽ നിന്ന് കൊണ്ട് കൂടിയാണ് ഈ പുസ്തകം എൻ്റെ പ്രിയപെട്ടതാകുന്നത്. ജീവിതത്തിൽ വായനഒട്ടും ഇല്ല എന്ന് പറയാവുന്ന ചില നാളുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതിനിടയിൽ ഇത്രയും മഹത്തായ ഒരു രചന വായിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി തന്നെ ഞാൻ കാണുന്നു,
ആത്രേയകം വായിക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്ന ചില തുരുത്തുകളുണ്ട്. ഉപേക്ഷിക്കപ്പെട്ട ചിന്തകൾക്ക് മുളച്ചു പൊന്താൻ മാത്രമായുള്ള ചില തുരുത്തുകൾ. ആത്രേയകവും അങ്ങനെയൊരു തുരുത്താണ്. അതിർത്തികളൊന്നും കൃത്യമായി രേഖപ്പെടുത്താതെ ആരെല്ലാമോ എപ്പോഴും വന്നും പോയും ഇരിക്കുന്ന ചില സ്ഥലങ്ങൾ, ഉടമകൾ ഒരുപാടുണ്ടെങ്കിലും ഫലത്തിൽ അനാഥമായ പ്രദേശങ്ങൾ. പലവിധത്തിൽ ഉപേക്ഷിക്കപ്പെട്ട മനുഷ്യ ജന്മങ്ങളുടെ ആശ്രയസ്ഥാനം. ഓർമ്മകൾക്ക് പച്ചമരുന്നുകളുടെ മണവും നിറവുമുള്ള ഒരു വനപ്രദേശം.

Comments
Post a Comment