രണ്ടു ദിവസം മുൻപ് അമ്മയുടെ നാട്ടിലെ പൂരം ആയിരുന്നു. അവിടെ പോയി മാമനുമായി ഞാനും അമ്മയും ചുമ്മാ വർത്താനം പറഞ്ഞിരിക്കുന്നതിന്റെ ഇടയിൽ ആണ് സോക്രടീസ് എന്ന പേര് വർത്തമാനത്തിനു ഇടയിലേക്ക് കടന്നു വന്നത് . അതിലെ പോയ ഒരു വഴിപോക്കന്റെ പേരായിരുന്നു അത് . അവരുടെ സഹോദരന്മാർക്ക് എല്ലാര്ക്കും അങ്ങനെയുള്ള കടിച്ചാൽ പൊട്ടാത്ത പേരുകൾ ആണെന്ന് മാമൻ പറയുകയായിരുന്നു .
"എന്തിനാ അവരുടെ കാര്യം നോക്കണേ മ്മടെ ഏട്ടന്റെ മോന്റെ പേരെന്താ? "പാവേൽ" ന്നല്ലേ ??? അണക്കറിയോടാ എന്താ ആ പേര്ന്ന് ?? "
'അമ്മ എന്നോടാണ് ചോദിക്കണത് . അറിവില്ലായ്മ പുറത്തു കാട്ടാതെ ഞാൻ അമ്മായിയോട് വേറെന്തോ ചോതിച്ചു ഇരുന്നു . അപ്പൊ മാമൻ കുറച്ചു ഗാംഭീര്യത്തോടെ പറഞ്ഞു
"'അമ്മ , മാക്സിം ഗോർക്കിയുടെ അമ്മയിലെ കഥാപാത്രം ആണ് പാവേൽ "
എന്റെ അമ്മ പിന്നേം ആ പാവേലിന്റെ മുഴുവൻ പേര് ഓർമ്മിച്ചു പറഞ്ഞു .. എന്നിട്ട് ഒരു കമ്മന്റും " ഈ മൊബൈൽ കുത്തി ഇരിക്കന്നല്ലാണ്ട് ഇവറ്റോൾക്ക് വല്ല വിവരോം വേണ്ടേ ??"'
കൂടുതൽ ചൂളാൻ നിക്കാതെ അവിടെ നിന്ന് ഞാൻ എണീറ്റ് പോയി .
'"അമ്മ "
മാക്സിം ഗോർക്കിയുടെ '"അമ്മ " പണ്ട് അകത്തെ റാക്ക് വൃത്തിയാക്കുമ്പോൾ കിട്ടിയിരുന്നു ,പുറം ചട്ട പറിഞ്ഞു പോയ ആ നോവൽ. അത് അച്ചന്റെ കുറെ വായിച്ചാ മനസിലാകാത്ത വിപ്ലവ പുസ്തകങ്ങളുടെ കൂട്ടത്തിൽ കിടന്നതായിരുന്നു . സത്യത്തിൽ നമ്മുടെ അച്ഛന്റെയും അമ്മയുടെയും ഒക്കെ ഒരു ജനറേഷനെ വളരെ ആഴത്തിൽ സ്വാധീനിച്ച സൃഷ്ടികൾ ആണ് ഇതെല്ലം എന്നത് ഒരു പോയിന്റിൽ എന്നെ അത്ഭുതപെടുത്തിയിരുന്നു . ഒരു പുസ്തകത്തിലെ കഥാപാത്രത്തിന്റെ പേര് അതും നമുക്ക് ഒന്നും മനസിലാകാത്ത ഒരു റഷ്യൻ പേര് സ്വന്തം കുട്ടിക്ക് ഇടാൻ മാത്രം ഒരു ആത്മബദ്ധം അവർക്കുണ്ടായിരുന്നു എന്നതാണ് വസ്തുത . മാമൻ ആ പേര് പറയുമ്പോഴേ ഒരു ഗൗരവം ഉണ്ടായിരുന്നു . മാക്സിം ഗോർക്കി മാത്രം അല്ല . മാർക്വിസ്നെ നെയും നെരൂദയെയും മാർക്സിനെയും ദെസ്തയോവ്സ്കിയെയും ഇത്രമേൽ സ്നേഹിച്ച ഒരു ജനറേഷൻ ഇനി വരാൻ പോകുന്നൊന്നും ഇല്ല . വലിയാ വിദ്യാഭ്യാസമോ ഉദ്യോഗമോ അവകാശപ്പെടാൻ ഇല്ലെങ്കിലും വായന കൊണ്ട് പ്രബുദ്ധരായ ഒരു തലമുറയുടെ നേരംപോക്കുകളായിരുന്നു ഇവയെല്ലാം ..
ശെരിക്കും പറഞ്ഞാൽ ഇത്രയേറെ പാശ്ചാത്യ രചനകളോടുള്ള ഒരു ഇഷ്ടം തീർച്ചയായും നമ്മുടെ പിൻതലമുറക്കാരുടെ വിപ്ലവ-സ്വാതന്ത്ര്യ ചിന്തകളോടുള്ള അഭിനിവേശത്തിന്റെ ബാക്കി പത്രങ്ങളാണ് . വിപ്ലവത്തിന്റെ രേണുക്കൾ പൊട്ടിവിരിഞ്ഞ പാശ്ചാത്യ രാജ്യങ്ങോളോടുള്ള ആരാധന .ഫിഡലിനേയും ചെഗുവേരയെയും ആവേശത്തോടെ നെഞ്ചിൽ കൊണ്ട് നടന്നിരുന്ന ഒരു തലമുറയുടെ ഇഷ്ടങ്ങളാണ് അത് . വിപ്ലവത്തിന്റെ ഇടിമുഴക്കങ്ങൾക്ക് മുൻപ് ഉണ്ടാവേണ്ടത് വായനയുടെ വസന്തങ്ങളാണെന്ന് അവര് ധരിച്ചിരിക്കണം .
പക്ഷെ അവരുടെ ഇഷ്ടങ്ങൾ ഒക്കെ നമുക്ക് മനസിലാക്കാൻ കുറച്ചു കഷ്ടമാണ് . അമ്മയുടെ അലമാരയിലെ പുസ്തകങ്ങൾ കൂടുതലും നെരൂദയുടെ കഥകളും കവിതകളുമാണ് .ഒക്കെ വിവർത്തനങ്ങൾ ആണ് . അച്ഛന്റെ പുസ്തകങ്ങൾ രാഷ്ട്രീയ ആശയങ്ങൾ മാത്രം ഉള്ള ബോറു വായനകൾ ആണ് . അല്ലെങ്കിൽ അങ്ങനെ ഒക്കെ ആണ് എനിക്ക് തോന്നിയിട്ടുള്ളത് .
ദസ്തയോവ്സ്കിയെ ഞാൻ അറിയുന്നത് പെരുമ്പടത്തിന്റെ ഒരു സങ്കീർത്തനം പോലെ മാത്രം വായിച്ചിട്ടാണ് . മാർക്വിസ് മരിച്ചപ്പോൾ മാത്രമാണ് മാർക്വിസിനെ കുറിച്ച് ഞാൻ വായിച്ചത് .ഏകാന്തതയുടെ 100 വർഷങ്ങളെ കുറിച്ച് കൊറേ കേട്ടിട്ടുണ്ടെങ്കിലും വായിച്ചു തുടങ്ങാൻ ഇത് വരെ പറ്റിയില്ല . പുറം ചട്ട പോയ, പഴയ മഞ്ഞ പേജുകൾ ഉള്ള മാക്സിം ഗോർക്കിയുടെ അമ്മയും ഞാൻ വായിച്ചിട്ടില്ല . നെരൂദയുടെ കവിതകൾ പ്രണയം മൂക്കുന്ന രാത്രികളിൽ ഡയറിയിൽ എഴുതിയും വാട്സ് ആപ്പ് സ്റ്റാറ്റസ് ആക്കിയും മാത്രമുള്ള പരിചയമേ എനിക്കുള്ളൂ . മൂലധനം ഇന്നും വലിയ തടിച്ച ഒരു പുസ്തകം മാത്രമാണ് എനിക്ക് ..ചെ ഗുവേരയുടെ ടി ഷർട്ട് ഇട്ട ഒരു പയ്യനോട് മുന്നറിയിപ്പ് സിനിമയിൽ മമ്മുട്ടി ചോദിക്കുന്നുണ്ട് ഇത് ആരാണ് എന്ന് .. അപ്പൊ ആ പയ്യൻ പറയും " അറിയില്ലേ വല്യ dyfi കാരണാണ് എന്ന് .."പല കാരണങ്ങൾ കൊണ്ടും ആ കുഞ്ഞു പയ്യൻ ആണ് ഞാൻ . ഇല്ലാത്ത പ്രബുദ്ധത ഉണ്ടെന്നു നടിക്കുന്ന ഒരു തലമുറയുടെ ബാക്കി പത്രം .
.ഇന്നൊക്കെ ഇടുന്ന വസ്ത്രങ്ങളുടെയും ഉപയോഗിക്കുന്ന ഫോണിന്റെയും ബ്രാൻഡുകളാണ് സ്റ്റാറ്റസ് സിംബലുകൾ . പണ്ട് ആഴത്തിലുള്ള വായനകൾ കൊണ്ട് ആർജിക്കുന്ന പ്രബുദ്ധതയായിരുന്നു ഒരു സ്റ്റാറ്റസ് സിംബൽ . ആ ഒരു കാലഘട്ടത്തിൽ നിന്ന് നമ്മളെന്തോരം മുന്നോട്ടോ പിന്നോട്ടോ പോയി അല്ലെ ?
അന്നൊക്കെ പ്രബുദ്ധത വളരുകയായിരുന്നു എങ്കിൽ ഇന്ന് അത് ചുരുങ്ങുകയാണ് . ആളുകൾ കൂടുതലും സങ്കുചിത ചിന്താഗതിയിലേക്ക് വന്നിരിക്കുന്നു . ആളുകൾ എന്ന് പറയുമ്പോ പേടിക്കേണ്ട ഞാനും നീയും ഒക്കെ വരും .ഈ സൈബർ സ്പേസിലൊക്കെ കാണുന്നതും ഇല്ലാത്ത ഈ പ്രബുദ്ധത ഉണ്ടെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആണല്ലോ ... നമ്മുടെ തൊട്ടു മുകളിലെ തലമുറ ആളുകൾക്ക് ഈ നവമാധ്യമങ്ങളിൽ കയറാനുള്ള ഒരു വിമുഖത കൊണ്ട് മാത്രം ആളില്ലാ പോസ്റ്റിൽ ഗോൾ സ്കോർ ചെയ്യുന്ന മികച്ച കളിക്കാരാണ് നമ്മളെല്ലാം ..
പണ്ടൊക്കെ ബുദ്ധിജീവികൾക്ക് പ്രതികരണത്തിന് പരിധികൾ ഉണ്ടായിരുന്നെങ്കിൽ ഇന്നങ്ങനെ അല്ല ഈ സൈബർ സ്പേസ് എന്ന് പറയുന്നത് അവരുടെ മാത്രം തട്ടകമാണ് . ഈ തട്ടകത്തിൽ ആരെയും പേടിക്കാതെ എന്ത് രാഷ്ട്രീയ നിരീക്ഷണവും അരാഷ്ട്രീയതെയുടെയും മുട്ടാപോക്ക് വിധി ന്യായങ്ങളുടെയും ബലത്തിൽ വച്ച് കാച്ചാം . പറയുന്ന കാര്യങ്ങൾക്ക് യാധൊരു വിധ ആധികാരികതയും വേണമെന്നില്ല എന്നതാണ് ഇ ഓൺലൈൻ സ്പേസിന്റെ ഗുണം .. പറയുന്ന കാര്യങ്ങൾ ഖണ്ഡിക്കാൻ മാത്രം വിവരം ഉള്ളവർ ഒരിക്കലും വിഡികൾക്ക് കാതോർക്കില്ലല്ലോ എന്നതാണ് നമ്മുടെ ന്യൂ ജിൻേറഷൻ ബുദ്ധിജീവികളുടെ ഏറ്റവും വലിയ ധൈര്യം .. അതിനോടൊപ്പം ബുദ്ധിജീവിയാവാൻ നടക്കുന്ന കൊറേ എണ്ണം ഫോള്ളോവെർസ് എന്ന പേരിൽ ഉണ്ടെങ്കിലോ ?പിന്നെ പറയുകയും വേണ്ട ... ഗുരു പറയുന്ന കാര്യങ്ങൾക്ക് ശുദ്ധ പൊട്ടത്തരം ആണാണെകിൽ കൂടി അതിനെല്ലാം തന്റേതായ ചില വ്യാഖ്യാനങ്ങൾ കൂട്ടി പടച്ചു വിട്ടു അസിസ്റ്റന്റ് ബുദ്ധിജീവിയാവാൻ കഷ്ടപ്പെടുന്ന ശുദ്ധാത്മാക്കളാണവർ
നമ്മുടെ മലയാളികളുടെ ഒരു ഗുണം എന്താ എന്ന് വച്ചാൽ അത് ഒരു തരം രാഷ്ട്രീയ പ്രബുദ്ധതയാണ് . കേരള രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും കഴിഞ്ഞു ആഗോള സംഭവങ്ങൾ വരെ ആധികാരികതയോടെ ഒരു ചായ കടയിലോ കല്യാണ വീട്ടിലോ മരിച്ച വീട്ടിൽ ഇരുന്നോ വരെ നമ്മൾ ചർച്ച ചെയ്യും . നമ്മുടെ ഒരു ജീവിത രീതിയുടെ ഭാഗം തന്നെയാണ് ഈ സംഭവങ്ങൾ . സമരങ്ങളുടെ നാടെന്നു വിളിപ്പേരുണ്ടെകിലും അരാഷ്ട്രീയത നമ്മൾ വച്ച് പുലർത്താറില്ല .
എന്നാൽ ആ ഒരു ഗുണവും കൂടി ഇന്ന് നമ്മൾക്ക് കൈമോശം വന്നു കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടി വരും . ഇന്ന് ഒരൊറ്റ രാഷ്ട്രീയ സംഹിത എന്ന ചുരുങ്ങിയ പരിത സ്ഥിതികളിൽ നിന്ന് പല രാഷ്ട്രീയ തത്വ സംഹിതകളിലേക്കും ഇതെല്ലം കൂട്ടിക്കുഴച്ചുണ്ടാക്കിയ ചില ഉട്ടോപ്പിയൻ കാല്പനികതകളിലേക്കും പിന്നീട് അതും കടന്നു രാഷ്ട്രീയവും തത്വ സംഹിതകളും സ്ഥായിയായ പുച്ഛത്തോടെ മാത്രം നോക്കി കാണുന്ന ദി സോ കോൾഡ് അരാഷ്ട്രീയത്തിലേക്കും വഴിമാറി നടന്ന ബുദ്ധിജീവികളാണ് ഇന്ന് താരങ്ങൾ .
ഇതൊക്കെ ഒരു നഷ്ടമാണോ, മൂല്യ ച്യുതിയാണോ എന്നൊക്കെ ചോദിച്ചാൽ എനിക്കറിയില്ല ചിലപ്പോൾ ആയിരിക്കും. ചിലപ്പോൾ അല്ലായിരിക്കാം . പലപ്പോഴും പറയുന്ന പോലെ ഒരു കാലഘട്ടം ആവശ്യപ്പെടുന്ന കാര്യങ്ങൾ മാത്രമാണ് മനുഷ്യനു എന്നും ചിന്തിക്കാൻ കഴിഞ്ഞിട്ടുള്ളു . കേവലം 20 വര്ഷം വ്യത്യാസം ഉള്ള തലമുറകൾ തമ്മിൽ അറിവിന്റെ വലിയ വ്യത്യാസങ്ങൾ നിലനിൽക്കുന്ന സ്ഥിതിക്ക് വരുന്ന കാലം ചിലപ്പോൾ ഇതിലും വ്യത്യസം ആയിരിക്കും .
വായിക്കുന്ന ജനതയാണ് എന്നും ഒരു തലമുറയുടെ ഗതി നിശ്ചയിച്ചിട്ടുള്ളത് . ഒരു വഴികാട്ടിയെ പോലെ വിമർശകനെ പോലെ നിൽക്കേണ്ട സാംസ്‌കാരിക നായകന്മാരുടെ കാലഘട്ടം അഴീക്കോട് മാഷിന്റെ ഒപ്പം അവസാനിചിരിക്കാം ചിലപ്പോൾ . ഇനിയുള്ള കാലം മതം ജാതി വർണ്ണം എന്ന അടയാളങ്ങൾ ആയിരിക്കാം നമ്മുടെ തലയ്ക്കു മുകളിൽ വാഴാൻ പോകുന്നത് . അപ്പോഴും നമ്മൾ നമുക്ക് താഴെയുള്ള ഒരു തലമുറയോട് പറഞ്ഞു കൊണ്ടേ ഇരിക്കും കഴിഞ്ഞു പോയ കാലങ്ങളെ കുറിച്ച് . കുറച്ചു ഒരു അകലത്തിൽ നിന്ന് നോക്കുമ്പോൾ വ്യക്തവും സുന്ദരവുമായ ഒരു ഭൂതകാലത്തെ കുറിച്ച് . കാലം ഒരു തരത്തിൽ പറഞ്ഞാൽ ചാക്രികമാണ് . തിരിഞ്ഞു തിരിഞ്ഞു അത് തുടങ്ങിയിടത്തു തന്നെ വന്നു നില്കും ..

Comments
Post a Comment