കണ്ണൊന്നു അമർത്തി ചിമ്മിയാൽ എത്ര ദൂരത്തേക്കും നമ്മക്ക് പോവാൻ പറ്റും.. അങ്ങനെ പലപ്പോഴും ചിമ്മുംബൊ എത്തുന്നത് ഒരു നിബിഡവനത്തിലാണ്.
വെയിലിന്റെ അണു പോലും ഇല്ലാത്ത ,
ചീവീടുകൾ മാത്രം കരയുന്ന കൊടിയ വനത്തിൽ..
ഒഴുകുന്ന അരുവിയും അരുവി ചെന്ന് വീഴുന്ന വെള്ള ചാട്ടവും ..
അവടെ എത്തേണ്ട താമസം പിന്നെ എന്തൊക്കെയോ ചെയ്യാനുള്ള തത്രപ്പാടുകളാണ്..
പാതി വെള്ളത്തിൽ നിലയുറപ്പിച്ച പാറകളിൽ ഇരിക്കണം.. കാലു രണ്ടും വെള്ളത്തിൽ ഇടണം.. കാലിലെ വ്രണങ്ങൾ കൊത്തി പറിക്കാൻ കുഞ്ഞു കുഞ്ഞു പൊടി മീനുകൾ വരണം.. ആഹ് അവയെല്ലാം കൂടി കാലിൽ നുള്ളുമ്പോ കരളിലൊക്കെ ഉമ്മ വയ്ക്കുന്ന സുഖമായിരിക്കും..
ഇടക്ക് അട്ടകൾ കാലിൽ കടിക്കും..
കടിക്കട്ടെ ..... ദുഷിച്ച രക്തമെല്ലാം പോട്ടെ ..
ഇരുട്ടായാൽ പിന്നെ രാത്രിയുടെ മൂകതകളുടെ അർഥം കണ്ടുപിടിക്കണം.. നിലാവുകളിൽ പുല്മേടുകളിൽ നീണ്ടു കിടക്കുന്ന കോടമഞ്ഞ് കാണാം.. ആ നിശ്ശബദ്ധത പേടിപ്പെടുത്തുന്ന ഒന്നാണ്.. മൂങ്ങകളും കാലൻ കോഴികളും മുരളും,,, കാതോർക്കുന്തോറും കൂടി കൂടി വരും എല്ലാ ഒച്ചകളും..
എന്റെ ആത്മാവിനെ തുറന്ന് വിടാൻ ഇതിലും നല്ല സ്ഥലമുണ്ടോ ? ഉണ്ടാവില്ല.. കൂട്ടിലിട്ട് വളർത്തുന്ന പക്ഷിയാണ് ആത്മാവ്.. എന്നെകിലും ഒരു പഴുത് കണ്ടാൽ പറന്നകലും..
ഏകാന്തത എന്നൊക്കെ പറഞ്ഞാൽ പോര .. ഏകാന്തതയുടെ അങ്ങേ അറ്റമായിരിക്കും അപ്പോൾ.. പക്ഷെ അതൊക്കെ എപ്പോഴേ ഞാൻ ഇഷ്ടപെട്ട് തുടങ്ങിയിരിക്കും....
ഏകാന്തതയിലാണ് ആത്മാവുമായി ഏറ്റവും സംവാദം നടക്കുന്നത്.. അല്ലാത്തപ്പോൾ അതൊക്കെ ജീവനില്ലാത്ത ശിലകൾ പോലെയാണ്.
മഴ നിൽക്കാത്ത മഹാ കാടുകളുണ്ട്.. അങ്ങനെ മഴ പെയ്യുമ്പോ കൽഗുഹകളിൽ ഒളിക്കണം.. തീ കായണം.. മാംസം വേവിച്ചു തിന്നണം..
എന്നിട്ട് നീട്ടിയൊരു ഉറക്കം ഉറങ്ങണം. എണീക്കണം എന്ന് യാതൊരു നിർബന്ധവും ഇല്ല. പുറത്ത് ലോകം മുഴുവൻ എന്തിനോ വേണ്ടി ഓടി തളർന്നു മരിക്കുമ്പോൾ.. ഞാൻ ഇവിടെ ഒരു മുല്ല വള്ളിയായി പടർന്നു പിടിക്കും.. പ്രണയ വസന്തങ്ങളിൽ ഏറ്റവും വശ്യതയുള്ള പൂക്കളാൽ പൂത്തു തളിർക്കുന്ന ഒരു മനോഹാരിതയായി മാറണം..
ഋതുക്കളോരോന്നിലും മൃദുല ചുംബനങ്ങൾ നൽകി കൊണ്ട് നിശ്ശബ്ദയായി ഇങ്ങനെ നിൽക്കണം...
കാട് ഒരു വികാരമാണ്...
Comments
Post a Comment