Skip to main content

അടയാളങ്ങൾ

എത്രത്തോളം സഞ്ചരിക്കണം ഒരാളിലേക്കെത്താൻ ??

ഒരു പുസ്തകദൂരം മതിയാകുമോ ?

പേജുകളിലൂടെ വളരെ പതുക്കെയുള്ള പരിണാമങ്ങൾ , വാക്കുകളിൽ കൂടിയുള്ള കഥാപാത്രങ്ങളുടെ ആവാഹനം . വാക്കുകൾക്കിടയിലെ  വായനകൾ , അവതാരകൻ മനപ്പൂർവ്വം സൃഷ്ടിക്കുന്ന വിടവുകളിൽ ഊന്നു നിന്നുകൊണ്ടുക്കള്ള വീക്ഷണ കോണുകൾ . ഇതെല്ലം സംഭവിക്കുന്ന്നിടത്താവണം ആഴത്തിലുള്ള വായനയും സംഭവിക്കുന്നത്. ഈ വായനകളാണ് ഓരോരുത്തലിലേക്കുള്ള യാത്രകൾക്ക് സാധ്യതകൾ ഉണ്ടാക്കുന്നതും .

ലോക്ഡൌൺ തുടങ്ങി കുറച്ചു കാലം അത്തരമൊരു യാത്രയിലായിരുന്നു .  2006 ലെ വയലാർ അവാർഡും 2007 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അടക്കം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ  സേതുവിൻ്റെ  അടയാളങ്ങളിലൂടെയായിരുന്നു ആ യാത്ര .  സേതുവിൻറെ രചന എന്ന് പറയുമ്പോൾ എല്ലാവരുടെ മനസിലും ആദ്യം എത്തുന്നത് പാണ്ഡവപുരം  ആയിരിക്കും എന്ന് തീർച്ച. ആ നോവൽ വായിച്ചു തുടങ്ങി എങ്കിലും പല കാരണങ്ങൾ കൊണ്ടും മുന്നോട്ട് പോയിരുന്നില്ല .അത് വായിച്ചു മനസിലാക്കാൻ വേണ്ട ബുദ്ധിയും വിവരവും ആയി കാണില്ല . അടയാളങ്ങൾ പക്ഷേ അങ്ങനെ ആയില്ല ഇഷ്ടപെട്ട നോവലുകളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി ആയി .

നഗരഛായയിൽ ഉരുക്കിയെടുത്ത ഒരു  അമ്മയുടെയും മകളുടെയും ആത്മ സംഘർഷങ്ങളുടെ  ആകെത്തുകയാണ് അടയാളങ്ങൾ . പ്രിയംവധയെന്നാണ് അമ്മയുടെ പേര് , ഒരു വലിയ കോർപ്പറേറ്റ് കമ്പനിയുടെ HR വിഭാഗം മേധാവി , ഭർത്താവ് രഞ്ജിത്തുമായി വർഷങ്ങൾക്കു       മുൻപേ പിരിഞ്ഞു , ജീവിതത്തോട് പലരീതിയിൽ പൊരുതി വന്ന ഒരു പക്കാ പ്രൊഫഷണൽ . മകൾ നീതു കോളേജിൽ പഠിക്കുന്ന ഒരു ടീനേജുകാരി. പ്രിയംവദാമയെന്നാണ് അവതാരകൻ പലയിടത്തും പ്രിയംവദയെ സൂചിപ്പിക്കുന്നത്. പ്രിയംവദാമ്മയുടെ ഔദ്യോദിക- സ്വകാര്യ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് നോവൽ കടന്നു പോകുന്നത്.  നോവൽ തുടങ്ങുന്നത് തന്നെ അമ്മയും മകളും തമ്മിലുള്ള ആത്മബന്ധത്തിലൂന്നിയാണ്.അമ്മയെന്നതിനേക്കാൾ ഉപരി എന്തും പങ്കുവെക്കാവുന്ന ഒരു കൂട്ടുകാരിയായിരുന്നു  പ്രിയംവദ നീതുവിന്. നീതുവിൻ്റെ കൂട്ടുകാരെല്ലാം അസൂയയോടെ മാത്രം കാണുന്ന ഒരു 'അമ്മ - മകൾ ബന്ധം.

കഥയുടെ വഴിത്തിരിവ് പ്രിയംവദയുടെ ഒരു ഒഫീഷ്യൽ ഗോവൻ യാത്രയോടു കൂടിയാണ്. ബിസിനസ് രംഗത്തെ പ്രമുഖരുടെ ഒരു കോൺഫെറെൻസ് . വ്യത്യസ്തമായ ആഖ്യാനം കൊണ്ട്  പ്രിയംവദ അവതരിപ്പിച്ച പേപ്പർ ആ കോൺഫറൻസിൻ്റെ ശ്രദ്ധ കേന്ദ്രമായി. ഒരുപാട് സംമൂഹിക പ്രശ്നങ്ങൾ ആ പേപ്പറിനൻ്റെ ആധാരമാണ്  . ഈ പുസ്തകം വായിച്ചു കൊണ്ടിരുന്ന ദിവസങ്ങളിലെല്ലാം ആ പേപ്പറിലെ ഇതിവൃത്തം ഇങ്ങനെ മനസ്സിൽ ഉണ്ടായിരുന്നു. അതിനെ പറ്റി മൊത്തമായി വിവരിക്കാൻ നിന്നാൽ ചിലപ്പോൾ ഈ കുറിപ്പ് വല്ലാണ്ട് നീണ്ടു പോകും.

മനസ്സിൽ ഗുരുസ്ഥാനം കൽപ്പിച്ചു നൽകിയ പ്രൊഫെസ്സർ റോയ് ചൗധരിയെ ആദ്യമായി പ്രിയംവദ  കാണുന്നതും അവിടെ വച്ച് തന്നെ . ഒരു പരിചയക്കാരൻ എന്നതിനപ്പുറത്തേക്ക് ഒരു സ്വാതന്ത്ര്യം റോയ് ചൗധരി എടുക്കുന്നു എന്ന് തോന്നിയപ്പോൾ അത് പണിപ്പെട്ട് പ്രിയംവദ ഒഴിവാക്കാൻ ശ്രമിക്കുന്നതും കാണാം.

" പ്രായമേറെ ചെന്നാലും എത്രമാത്രം ബുദ്ധിജീവിയായാലും പെണ്ണിന് മുന്നിൽ എത്തുമ്പോൾ പുരുഷൻ്റെ വിശ്വരൂപം പുറത്തു വരുന്നു " എന്ന് പ്രിയംവദ കുറിച്ചിടുന്നതും ഇതേ റോയ് ചൗധരിയെ ഓർത്തു തന്നെ.

" വിഗ്രഹങ്ങൾ വിഗ്രഹങ്ങളായി  ഇരുന്നാൽ മാത്രമേ നമുക്ക് ആരാധിക്കാനാകു . പാല് കുടിക്കുന്ന വിഗ്രഹങ്ങൾ , ചുണ്ടുകൾ ആനക്കുന്ന വിഗ്രഹങ്ങൾ , കൈമുദ്രകൾ കാട്ടുന്ന വിഗ്രഹങ്ങൾ ഇവയൊക്കെ എത്ര പെട്ടന്നാണ് നമ്മുടെ ഉള്ളിൽ വിഗ്രഹങ്ങളല്ലാതാവുന്നത് "
റോയ് ചൗധരിയെ മുന്നിൽ നിർത്തി സകലമാന പുരുഷകേസരികളോടും പ്രിയംവദാമ പറഞ്ഞു വെക്കുകയാണ്, വികാരങ്ങളും വിചാരങ്ങളുമുള്ള പുരുഷനെ വിഗ്രഹങ്ങളായി കണ്ടു വക്കുന്നതിലെ പ്രശ്നമാണിതെന്ന്  പ്രിയംവദയെ ഓർമ്മിപ്പിച്ചാണ് റോയ് ചൗധരി അവരുമായുളള സൗഹൃദത്തിന് ഒടുക്കം നിശ്ചയിക്കുന്നത് .

പിന്നീടൊരവസരത്തിൽ നീതുവെന്ന  ടീനേജുകാരിയുടെ അബദ്ധ ധാരണകൾ കൊണ്ട് അമ്മയും മകളും തമ്മിലുള്ള ബന്ധത്തിനു ചില പോറലുകൾ ഏൽക്കുന്നുണ്ടു.  കടുത്ത വാക്കുകൾ കൊണ്ട് ഒരമ്മക്കും താങ്ങാൻ പറ്റാത്ത ക്ഷതങ്ങൾ  പ്രിയംവദയിൽ ഏൽപ്പിക്കുന്നുണ്ട് നീതു. ഒരു മകൾ എന്തിനാണ് ഇത്രയും ക്രൂരയാകുന്നത് എന്ന് ചിലപ്പോഴൊക്കെ നമുക്കും തോന്നിപോകും.

" പരസ്പരം സ്നേഹിക്കാൻ കഴിയാത്ത ഇണകളിൽ നിന്ന് ഉണ്ടാകുന്ന കുഞ്ഞുങ്ങളിൽ നിന്ന് ഒരളവിൽ അധികം സ്നേഹം പ്രതീക്ഷിക്കാൻ കഴിയുന്നതെങ്ങനെ ? "

പ്രിയംവദ നോവലിൽ ഒരിടത്തു ആശ്ചര്യപ്പെടുന്നതാണിത് . വലിയ അർത്ഥമുള്ള ഒരു വാചകമാണത് , രഞ്ജിത്തും പ്രിയംവദയും ഒരിക്കലും സ്നേഹിച്ചതായി  സൂചനയില്ല നോവലിൽ ഒരിടത്തും. ഒഴുക്കുള്ള പല സംഭാഷണങ്ങൾക്കിടയിലും  പ്രിയംവദ നിശബ്ദയായി പോകുന്നതും ഓർമ്മകളിലേക്ക് ഊളിയിടുന്നതും രഞ്ജിത്തിനെ തേടിയാണ്.

" വാക്കുകളിൽ ,നോട്ടത്തിൽ , സ്പര്ശനത്തിൽ , പെരുമാറ്റത്തിൽ എന്നെങ്കിലുമൊരിക്കലൊരു  കാമുകാനായി അയാൾ എത്തിയിരുന്നെങ്കിൽ??,,  ഒരു കൃഷ്ണ സങ്കല്പമായി  "

 പ്രിയംവദ ഓർക്കുകയാണ് , അവിടെയും കൃഷ്ണ സങ്കല്പത്തെ സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. കൃഷ്ണനെന്ന പ്രണയസങ്കല്പം ഈ രാജ്യത്തെ സ്ത്രീകളുടെ മനസിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞു എന്നതിൻ്റെ ഒരു ഉദാഹരണം കൂടിയാണത്.

" എന്റെ ശരീരത്തിനെ ,  മനസ്സിനെ അറിഞ്ഞു കൊണ്ട് തൊടാൻ നിങ്ങൾക്കായിട്ടില്ല  " എന്നു പറഞ്ഞാണ് രഞ്ജിത്തുമായുള്ള ബന്ധം പ്രിയംവദ നിർത്തുന്നത് .

ഒരു കിറുക്കൻ കഥയുടെ പിന്നാലെ പോയി പ്രിയംവദ ഒരു അനിയത്തിയെ ജീവിതത്തിൽ കൂടെ കൂട്ടുന്നുണ്ട് . രേവതിയെന്നു പേരുള്ള ഒരു നിവേദിത. മിടുക്കി ,ബുദ്ധിശാലി,  അതിലുമുപരി പ്രിയംവദയുടെ ഒരു ആരാധിക. നീതുവുമായി പ്രശ്നങ്ങൾ ഉള്ള സമയത്തും രേവതിയുടെ കൂട്ട് പ്രിയംവദക്കൊരു ആശ്വാസമാവുന്നുണ്ട്. കമ്പനിയിൽ പ്രിയംവദയും രേവതിയും ശേഷാദ്രിയെന്ന സഹപ്രവർത്തകനും  കൂടി കൊണ്ട് വന്ന മാറ്റങ്ങൾ ഒക്കെ കുറച്ചു അദ്ധ്യായങ്ങളിലായി വിവരിക്കുന്നുണ്ട് . കഥാപാത്രത്തിൻ്റെ കഴിവും കാര്യപ്രാപ്തിയും ദൃഡനിശ്ചയവും എല്ലാം ആ അദ്ധ്യായങ്ങളിൽ നിന്ന് വ്യകതമാണ് .

ഇനി നീതുവിലേക്കു വന്നാൽ,
 ഒരു ടീനേജുകാരിയുടെ എല്ലാ സവിശേഷതകളും നീതുവിനുണ്ട്. അമ്മയെ അസൂയയോടെ തൻ്റെ കൂട്ടുകാരികൾ നോക്കികാണുന്നത് നീതുവിനിഷ്ടമല്ല . തൻ്റെ പ്രിയപ്പെട്ട കൂട്ടുകാരി വായാടി ആലീസിനെ പോലും പലപ്പോഴായി അകറ്റി നിർത്തുന്നുണ്ട് നീതു . അപക്വമായ അളവുകോലിൽ അമ്മയെ അളന്നു മോശക്കാരിയാക്കുന്ന നീതുവിൻ്റെ മനസും ചിന്തയും നീതുവിൻ്റെതു മാത്രമല്ല അത് നമ്മുടെ സമൂഹത്തിൻ്റെ പൊതു ബോധം കൂടിയാണ് . അമ്മയോട് പറയുന്ന ഓരോ കുത്തുവാക്കും നീതുവിനോട് വായനക്കാരന് വെറുപ്പുണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്.
 ഹരിനാരായണൻ എന്ന വ്യവസ്ഥിതികളോടൊക്കെ മല്ലിട്ടുനടക്കുന്ന ഒരു കോളേജ് പയ്യനോടുള്ള കൗതുകവും ആരാധനയും വേറൊരു തലത്തിലേക്ക് നീതുവിനെ കൊണ്ടെത്തിക്കുന്നുണ്ട്. അമ്മയോടുള്ള മകളുടെ കുത്തുവാക്കുകളെല്ലാം  ഒരു കൗമാരകാരിയുടെ പക്വതയില്ലായ്മയായി വായനക്കാരന് വിലയിരുത്താവുന്നതാണ് .

 ബാല്യത്തിൽ മറ്റേതു സ്ത്രീയെ പോലെയും സ്വന്തം   ജീവിതം മറ്റുള്ളവര് തീരുമാനിക്കുന്നത് കണ്ടു നിസ്സഹായയായി ഇറയത്തു ചുരുണ്ടു കൂടി ഇരിക്കേണ്ടി വന്ന , 
വിവാഹശേഷവും യാന്ത്രികമായ ജീവിതത്തിനപ്പുറത്തു  തനിക്ക് വലിയ സ്ഥാനമില്ലെന്ന് തിരിച്ചറിഞ്ഞു അതുപേക്ഷിക്കാൻ ധൈര്യം കാണിച്ച , 
തൻ്റെ സ്വന്തമെന്നു പറയാവുന്ന മകൾക്ക് വേണ്ടി ജീവിതം വെട്ടിപ്പിടിച്ച , 
മുതലാളിമാരുടെ ലാഭേഛക്കുമുന്നിലും മാനുഷിക മൂല്യങ്ങളും തൊഴിലാളി ക്ഷേമമവും മുതൽകൂട്ടാക്കി കാര്യപ്രാപ്തി കാണിച്ച പ്രയംവദയുടെ കഥയാണിത്. 
 ബാല്യം മുഴുവൻ അമ്മയും അച്ഛനും തമ്മിലുള്ള സ്വരച്ചേർച്ചകൾ കണ്ടു വളർന്ന , 
ഒടുവിൽ പിതാവിനെ പിരിഞ്ഞു അമ്മയോടൊത്തു സ്വന്തബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്നെല്ലാം മാറി ജീവിക്കേണ്ടി വന്ന, 
തൻ്റെ മാത്രം സ്വത്തായ 'അമ്മ നഷ്ടമായി പോകുമെന്ന പക്വതയില്ലായ്മയിൽ  അമ്മയെ കുത്തുവാക്കുകൾ കൊണ്ട് നോവിക്കുന്ന, 
കൂട്ടുകാരികൾ പ്രാന്തനെന്നു മുദ്രകുത്തിയ , സ്വയംഭൂവന്നു സ്വയം വിലയിരുത്തി ചുറ്റി തിരിയുന്ന ഹരിനാരായണൻ എന്ന യുവാവ് നൽകിയ സ്വാതന്ത്ര്യത്തിൽ ഭ്രമിച്ചു പോകുന്ന ,
 അവസാനം അമ്മക്കരികിലുരുന്നു ഒരു കരച്ചിലിലൂടെ എല്ലാത്തിനും മാപ്പപേക്ഷിക്കുന്ന നീതുവിൻ്റെ കഥയാണിത് . 
 തൻ്റെ യുക്തിക്കും സാമാന്യ മര്യാദകൾക്കും നിരക്കാത്ത കാര്യങ്ങൾ ചെയ്യാൻ മിനക്കെടാതെ നല്ലൊരു ജോലിയുപേക്ഷിച്ച ,
 ചവർപ്പ് നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ വിഷമിക്കാതെ ധൈര്യം കൈമുതലാക്കി ജീവിതത്തോട് പടപൊരുതുന്ന രേവതിയുടെ കഥയാണിത്. 

ഇത്തരത്തിൽ  നോവൽ  മൊത്തം ജീവിതത്തിൻ്റെ ചൂടിൽ ഉരുക്കിയെടുത്ത ഒരുപാട്  സ്ത്രീ മനസ്സുകളുടെ  കഥയാണ്  അടയാളങ്ങൾ .


ഈ നോവലിനെ വേറിട്ടതാക്കുന്ന മറ്റൊരു കാര്യം ഇതിൻ്റെ ചിലയിടത്തുള്ള  വലിയ വിടവുകളാണ്. തൻ്റെ കഥയുടെ ഗതി പൂരിപ്പിച്ചെടുക്കാൻ വായനക്കാരന് കഥാകാരൻ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് .നോവലിനിടയിൽ പ്രിയംവദയോട് സംവദിക്കുന്ന നീലിമയും  നീതുവിൻ്റെ കൂട്ടുകാരി ആലീസും രേവതിയും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് .  ഓർമ്മകളിലേക്കും തിരിച്ചും ഒരുപാട് തവണ നോവൽ പോകുന്നുണ്ട് . ചിലപ്പോൾ സ്വപ്നമേതാണ് ? യാഥാർഥ്യമാണ് എന്നൊക്കെ ഒരുപാട് സംശയം തോന്നും. നോവൽ അവസാനിക്കുന്നതും ഒരു സ്വപ്നത്തിലാണ്. നോവൽ അവസാനിപ്പിച്ച ഒരു രീതി വളരെ വ്യത്യസ്തവും നല്ലതുമായി തോന്നി, " "വെളുപ്പും  കറുപ്പും അണിഞ്ഞ പെൻഗ്വിനുകൾ  പൂർവ ജന്മത്തിലെ വിധവകളായിരുന്നിരിക്കണം.................."  എന്ന് തുടങ്ങുന്ന ആ അവസാന ഭാഗം മനസ്സിൽ ഭദ്രമാണ്






എനിക്കേറെ പ്രിയപ്പെട്ട ഒരാളുടെ സമ്മാനായിരുന്നു ഈ നോവൽ.

 " ഞാൻ ചെറുപ്പത്തിൽ വായിച്ചതാണ് . വായിക്കു , ഇഷ്ടപെടും "  എന്ന് പറഞ്ഞാണ് കയ്യിൽ തന്നത് . ഓരോ വായന കഴിഞ്ഞും അതിൻ്റെ വിശദംശങ്ങൾ അയാളുമായി പങ്കുവെക്കുന്ന ഒരു ശീലം പോലും ഈ നാളുകളിൽ ഉണ്ടായി . നേരത്തെ സൂചിപ്പിച്ച ഈ വിടവുകളുടെ പ്രസക്തി പ്രകടമായതും ആ വർത്തമാനങ്ങളിൽ നിന്നാണ്. അടയാളങ്ങളും അതിലെ കഥാപാത്രങ്ങളും എനിക്ക് എങ്ങനെയാണോ അങ്ങനെയേ അല്ല അയാൾക്ക്. അയാളിതെല്ലാം നോക്കി കാണുന്നത് വേറൊരു കാഴ്ചപ്പാടിലാണ് . അത് ചില്ലറ പ്രശ്ങ്ങളല്ല എനിക്കുണ്ടാക്കിയത് . നമ്മള് വായിച്ചു മനസിലാക്കി വച്ചതൊക്കെ അങ്ങനെ അല്ല എന്നൊരാൾ പറയുമ്പോ നമുക്കും സ്വാഭാവികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമല്ലോ . ഒപ്പം പഠിച്ച പലരോടും ഒരു  പാട് വായിക്കുന്ന ചിലരോടും ഒക്കെ ആ നോവലിനെ പറ്റിയും കഥാപാത്രങ്ങളെ പറ്റിയും ഒക്കെ ചോദിക്കേണ്ടി വന്നു അവസാനം . കൊറേ ഓൺലൈൻ നിരൂപണങ്ങൾ വായിക്കേണ്ടിയും  വന്നു . എന്തായാലും ഈ വിടവുകളിൽ  കൂടി വായനക്കാരനു കഥാകാരൻ അനുവദിച്ചു കൊടുത്തൊരു സ്വാതന്ത്ര്യമാണിത്തിന് ഹേതുവെന്നു ഏതാണ്ടു അനുമാനിക്കേണ്ടി  വന്നു . സേതുവിൻ്റെ പഴയ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ പാണ്ടവപുരത്തിലും ഇതേ വിദ്യ അദ്ദേഹം പ്രയോഗിച്ചതിനെ പറ്റി സൂചനകൾ കണ്ടു.

ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല പുസ്തകം വായിക്കുന്നത് കൊണ്ടായിരിക്കാം ഈ വായന പ്രിയപ്പെട്ട ഒന്നായി മാറി . പല പല എഴുത്തുകൾ മാറി വായിക്കുമ്പോൾ ജീവിതത്തിലും മനസിലും ചില അടയാളങ്ങൾ വീഴ്ത്തി പോകാൻ ചിലർക്കേ കഴിയു. പതിവുപോലെ ഇനിയും വായനയുടെ വസന്തങ്ങൾക്ക് കാതോർത്തുകൊണ്ടു നിര്ത്തുന്നു .. 




വിവേക് .. 

Comments

  1. Gripping and Eloquent review..

    ReplyDelete
  2. Good review Vivek..Feel like reading this book.

    ReplyDelete
  3. വായിക്കാൻ തുടങ്ങുകയാണ് അടയാളങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

ആത്രേയകം | പുസ്തക അവലോകനം | Book Review - Aathreyakam

  പരമ്പരാഗതമായി നാം കേട്ടുവളർന്ന ഇതിഹാസ കഥകളുടെയെല്ലാം പ്രത്യേകത അവയൊന്നും പരാജിതരുടെ ഭാഗം പറഞ്ഞു പോയിരുന്നില്ല എന്നതായിരുന്നു, വിജയഗാഥകൾ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. യുദ്ധശേഷം ഗാഥകൾ രചിക്കുന്നത് വിജയം ചൂടിയവരാണ്.അരങ്ങിനും മുന്നിലെയും പിന്നിലെയും ചതി പ്രയോഗങ്ങൾ മഹായുദ്ധതന്ത്രങ്ങളാവുന്നത് അവിടെയാണ്, നീതികരിക്കാനാവാത്ത അധമപ്രവർത്തികൾക്ക് ന്യായം കലർന്ന വെള്ളപൂശുന്നതും  അടിച്ചമർത്തപെട്ടവൻ്റെ ജീവിതത്തിന്  മുൻജന്മങ്ങളുടെ പാപഭാരം കെട്ടിവക്കുന്നതും ഇല്ലാശാപവചനങ്ങൾ കൊണ്ട് സാമാന്യയുക്തിക്ക് പൊയ്‌മുഖമൊരുക്കുന്നതും, വായ്ത്താരികൾ കൊണ്ട് രാജ്യം കെട്ടിപ്പടുക്കുന്നതും തലമുറകളുടെ സൗഖ്യമുറപ്പാക്കുന്നതും അവിടെയാണ്. എന്നാൽ ചരിത്ര നിർമ്മിതിയുടെ ഭാഗമായി നിന്നപ്പോഴും  മനഃപൂർവം തിരസ്കരിക്കപ്പെട്ട ചിലരുണ്ട്. ഇതിഹാസവിജയങ്ങൾക്ക് കാരണഭൂതരായെങ്കിലും മനപ്പൂർവ്വം ചരിത്രം പിന്നിലേക്ക് തള്ളിയവർ. കാലചക്രത്തിൻ്റെ  മുന്നോട്ടുള്ള പാച്ചിലിൽ സാമാന്യം ചിലരെങ്കിലും ചരിത്ര വായനയിൽ, വാക്കുകൾക്കിടയിലുള്ള  ശൂന്യതകളിൽ അവരെ കണ്ടെത്തും. അവർക്കു കൂടി ഇവിടെയൊരു  പങ്കുണ്ടെന്നു പറഞ്ഞു വെക്കും. ...

വൃന്ദാവനത്തിലെ രാധ

പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന  മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്  " ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്  ഏറ്റവും ശ്രേഷ്ടമായ പ്രണയം  അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ " രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് . കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു  പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം  ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .      വൃന്ദാവനം  പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്   വൃ ...

അഗ്നിസാക്ഷി

ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.  പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന  ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..  അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ  ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .  ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ...