ഏറ്റവും ഇഷ്ടമുള്ള സിനിമ ഏതാന്ന് ആരേലും ചോയിച്ചാ പെട്ടന്നൊന്നും അങ്ങനെ ഉത്തരം പറയാൻ പറ്റൂല.
പണ്ട് ഭയങ്കര ഇഷ്ടാണ് എന്ന് പറഞ്ഞ പല സിനിമകളും പിന്നെ പിന്നെ അത്ര ഭയങ്കരമൊന്നുമല്ലാണ്ടായി. ചിലത് ചിലപ്പോ ഇഷ്ടായിരിക്കും മറ്റു ചിലപ്പോ ഇഷ്ടല്ലാണ്ടാവും. അങ്ങനെ ഇഷ്ടാനിഷ്ഠങ്ങൾ ഒരു റബ്ബർ പന്ത് പോലെ തുള്ളി കളിക്കുമ്പോഴാണ് കയ്യൊപ്പ് കാണുന്നത്.. സിനിമ ഇറങ്ങി ഒന്നോ രണ്ടോ വർഷം കഴിഞ്ഞാണ് അത് കാണുന്നത്.. കണ്ടു കഴിഞ്ഞപ്പോ എന്താ പറയ്യാ? പെട്ടന്ന് എല്ലാം ശൂന്യമായ പോലെ.. പിന്നെ ഒന്നൂടെ കാണാൻ തോന്നി.. ഓരോ ഭാഗങ്ങൾ എടുത്ത് എടുത്ത് കണ്ടു.. അങ്ങനെ ഇപ്പോ എത്ര പ്രാവശ്യം കണ്ടു എന്ന് വല്യ പിടി ഇല്ലാണ്ടായി..
അത്രക്ക് മനോഹരമാണ് ആ സിനിമ.. സുഗമമായി ഒഴുകുന്ന ഒരു പുഴ പോലെ.,ഒരു കവിത പോലെ മനോഹരം.. പ്രണയം പ്രായഭേദങ്ങൾക്ക് അന്യമായ ഒരു വികാരമാണ്..
വളരെ തീവ്രമായ ഒരുപാട് വികാരങ്ങളെ ആ സിനിമയിൽ ഉൾക്കൊള്ളിക്കുന്നുണ്ട്.. വളരെ ഗൗരവമുള്ള ഒരു പ്രമേയത്തിലേക്കാണ് സിനിമ വിരൽ ചൂണ്ടുന്നത്.. സിനിമ കഴിയുമ്പോ ഉണ്ടാവുന്ന ആ ശൂന്യത തന്നെയാണ് ആ പ്രമേയത്തെ കുറിച്ചു ചിന്തിപിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്.. അല്ലെങ്കിൽ നമ്മളെ ചിന്തിപ്പിക്കാൻ വേണ്ടി മനപ്പൂർവ്വം ഒരു ശൂന്യത ഉണ്ടാക്കിയതായിരിക്കാം.
പക്ഷെ എനിക്ക് ആ സീരിയസ് പ്രമേയത്തിലേക്കൊന്നും പോവേണ്ട.. എനിക്ക് അതിന് മുൻപ് വരെയുള്ള
ഒഴിക്കിനൊപ്പം ഒന്നൊഴുകി പോയാ മതി.. സിനിമ തുടങ്ങുമ്പോൾ തന്നെ പാമുക്കിന്റെ ഒരു വാചകം പറയുന്നുണ്ട്.
After all ,
Nothing can be as astounding as life. Except for writing. Yes, except for writing ,yes of course, except for writing, the sole consolation.
അസാമാന്യ പ്രതിഭയും മനുഷ്യ സ്നേഹിയുമായ ബാലചന്ദ്രൻ എന്ന യുവ എഴുത്തുകാരൻ എഴുതുന്ന നോവലാണ് കഥയുടെ പ്രമേയം.. ആ പ്രയാണത്തിന് ഇടക്ക് എഴുത്ത് മുറിഞ്ഞു പോകുന്നു.. ആ മുറിഞ്ഞു കിടക്കുന്നിടത്താണ് കഥയുടെ ആരംഭം. ജീവിത യവ്വനത്തിൽ പലകാരണങ്ങൾ കൊണ്ടും നഷ്ടപ്പെട്ടു പോകുന്ന പത്മ ആ ജീവിതത്തിലേക്ക് ഒരു ഫോൺ സന്ദേശമായി തിരിച്ചെത്തുകയാണ്..
അവരുടെ പരസ്പരമുള്ള ഫോൺ വിളികളിൽ പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളു.
"പ്രണയമായിരുന്നോ അവരോട് ? എന്ന ചോദ്യം ബാലചന്ദ്രനോട് ചോദിക്കുമ്പോ അയാൾ ആദ്യം ഒന്ന് ചിന്തിച്ചു പിന്നെ പറയുന്നുണ്ട്
"പ്രണയം.....
ഇഷ്ടമായിരുന്നു.. അടുത്ത സൗഹൃദം.. "
വളരെ റിയലിസ്റ്റിക് ആണ് ആ ബന്ധം ..
അയാൾ ഫോൺ സംഭാഷണങ്ങൾ ആരംഭിക്കുന്നതും നിർത്തുന്നതും എല്ലാം എനിക്ക് എന്തോ വല്യ ഇഷ്ടമാണ്..
സിനിമയിൽ ഒരിടത്തു ഒരു സംഭാഷണം അവസാനിക്കുന്നിടത്തു ഒരു പാട്ടു ഉയരുന്നുണ്ട്..
"ജൽത്തിഹേ ജിസ്കെലിയേ .. എന്ന് തുടങ്ങുന്ന ആ പഴയ ഹിന്ദി പാട്ടിന് എന്തോ ഒരു പ്രത്യേക അനുഭൂതയുണ്ട്.
ബാലചന്ദ്രൻ എഴുതിയ ഒരു നാലുവരി പത്മ പറയുന്നുണ്ട്..
"നമ്മൾ ബലിമൃഗങ്ങൾക്ക് അവർ
അവസാന അത്താഴം വിളമ്പുന്നു..
രാവ് മായുമ്പോൾ
കൊലക്കത്തിയുടെ മൂർച്ചയിൽ സൂര്യതാപം ജ്വലിക്കുമ്പോൾ
പിടഞ്ഞു ചാവാൻ നമ്മളുണ്ടാവരുത്.....
എന്റെ പ്രണയമേ ,
നമുക്കീ ഇരുൾമറയിൽ
പരസ്പരം കൊമ്പു കുത്തി ചാവാം..
കവിതകൾക്കൊണ്ടു സിനിമ നിറക്കുകയും ആ സിനിമ തന്നെ വലിയൊരു കവിതയായി മാറുകയുമാണ് കയ്യൊപ്പ്..
ബാലചന്ദ്രനെ അനുകരിക്കാൻ വിഫലമായ പല ശ്രമങ്ങളും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് ..
സംസാരത്തിൽ പലപ്പോഴും ആ രീതി കൊണ്ട് വരാൻ നോക്കിയിട്ടുണ്ട് .
ഫോൺ വിളിച്ചു വിശേഷങ്ങൾ തിരക്കുമ്പോ .. എന്ത് സംഭവിക്കുന്നു അവിടെ എന്ന് ചോദിച്ചിട്ടുണ്ട് .. ആരെങ്കിലും എന്താ ഇപ്പോ മദ്യപിക്കാത്തത് എന്ന ചോദ്യം ചോദിക്കുകയാണെങ്കിൽ അയാൾ പറഞ്ഞ പോലെ
"മദ്യം ഒരു ഫേക്ക് റിയാലിറ്റി തീർക്കുകയാണ് എന്ന ബോധം വന്നപ്പോ നിർത്തി" എന്ന് മറുപടി പറയണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്.
"ഞാനീ വളച്ചാക്കുകൾക്കിടയിലും മുരടിക്കുന്ന ഒരു സത്യമാണ്" എന്നാ അയാളുടെ പ്രയോഗം പലപ്പോഴും വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയിട്ടുണ്ട്.
അത്രത്തോളം എനിക്ക് ആ കഥാപാത്രം ഇഷ്ടമായിരുന്നു..
ഇപ്പോളും ഇഷ്ടമാണ്..
ആ സിനിമയിൽ അസാമാന്യമായി ഒന്നും തന്നെയില്ല .. പാട്ടിന് പശ്ചാത്തല സംഗീതം പോലും ഇല്ല. അമനുഷികരായ നായകനില്ല.
മെലിഞ്ഞു സുന്ദരിയായ നായികയില്ല.
പക്ഷെ എന്നിട്ടും അത്രമേൽ സുന്ദരമാണ് എല്ലാം..
ആ സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിയണം എന്ന് മാത്രം..
ഒരുപാട് പുസ്തകങ്ങൾ വായിക്കണം പുസ്തകങ്ങൾ അയാളുടെ മുറിയിലെ പോലെ അട്ടിയായി വക്കണം എന്നൊക്കെ പലപ്പോഴും തോന്നാറുണ്ട്..
ഒരു കയ്യൊപ്പോട് കൂടിയാണ് ആ സിനിമ അവസാനിക്കുന്നത്.. നേരത്തെ പറഞ്ഞപോലെ അവസാനം ഒരു ശൂന്യതയാണ്.. ആ ശൂന്യതയിൽ നിന്നാണ് ചിത്രത്തിന്റെ പ്രമേയം വ്യക്തമാകുന്നത്.
ആദ്യമൊക്കേ തോന്നി എന്തിനാ ഇങ്ങനെ ഒരു അന്ത്യം എന്ന്.. ദൈവത്തിന്റെ വികൃതികൾ വായിച്ചു കഴിഞ്ഞപ്പോ തോന്നിയ അതെ തോന്നൽ.. പിന്നെ പിന്നെ തോന്നി അങ്ങനെ ഒരു അന്ത്യം തന്നെ അല്ലെ നമ്മളെ ഇങ്ങനെ ഒക്കെ ചിന്തിപ്പിക്കൂ എന്ന്..
പലതരം ശരികളിൽ മനുഷ്യന്റെ വേദന ആരെങ്കിലും കാണുന്നുണ്ടാവുമോ അല്ലെ.. ?? പല തരം നീതികളിൽ
അവന്റെ നഷ്ടങ്ങൾ നികത്തപെടുന്നുണ്ടാവുമോ അല്ലെ... ??
After all ,
Nothing can be as astounding as life. Except for writing. Yes, except for writing ,yes of course, except for writing, the sole consolation.
പ്രസാധകനായ ഷെൽവിയെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ഇതിലെ മുകേഷ് അവതരിപ്പിച്ച ശിവദാസനെയാണ് കൺമുന്നിൽ കാണുന്നത്.ബാലചന്ദ്രന്റ കവിത ഷെൽവിയുടെ കവിത പോലെയാണെന്നും തോന്നിയിട്ടുണ്ട്.
ReplyDelete❤️
Delete