Skip to main content

യാത്രാ വിവരണം - കൊല്ലൂർ - കുടജാദ്രി യാത്ര


“........... ഭാരതഭൂമി തെക്ക് കന്യാകുമാരി തൊട്ട് വടക്കു ഹിമാലയം വരെ വർഷങ്ങൾ നീണ്ട ദേശാടനം, അതിൽ എണ്ണിയാലൊടുങ്ങാത്ത സംവാദങ്ങൾ.. അതെല്ലാം ജയിച്ചു ഒരു വിജ്ഞാനദാഹിക്കെത്താൻ പറ്റുന്ന ഏറ്റവും വലിയ സ്ഥാനമായ സർവ്വജ്ഞ പീഠം കയറാൻ തയ്യാറായി പോകുന്ന ശ്രീ ശങ്കരാചര്യർ… അയാൾക്ക് കുറുകെ ചണ്ഡാല വേഷം അണിഞ്ഞു എതിര് വരുന്ന ശ്രീ പരമേശ്വരൻ.. അവര് തമ്മിലുള്ള സംഭാഷണം - സംവാദങ്ങൾ….” 



ചെറുപ്പത്തിൽ ഞാൻ വായിച്ചു പഠിച്ച ഒരു കഥയാണിത്. കൃത്യതയോ പൂർണ്ണതയോ ഇല്ലാതെ ഓർമ്മകളിൽ ചിലയിടത്തെല്ലാം ഈ കഥ ഇപ്പഴുമുണ്ട്. സർവ്വജ്ഞപീഠമായി മഞ്ഞു നിറഞ്ഞ ഉയരം കൂടിയ ഒരു സ്ഥലത്തിൻ്റെ ചിത്രവും  അതുപോലെ ശങ്കരന് എതിരെ നിന്ന് സംസാരിക്കുന്ന ചണ്ഡാളൻ്റെ രൂപവും ഓർമ്മയിലുണ്ട്.  സർവ്വജ്ഞ പീഠം ഹിമാലയത്തിൽ ആണെന്ന് വിശ്വാസിക്കുന്ന ഒരുപാട് പേരുണ്ട്, എന്നാൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു സമീപം കൊടജാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന സർവ്വജ്ഞ പീഠം കാണാൻ പോയ കഥയാണിത്.  


മൂകാംബിക - കുടജാദ്രി പോകണം എന്നുള്ള ആഗ്രഹാം ബി ടെക്ക് പഠിക്കുന്ന  സമയം തൊട്ടേ മനസിലുള്ളതാണ്. പരിചയമുള്ള ചിലര് പോയി വന്നു പറഞ്ഞു കേട്ട കഥകളും പലയിടത്തു ഇത് പോലെ വായിച്ചറിഞ്ഞതും കൂടി ആ ആഗ്രഹമിങ്ങനെ വലുതായി കൊണ്ടിരുന്നു. പറയാൻ മാത്രമുള്ള തിരക്കുകൾ ഒന്നുമില്ലെങ്കിലും അലസത ഒരു വില്ലനായി എതിര് നിന്നു, അങ്ങനെയിരിക്കെയാണ് വീണു കിട്ടിയ ഒരു 4 ദിവസത്തെ അവധിയിൽ രണ്ടു ദിവസം കൊല്ലൂർക്കു പോകാം എന്ന് തീരുമാനിക്കുന്നത്. 


ബസ്സ് യാത്ര 


ഒരു മാസം മുൻപ് നോക്കിയപ്പോൾ തന്നെ ട്രെയിൻ ടിക്കറ്റ് ഒന്നും കിട്ടാൻ ഇല്ല. പിന്നെ KSRTC ബസ്സിൽ ഓൺലൈനായി ടിക്കറ്റ് ബുക് ചെയ്തു. ഒരു വെള്ളിയാഴ്ച്ച ജോലി കഴിഞ്ഞു നേരെ കോഴിക്കോട്ടേക്ക് വച്ച് പിടിച്ചു അവിടെ നിന്നും കോമ്റേഡ്  രോഹിനെയും കൂട്ടിയാണ് ബാക്കി യാത്ര. ബസ്സ്  വരേണ്ട സമയം രാത്രി 11 30 യാണ്. 12 ആയിട്ടും ബസ് കാണാതെ ആയപ്പോൾ ടിക്കറ്റിൽ തന്നിട്ടുള്ള നമ്പറിൽ വിളിച്ചു നോക്കി,  തിരുവനന്തപുരത്തു നിന്ന് വരുന്ന ബസ്സ് ആണെന്നും നല്ല ട്രാഫിക് ഉള്ളത് കാരണം 2  മണിക്കൂറോളം വൈകുമെന്നും മറുപടി കിട്ടി. രാത്രി 12 മണിക്ക് അത്തരമൊരു മറുപടി ചില്ലറ നിരാശയൊന്നും അല്ല ഞങ്ങൾക്ക് തന്നത്.


സാമാന്യം പുതിയ കെട്ടിടമാണെങ്കിലും, സൗകര്യമില്ലായ്മയിലും ശുഷ്കമായ ഓപ്പറേഷണൽ പ്ലാനിങ്കിലും ശ്വാസം മുട്ടുന്ന ഒരു സംരഭമാണ്  കോഴിക്കോട്ടെ  KSRTC സ്റ്റാൻഡ്. ഒരു ചായ കുടിക്കണമെങ്കിൽ പോലും  ഒരു നില കയറി മുകളിൽ പോണം.കൊമേർഷ്യൽ സ്പേസ് ഒന്നും ഉപയോഗിച്ചിട്ടില്ല.  യാത്രപോകുന്നവർക്ക് വേണ്ടി ഉണ്ടാക്കിയ കെട്ടിടമാണെന്നു ആരും പറയില്ല. ശുചി മുറികൾ എല്ലാം വൃത്തിഹീനമാണ്. തൃശൂർ ഉള്ള പഴയ KSRTC സ്റ്റാൻഡ് ഇതിലും എത്രയോ  മെച്ചമാണെന്നു തോന്നിപോയി. രാത്രി  ആ സമയത്തും സ്റ്റാൻഡിൽ നിറയെ യാത്രക്കാരുണ്ട്. അന്യസംസ്ഥാന യാത്രക്കാർ ഒരുപാട് പേര് പ്ലാറ്റഫോമിൽ തന്നെ കിടന്നു ഉറങ്ങുന്നുണ്ട്. അങ്ങനെ കാത്തു കാത്തു നിന്ന് അവസാനം രാത്രി 2 30 യോട് കൂടി ബസ് വന്നു . AC സ്‌കാനിയ സെമി സ്ലീപ്പർ ബസ് ആണ്. ടിക്കറ്റ് പരിശോധന കഴിഞ്ഞു കയറി. രാവിലെ 7 മണിക്ക് കൊല്ലൂർ എത്തും എന്നാണ് ടിക്കറ്റിൽ, പക്ഷെ  ഇപ്പോഴെ 3 മണിക്കൂറിൽ അതികം വൈകിയ കാരണം എത്തുബോൾ എന്തായാലും 11 മണിയാകുമെന്ന് ഞങ്ങൾ വിചാരിച്ചു. ആ നിരാശയോടെ കിടന്നു ക്ഷീണം കൊണ്ട് പെട്ടന്ന് തന്നെ ഉറങ്ങി. ഒന്ന് എണീറ്റ് നോക്കുമ്പോൾ സമയം പുലർച്ചെ 5 30 കഴിഞ്ഞു വണ്ടി കാസര്ഗോഡ് സ്റ്റാൻഡിൽ എത്തി.  അവിടെ 15 മിനിറ്റ് സ്റ്റോപ്പ് ഉണ്ട്. കോഴിക്കോട് സ്റ്റാൻഡ് പോലെ ഒന്നും അല്ല ചെറുതാണെങ്കിലും വളരെ വൃത്തിയുള്ള ശുചിമുറികൾ ഉള്ള നല്ലൊരു കെട്ടിടം. അവിടെ നിന്ന് ബസ്സ്‌ എടുത്തു അതികം വൈകാതെ മംഗലാപുരം എത്തി പിന്നെ 8 30 യോട് കൂടി കൊല്ലൂരും. 11 മണിക്ക് എത്തും എന്ന് കരുതി ഇരുന്ന നമ്മൾ 8 30 ക്ക് തന്നെ KSRTC ഓടി എത്തിച്ചു. ബസ് വൈകിയതൊഴിച്ചാൽ യാത്രയെല്ലാം വളരെ സുഖകരമായിരുന്നു. റോഡിലെ ബഹളങ്ങളും കുലുക്കങ്ങളും ഒന്നും തന്നെ അറിഞ്ഞില്ല. 


കൊല്ലൂർ - മൂകാംബിക ക്ഷേത്രം 


കൊല്ലൂർ ബസ് ഇറങ്ങിയിടത്തു നിന്നു ഏകദേശം ഒരു 100 മീറ്റർ മാറിയാണ് മൂകാംബിക ക്ഷേത്രം. രാവിലെ 6 മുതൽ ഉച്ച വരെ ഉപയോഗിക്കാവുന്ന ഡേ റൂമുകൾ ഇവിടത്തെ ഹോട്ടലുകളുടെ പ്രത്യേകതയാണ്. അങ്ങനെ ഒരു റൂം നമ്മൾ ആദ്യമേ ബുക്ക് ചെയ്തിരുന്നു. അവിടെ വന്നു കുളിച്ചു നേരെ ക്ഷേത്ര ദർശനത്തിനായി ഇറങ്ങി. 


കർണാടക സംസ്ഥാനം ആയിരുന്നിട്ടു കൂടി അവിടെ മലയാളി ഭക്തരാണധികവും. അവിടെ ഉള്ളവർ കൂടി നമ്മളോട് മലയാളത്തിൽ ആണ് സംസാരിക്കുന്നത്. കേരളത്തിന് പുറത്തു സംസാരിക്കാൻ തട്ടികൂട്ടു ഹിന്ദിയും വളരെ മോശം തമിഴും മാത്രം കൈവശമുള്ള എനിക്ക് ഇതൊരു അനുഗ്രഹമായിരുന്നു. വർക്കിംഗ് ഡേ ആയതു കൊണ്ട് അന്നെന്നു തോന്നുന്നു ക്ഷേത്രത്തിനകത്തു തിരക്ക് വളരെ കുറവാണ്.

തണുത്ത കാലാവസ്ഥ ആണെങ്കിലും വെയിലിനു നല്ല ചൂടുണ്ട്. അമ്പലത്തിനു അകവും പുറവും എല്ലാം വളരെ ഓർഗനൈസ്ഡ് ആണ്. കേരളത്തിലെ അമ്പലങ്ങളിലെ പോലെ ദൈവത്തെക്കാൾ വലിയ കേമന്മാരെന്നു നടിക്കുന്ന പാറാവുകാരൊന്നും ഇവിടെയില്ലെന്നു തോന്നുന്നു. 


നവരാത്രി ആഘോഷങ്ങളാണ് ഇവിടത്തെ പ്രധാനം. ആ സമയത്തു രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇങ്ങോട്ട് ഭക്തജന പ്രവാഹമുണ്ടാവാറുണ്ട്.  രോഹിന് ഈ ക്ഷേത്രത്തിനോടും മറ്റും ഒരു പ്രത്യേക ആത്മബന്ധമുണ്ട്. അവൻ്റെ എഴുത്തിനിരുത്തലും  മറ്റു ചടങ്ങുകളുമെല്ലാം ഇവിടെ വച്ചായിരുന്നു. ഇങ്ങോട്ടുള്ള റോഡുകൾ ഒന്നും അത്ര മെച്ചമല്ലാതിരുന്ന ഒരു സമയത്തു മുത്തശ്ശനോടൊപ്പം കൊല്ലൂർ വന്ന ഓർമ്മകളെല്ലാം രോഹിൻ ഓരോ മിനിട്ടിലും പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അമ്പലത്തിൻ്റെ മൊത്തത്തിൽ ഉള്ള രൂപവും ഭംഗിയുമെല്ലാം നമ്മളുടേതിന് വ്യത്യസ്തമാണ്. തണുത്ത അന്തരീക്ഷ്ത്തിൽ അതികം തിരക്കില്ലാത്തൊരു തൊഴൽ മനസിന് ഒരു സമാധാനമാണ്.


ദക്ഷിണേന്ത്യയിലെ ദേവി പ്രതിഷ്ഠകൾക്ക് പല ഭാവമാണ്.  ഇവിടത്തേതിന്  കലയുടെയും വിദ്യാഭ്യാസത്തിന്റെയും ഐശ്വര്യത്തിന്റെയും മുഖമാണ്. ക്ഷേത്രത്തിനോട് ചേർന്ന സരസ്വതി മണ്ഡപത്തിൽ നവരാത്രിക്കും മറ്റും രാജ്യത്തെ തന്നെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാരുടെയും കലാകാരികളുടെയും പരിപാടികൾ ഉണ്ടാവാറുണ്ട് . ക്ഷേത്രത്തിനു അകത്തു കൗതുകമുണർത്തുന്ന ഒരു വലിയ രഥമുണ്ട്. ഇവിടെ പ്രസാദമായി വലിയ രണ്ടു ലഡ്ഡുവും തീർത്ഥവും എല്ലാം നല്ല പാക്കേജുകളിൽ ആയി ലഭിക്കും. സമീപം അന്നദാനവുമുണ്ട്.  അമ്പലത്തിൽ നിന്നിറങ്ങി പ്രഭാത ഭക്ഷണം കഴിച്ച ശേഷം കഴിഞ്ഞ ദിവസം രാത്രിയിലെ ക്ഷീണമെല്ലാം വൈകുന്നേരം വരെ ഞങ്ങൾ ഉറങ്ങി തീർത്തു.


വൈകുന്നേരം എണീറ്റ ശേഷം അമ്പലത്തിനു അടുത്ത് തന്നെയുള്ള സൗപർണിക നദിയിലെ നല്ല തണുപ്പുള്ള വെള്ളത്തിൽ കുളിച്ചു. വളരെ മനോഹരമായ ഒരു കുളിക്കടവ്. വെള്ളത്തിലിറങ്ങിയാൽ അപ്പോൾ തന്നെ മീനുകൾ എല്ലാം ശരീരത്തിൽ വന്നു കൊത്തുന്നുണ്ടായി. വെള്ളത്തിന് ഏറ്റവും അടിയിലെ കല്ലുവരെ കാണാൻ പറ്റുന്ന നല്ല തെളിഞ്ഞ - തണുപ്പുള്ള വെള്ളം. ആകാശത്തെ തെളിഞ്ഞ കാലാവസ്ഥയിലും ചെറിയ മഴ പെയ്തു. മഴ മാറി തിരിച്ചു റൂമിൽ പോയി രാത്രി പിന്നെയും അമ്പലത്തിൽ തൊഴുതു. അപ്പോൾ കുറച്ചു തിരക്ക് ഉണ്ടായി. രാത്രി തിരിച്ചു വന്നു വേഗം കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ നേരത്തെ എണീറ്റ് ഞങ്ങൾക്ക് കൊടജാദ്രി പോകണമായിരുന്നു. 


കുടജാദ്രി മലനിരകൾ 

(പ്രാദേശിക ഉച്ചാരണം കൊടജാദ്രി എന്നാണ് )


രാവിലെ 6 മണി തൊട്ടേ അമ്പലത്തിനു മുന്നിൽ നിന്ന് കൊടജാദ്രിയിലേക്ക് ട്രിപ്പ് അടിക്കുന്ന ജീപ്പുകൾ വരും. 450  രൂപയുടെ അടുത്താണ് പോയി വരാൻ ഉള്ള ചാർജ്. 

8 പേര് വന്നെങ്കിൽ മാത്രമേ ജീപ്പ് എടുക്കുകയുള്ളു. അല്ലെങ്കിൽ ബാക്കിയുള്ളവരുടെ ചാർജ് കൂടി നമ്മൾ കൊടുക്കണം. രാവിലെ 5 മണിക്ക് തന്നെ എണീറ്റ് ഞങ്ങൾ അമ്പലത്തിൽ എല്ലാം പോയി. പ്രഭാത ഭക്ഷണം കഴിച് 6 മണിയോടെ തന്നെ നമ്മൾ ജീപ്പിൽ യാത്ര തുടങ്ങി. 30 മിനിറ്റോളം യാത്രയുണ്ട്. അവസാനത്തെ 6 km അപകടകരമായ ഓഫ് റോഡ് ഡ്രൈവ് ആണ്. ഞാനും രോഹിനും ജീപ്പിനു മുന്നിൽ ആണ് ഇരുന്നത്. നമ്മുടെ ഡ്രൈവർ ചേട്ടൻ കുറച്ചു പ്രായമുള്ള വളരെ അനുഭവസമ്പത്തുള്ള ഒരാളാണ്. ഓഫ് റോഡ് ജീപ്പ് ഡ്രൈവ്‌ ഒരു അനുഭവം തന്നെ ആയിരുന്നു. ചെങ്കുത്തായ കയറ്റങ്ങളും വെള്ളം കെട്ടി കിടക്കുന്ന കുഴികളും ഇടക്ക് എതിരെ വരുന്ന മറ്റു ജീപ്പികളും എല്ലാം ചെറിയ തോതിൽ എങ്കിലും പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ആയിരുന്നു. 


കൊടജാദ്രി മലനിരകൾ പശ്ചിമഘട്ടത്തിന്റെ വളരെ മനോഹരമായ ഭാഗമാണ്. രാവിലെ നേരത്തെ പോകുന്ന പക്ഷം തണുത്ത കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന അവിസ്മരണീയമായ കാഴ്ച സമ്മാനിക്കുന്ന ഒരിടം. 


ജീപ്പ് ഒരു പോയിന്റിൽ എത്തി നിന്നു. അതിനപ്പുറം നമ്മൾ നടന്നു പോകണം. 90 മിനിറ്റോളം അങ്ങോട്ടും ഇങ്ങോട്ടും യാത്രയുണ്ട്. യാത്ര തുടങ്ങി കയറ്റം കയറി തുടങ്ങിയപ്പോൾ തന്നെ ഞാൻ എതിര് മലയിറങ്ങി വരുന്നവരോട് എത്താൻ ആയോ എന്ന് ചോദിച്ചു തുടങ്ങി. മേലനങ്ങി ശീലമില്ലാത്ത എനിക്ക് അത്ര സുഖകരമായിരുന്നില്ല ഈ യാത്ര. രോഹിൻ പക്ഷെ വളരെ ആവേശമായിരുന്നു.  യാത്രയുടെ പല പോയിന്റിലും യാത്ര അവസാനിപ്പിക്കാൻ നിന്ന എന്നെ കൊണ്ട് ആ മലകൾ മുഴുവൻ കയറ്റിയത് അവനാണ്. ചെറുപ്പത്തിൽ അവൻ്റെ മുത്തശ്ശന്റെ കൂടെ കൊടജാദ്രി വന്ന ദുർഘടം പിടിച്ച വഴികൾ എല്ലാം അവൻ കാണിച്ചു തരുന്നുണ്ടായി. 


കൊടജാദ്രി ട്രെക്കിങ്ങ്നു വിശ്വാസത്തിന്റെ ഒരു വശമുള്ളതുകൊണ്ടാവണം  യാത്രയിൽ വളരെ അധികം സത്രീകളും കുട്ടികളും ഉണ്ടായിരുന്നു. പ്രായം കൂടിയ ആളുകളും ഒരുപാട് ഉണ്ടായിരുന്നു. ഞാൻ പലപ്പോഴും ക്ഷീണം കൊണ്ട് ഇരിക്കുന്നത് പ്രായമായ ചിലരുടെ ഒപ്പമായിരുന്നു. ഏകദേശം 40 മിനിറ്റ്  കഴിഞ്ഞു സർവജ്ഞപീഠം കാണാൻ കഴിഞ്ഞു. കോടമഞ്ഞു മൂടിയ താഴവരകൾ ചുറ്റിലും ഉണ്ട്. ഇടക്ക് തണുത്ത കാറ്റും. 


ശങ്കരാചാര്യർ തപസിരുന്നു ദേവിയെ പ്രസാദിപ്പിച്ചു പ്രത്യക്ഷയാക്കിയെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം കൂടിയാണ് സർവജ്ഞപീഠം. കാഴ്ച്ചയിൽ ഒരു ചെറിയ കൽ മണ്ഡപം. അതിനോടനുബന്ധിച്ചു ഒരു ഐതീഹ്യം രോഹിൻ പറയുകയുണ്ടായി. 


“തൻ്റെ കഠിന തപസ്സിൽ പ്രസാദിച്ച ദേവിയോട് തൻ്റെ കൂടെ കേരളത്തിലേക്ക് വരണമെന്ന് വരമായി ആവശ്യപെട്ട ശങ്കരാചാര്യരോട് സമ്മതം മൂളിയ ദേവി തിരിഞ്ഞു നോക്കാതെ മലയിറങ്ങി നടക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും എന്നാൽ ശങ്കരാചാര്യർ യാത്രയിൽ എവിടെയെങ്കിലും നിന്ന് കഴിഞ്ഞാൽ ദേവി അവിടെ കുടിയിരിക്കും എന്ന് അരുൾ ചെയുകയും ചെയ്തു. മലയിറങ്ങി കൊല്ലൂർ വരെ എത്തിയപ്പോൾ ദേവിയുടെ പാദചിലമ്പൊലികൾ കേൾക്കാതെ ആയ ശങ്കരാചാര്യർ തിരിഞ്ഞു നോക്കുകയും ആയതിനാൽ ദേവി അവിടെ കുടിയിരിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.” 

സർവജ്ഞപീഠത്തിൽ കയറി ഇരുന്നു നമ്മൾ കൊറേ ഫോട്ടോകൾ എടുത്തു. അതിനുമപ്പുറം ചിത്രമൂല ഗുഹ കൂടി കാണണെമെന്നാണ് രോഹിൻ പറഞ്ഞിരിക്കുന്നത്. എന്നാൽ അവിടെ ഈ അടുത്ത് മിന്നൽ അടിച്ചു ചിലർ മരണപ്പെട്ടുവെന്നും അതിനാൽ അവിടത്തേക്ക് പ്രവേശനം വിലക്കിയെന്നും അവിടെയുള്ള ചിലർ പറഞ്ഞറിഞ്ഞു. രോഹിനു ചെറിയ നിരാശ തോന്നിയ പോലെ തോന്നി. എനിക്ക് സമാധാനം ആയിരുന്നു. ഇനിയും മല കയറാൻ എനിക്ക് വയ്യായിരുന്നു. കൊടജാദ്രി മലനിരകളുടെ ഏറ്റവും ഉയരം കൂടിയ സ്ഥലങ്ങളിലാണ് നമ്മൾ അപ്പൊ ഇരുന്നിരുന്നത്. കൊറേ ആയാസപ്പെട്ട് കയറി എങ്കിലും അതിനു മുകളിൽ എത്തി കാറ്റ് കൊണ്ട് കോടമഞ്ഞു കണ്ടു ഇരിക്കുന്നത് ഒരു മാസ്മരികമായ അനുഭവം തന്നെയായിരുന്നു.


കുറച്ചു സമയം കഴിഞ്ഞു നമ്മൾ മലയിറങ്ങി തുടങ്ങി. ഇറങ്ങുമ്പോഴും സൂക്ഷിച്ചു ഇറങ്ങണമായിരുന്നു. ചെങ്കുത്തായ പാതകൾ ആണ് എല്ലാം. മലനിരകളുടെ ഇടയിൽ കൂടി താഴേക്ക് ഒരു ചെറിയ ഉറവ വരുന്നുണ്ടായി. ശരീരത്തിൻ്റെ ക്ഷീണം കൊണ്ടു നല്ല ദാഹം ഉണ്ടായിരുന്നു.  അത് കൊണ്ടായിരിക്കണം ലോകത്തിലേക്ക് തന്നെ ഏറ്റവും നല്ല രുചിയുള്ള വെള്ളം കുടിച്ച അവസ്ഥയിൽ ആയിരുന്നു ഞാൻ. 



നമ്മുടെ ഗ്രൂപ്പിലെ ഏറ്റവും ആദ്യം താഴെ എത്തിയത് നമ്മളായിരുന്നു. ബാക്കി എല്ലാവരും എത്താൻ പിന്നെയും സമയമെടുത്ത്. അത് കൊണ്ട് തന്നെ താഴെയുള്ള ആ സ്ഥലത്തു കുറച്ചധികം നേരം കൂടി ഇരുന്നു സംസാരിക്കാൻ നമുക്ക് പറ്റി. ഉച്ച ആയി വരുന്നേ ഉള്ളു. എന്നിട്ടും മഞ്ഞും തണുപ്പും മാറിയിരുന്നില്ല. ഇടക്ക് വെയിൽ അടിക്കുമ്പോൾ മാത്രം കുറച്ചു ചൂട് അനുഭവപെട്ടു. 



~

തിരിച്ചു മൂകാംബികയിൽ എത്തി ഭക്ഷണം കഴിഞ്ഞു നമ്മൾ വീണ്ടും കിടന്നുറങ്ങി. രാത്രി 9 മണിക്കാണ് ബസ്സ്. KSRTC യുടെ സ്വിഫ്റ്റ് എയർ ബസ്സ് ആണ് ബുക്ക് ചെയ്തിരിക്കുന്നത്. വളരെ നല്ല കസ്റ്റമർ സർവീസ് ആണ് KSRTC യുടെ ഈ സംരഭത്തിൽ ഉള്ളത്. ബുക്ക് ചെയ്ത യാത്രക്കാരെ വഴിയിൽ എത്തുന്നതിനു മുൻപേ കണ്ടക്ടർ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. KSRTC യുടെ നല്ല ഭാവി ഈ ബസ്സുകൾ ആണ് വഴി തുറക്കുക എന്ന് തോന്നി. 



ജീവിതം ഇരുപതുകൾ കടന്നു മുപ്പതുകളിലേക്ക് പോയി തുടങ്ങി. ഈ കാലത്തിനുള്ളിൽ അധികം യാത്രകളൊന്നും ഞാൻ നടത്തിയിട്ടില്ല. ഞാൻ ഒറ്റക്ക് പോകുകയോ മറ്റുള്ളവർക്ക് ഒപ്പം പോകാനുള്ള ഉത്സാഹം കാണിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെ പോയ ചുരുക്കം ചില യാത്രകളിൽ മനസ്സിൽ നിൽക്കുന്ന ചിലത് ഇത് പോലെ ഉള്ളതാണ്. എന്ത് കൊണ്ട് കൊറേ മുന്നേ വരാൻ തോന്നിയില്ല എന്നു നമ്മളെ തോന്നിപ്പിക്കുന്ന ചില സ്ഥലങ്ങൾ.  കുറെ നാളുകൾക്ക് മുന്നേ പോയ ഇരിങ്ങോൾ കാവായിരുന്നു അങ്ങനെ മറ്റൊരു സ്ഥലം. ഇത് പോലെ 2 ദിവസത്തെ യാത്രയൊന്നും അല്ല. വളരെ കുറച്ചു മണിക്കൂറുകൾ മാത്രമേ അവിടെ ചിലവഴിച്ചു ഉണ്ടായിരുന്നുള്ളു. പക്ഷെ മനസ് നിറയാൻ അത് മതിയായിരുന്നു. ഇവിടെയെല്ലാം ഏറ്റവും നല്ല സമയത്തു എത്തി ആ സ്ഥലത്തിൻ്റെ മനോഹാരിത ഏറ്റവും നന്നായി ഏറ്റുവാങ്ങാൻ പറ്റുന്നു എന്നതും ഒരു ഭാഗ്യമാണ്. കൊടജാദ്രി തന്നെ ഉച്ച സമയത്തു മല കയറി തുടങ്ങിയിരുന്നു എങ്കിൽ ആ കാലാവസ്ഥയിൽ ഒരുപക്ഷെ അതിത്ര ആസ്വാദ്യകരമാകുമായിരുന്നില്ല. 


ഒരുപാട് കാലം കഴിഞ്ഞു മച്യുരിറ്റി എത്തുന്ന ഒരു ഇൻഷുറൻസ് പോളിസി പോലെയാണ് യാത്രകളും. കാതങ്ങൾ പിന്നിലാക്കി ഓരോ ചുവടു നടന്നകലുമ്പോഴും മനസ് സന്തുഷ്ടമായ ഓർമ്മകളുടെ കാലവറയോട് ഓരോ ചുവടു അടുക്കുകയാണ്. 


“The only impossible journey is the one you never begin ~ Tony Robbins ”





Comments

Post a Comment

Popular posts from this blog

ആത്രേയകം | പുസ്തക അവലോകനം | Book Review - Aathreyakam

  പരമ്പരാഗതമായി നാം കേട്ടുവളർന്ന ഇതിഹാസ കഥകളുടെയെല്ലാം പ്രത്യേകത അവയൊന്നും പരാജിതരുടെ ഭാഗം പറഞ്ഞു പോയിരുന്നില്ല എന്നതായിരുന്നു, വിജയഗാഥകൾ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. യുദ്ധശേഷം ഗാഥകൾ രചിക്കുന്നത് വിജയം ചൂടിയവരാണ്.അരങ്ങിനും മുന്നിലെയും പിന്നിലെയും ചതി പ്രയോഗങ്ങൾ മഹായുദ്ധതന്ത്രങ്ങളാവുന്നത് അവിടെയാണ്, നീതികരിക്കാനാവാത്ത അധമപ്രവർത്തികൾക്ക് ന്യായം കലർന്ന വെള്ളപൂശുന്നതും  അടിച്ചമർത്തപെട്ടവൻ്റെ ജീവിതത്തിന്  മുൻജന്മങ്ങളുടെ പാപഭാരം കെട്ടിവക്കുന്നതും ഇല്ലാശാപവചനങ്ങൾ കൊണ്ട് സാമാന്യയുക്തിക്ക് പൊയ്‌മുഖമൊരുക്കുന്നതും, വായ്ത്താരികൾ കൊണ്ട് രാജ്യം കെട്ടിപ്പടുക്കുന്നതും തലമുറകളുടെ സൗഖ്യമുറപ്പാക്കുന്നതും അവിടെയാണ്. എന്നാൽ ചരിത്ര നിർമ്മിതിയുടെ ഭാഗമായി നിന്നപ്പോഴും  മനഃപൂർവം തിരസ്കരിക്കപ്പെട്ട ചിലരുണ്ട്. ഇതിഹാസവിജയങ്ങൾക്ക് കാരണഭൂതരായെങ്കിലും മനപ്പൂർവ്വം ചരിത്രം പിന്നിലേക്ക് തള്ളിയവർ. കാലചക്രത്തിൻ്റെ  മുന്നോട്ടുള്ള പാച്ചിലിൽ സാമാന്യം ചിലരെങ്കിലും ചരിത്ര വായനയിൽ, വാക്കുകൾക്കിടയിലുള്ള  ശൂന്യതകളിൽ അവരെ കണ്ടെത്തും. അവർക്കു കൂടി ഇവിടെയൊരു  പങ്കുണ്ടെന്നു പറഞ്ഞു വെക്കും. ...

വൃന്ദാവനത്തിലെ രാധ

പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന  മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്  " ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്  ഏറ്റവും ശ്രേഷ്ടമായ പ്രണയം  അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ " രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് . കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു  പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം  ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .      വൃന്ദാവനം  പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്   വൃ ...

അഗ്നിസാക്ഷി

ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.  പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന  ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..  അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ  ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .  ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ...