കുറച്ചു കൊല്ലം മുൻപ് ,
മാതൃഭൂമിയുടെ ആഴ്ചപതിപ്പിൽ ആണെന്നാണ് ഓർമ്മ .. ഇരിങ്ങോൾ കാവിനെ കുറിച്ച് ഒരു ഫീച്ചർ വന്നിരുന്നു . വലിയ ചിത്രങ്ങളും വിശേഷണങ്ങളും ഒക്കെയായി വായിക്കാൻ നല്ല രസമുള്ള ഒരു വിവരണം . പിന്നെ കുറെ കഴിഞ്ഞു ഫേസ്ബുക്കിലെ യാത്രാ പേജിലും ഇതേപോലെ ഒരു പോസ്റ്റ് കണ്ടിരുന്നു . 5 ഏക്കറോളം സ്ഥലത്തു പരന്നു കിടക്കുന്ന വനഭൂമിക്കു നടുക്കുള്ള പഴമയും തനിമയും ഒത്തിണങ്ങിയ ഒരു ദേവി ക്ഷേത്രത്തെ പറ്റി.. അന്ന് തൊട്ടേ ഉള്ള ആഗ്രഹമാണ് അവിടെ ഒന്ന് പോണം എന്നുള്ളത് .. ബി ടെക്കിനു പഠിക്കുമ്പോൾ പോണം പോണം ന്നു കൊറേ വിചാരിച്ചു, ചെയ്യണമെന്നു ഉറച്ചു വിചാരിച്ച മറ്റു പലകാര്യങ്ങളെപോലെ ഈ യാത്രയും അന്ന് നടന്നില്ല .. പിന്നെ പഠിപ്പൊക്കെ കഴിഞ്ഞു വെറുതെ നടക്കണ കാലത്തു അതിനു അടുത്തുകൂടെ ഒക്കെ കൊറേ തവണ പോയി .. അന്നും നടന്നില്ല .. അങ്ങനെ കൊറേ കാലം കൊണ്ട് സഫലമാകാൻ കൊതിച്ച ആ ഓർമ്മയുടെ ഒരു സാഷാത്കാരത്തെ കുറിച്ചാണ് ഈ കുറിപ്പ് ..
യൂണിവേഴ്സിറ്റി പരീക്ഷയുടെ ഇടക്കുള്ള ചെറിയ ഒരു അവധിയുടെ തുടക്കത്തിലാണ് യാത്ര . "പ്ലാൻഡ് ട്രിപ്സ് " എന്നത് ഒരു മരീചിക മാത്രമാണെന്ന യാഥാർഥ്യ ബോധമാണ് തലേന്ന് 2 സ്കൂട്ടർ ഒപ്പിച്ചു 4 പേരെ കൂട്ടി ഈ യാത്ര പോവാനുള്ള മറ്റൊരു പ്രേരണ . ആരിഫും രാഹുലും കീർത്തനയും ഞാനും കൂടിയതാണ് ആ നാൽവർ സംഘം .
വെയിൽ വരുന്നതിനു മുൻപേ കാവിലെത്തണം എന്നൊക്കെ കരുതിയാണ് രാവിലെ 8 മണിക്കും മുൻപേ ഇറങ്ങിയത് . യൂണിവേഴ്സിറ്റിയിൽ നിന്ന് കൂടിപ്പോയാൽ ഒരു മണിക്കൂർ ദൂരം പെരുമ്പാവൂരിലേക്ക് .അവിടെ നിന്ന് പിന്നെ വളരെ കുറച്ചേ ഉള്ളു ഈ കാവ് ഉള്ള സ്ഥലത്തേക്ക് . രാവിലെ തൊട്ടേ ഭയങ്കരമായി മൂടിക്കെട്ടിയ ഒരു അന്തരീക്ഷം ആയിരുന്നു മഴ ചെറുതായി ഒക്കെ തൂളുന്നുണ്ടു . അത് കൊറച്ചു കഴിഞ്ഞാൽ മാറും എന്നുള്ള ധാരണയിലാണ് നമ്മളിറങ്ങിയത് . പക്ഷെ ഞങ്ങടെ ഭാഗ്യം കൊണ്ടാണെന്നു തോന്നുന്നു വഴി നീളെ മഴയായിരുന്നു .
പെരുമ്പാവൂർ ടൗണിന്റെ തിരക്കിൽ നിന്നൊക്കെ വിട്ടു വളരെ ശാന്തവും സുന്ദരവുമായ ഗ്രാമീണ ശാലീനതയിലാണ് ഇരിങ്ങോൾ കാവ് സ്ഥിതി ചെയ്യുന്നത് . വെയിൽ തീരെ ഇല്ലാത്ത മഴ തൂളുന്ന കാലാവസ്ഥയായിരുന്നു അവിടെ ചെല്ലുമ്പോൾ . വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോഴേ എന്റെ ഷർട്ട് മൊത്തം നനഞ്ഞു പോയിരുന്നു .ആരിഫിനും ഇതേ അവസ്ഥ . പുറകിൽ ഇരിക്കുന്ന രാഹുലിനും കീർത്തനാക്കും ആ ചാറ്റൽ മഴ അത്രക്ക് ഏറ്റില്ല
.. കാവിലേക്കുള്ള വഴിയിലേക്ക് കയറുമ്പോൾ ആണ് പെട്ടന്ന് ഒരു കാട്ടിൽ വന്നു കയറിയ പോലെ തോന്നുക .വല്ലാത്ത ഒരു നിശബ്ദതയും മാനം മുട്ടെ വളർന്ന വലിയ തടിയുള്ള മരങ്ങളും മഴ പെയ്ത നനവും ചളി നിറഞ്ഞ നടപ്പാതകളും ആകെപ്പാടെ സന്തോഷ് ശിവന്റെ സിനിമയിലെ ക്ളീഷേ മഴ സീനുകളിൽ എത്തിയ പോലെ . റോഡിൽ നിന്ന് നേരെ അടുത്ത് അമ്പലത്തിലേക്ക് ഒരു മണ്ണിട്ട എളുപ്പ വഴിയുണ്ട്, വണ്ടിയിൽ അമ്പലത്തിനു പടവ് വരെ ചെല്ലാം .അതിലൂടെ ആണ് ഞങ്ങൾ കയറിയത് പക്ഷെ അതൊരു അബദ്ധം ആയിരുന്നു .വണ്ടി റോഡിൽ വച്ച് നടന്നു വരണം ശെരിക്കും എന്നലെ ആ കാടിന്റെ ഭംഗി അറിയാൻ പറ്റു .
വണ്ടി അമ്പലത്തിന് അടുത്ത് നിർത്തി ഞങ്ങൾ പുറകിലോട്ടു ഒന്നുടെ നടന്നു പോയി . വഴിമൊത്തം മഴ പെയ്ത നനവാണ് . കാടിനുള്ളിലേക്ക് കുഞ്ഞു കുഞ്ഞു വഴികൾ വേറെയുമുണ്ട് . രണ്ടു കയ്യും വച്ച് നീട്ടി കെട്ടിപ്പിടിക്കാൻ പറ്റാത്തത്ര തടിയുള്ള മരങ്ങൾ വരെയുണ്ട് . പോരുന്ന വരിയുടെ കരയിൽ ഒരു കുഞ്ഞു കുളം ഉണ്ട് തീരെ ഉപയോഗിക്കാത്തതുകൊണ്ടാവും വെള്ളം മൊത്തം ഇരുണ്ട നിറമാണ് . അപ്പൊ തൊട്ടു ശക്തിയായി മഴ പെയ്യാൻ തുടങ്ങി പക്ഷെ മരത്തിൽ തങ്ങി വെള്ളം നിലത്തു എത്താൻ ഒക്കെ താമസമാണ് .
അമ്പലമൊക്കെ വളരെ ചെറുതാണ് ഞാനും രാഹുലും കീർത്തനയും ഉള്ളിൽ കയറി തൊഴുതു .ദുർഗാ പ്രതിഷ്ടയാണ് . പിന്നെയാണ് അമ്പലത്തിനു മുന്നിലൂടെയുള്ള പടവുകൾ ഉള്ള വഴി കണ്ടതു അത് കുറെ കൂടി നീളം ഉള്ളതാണ് . മഴ നന്നായി പെയ്യുന്നുണ്ട് . അത് മൊത്തമായി നനഞ്ഞു കൊണ്ട് തന്നെ ആ വഴി മൊത്തം ഞങ്ങൾ പോയി നോക്കി .. വലിയ തടിയുള്ള ഊഞ്ഞാലാടാൻ പാകത്തിനുള്ള വള്ളികൾ ഒക്കെയുണ്ട് . വലിയ മരങ്ങൾ ഒക്കെ വീണു കിടക്കുന്നുണ്ടു . കാടിന്റെ ആ ഒരു മൂകത കഴിയുന്നതിനു മുൻപേ കൃഷി സ്ഥലങ്ങളുണ്ട് .
മനുഷ്യ-പ്രകൃതി- സംസ്കാര - വിശ്വാസങ്ങളുടെ ഏറ്റവും നല്ല ഒരു കോമ്പിനേഷൻ ആണ് ഈ കാവുകളൊക്കെയും . അകലെ ഒരു കൽവിളക്ക് പച്ച മരങ്ങളുടെ പാശ്ത്തലത്തിൽ നാട്ടിയുണ്ട് അതിന്റെ അടുത്ത് നിന്നൊക്കെ കൊറേ ഫോട്ടോയെടുത്തു . മഴയുള്ളതു കൊണ്ടാണെന്നു തോന്നുന്നു ആ 5 ഏക്കർ വരുന്ന മൂകതയിൽ ഞങ്ങൾ നാൽവർ സംഘം മാത്രമായി പോയതു .. അതുപക്ഷേ ലോട്ടറി അടിച്ച പോലെ ആയിരുന്നു ..
"some people feel the rain , others just get wet " എന്നുള്ള വരികളൊക്കെ അനർത്ഥമാക്കുന്ന തിരക്കിലായിരുന്നു ഞങ്ങൾ ..
11 .30 യോട് കൂടി അവിടെ നിന്നിറങ്ങി അതിനടുത്തു തന്നെയുള്ള നാഗഞ്ചേരി മനയിലേക്ക് പോയി . അമ്പലത്തിൽ വന്ന ഒരു ചേച്ചിയാണ് ആ മനയെ പറ്റിയൊക്കെ പറഞ്ഞത് . വഴി നീളെ പൊരിഞ്ഞ മഴ കിട്ടി . നാഗഞ്ചേരി മന സംസ്ഥാന ടുറിസം വകുപ്പ് ഏറ്റെടുത്തു ഇപ്പൊ ഒരു കുഞ്ഞു ടുറിസ്റ് കേന്ദ്രമാണ് . ഞങ്ങൾ ചെല്ലുമ്പോ അത് തുറന്നിട്ടില്ല . അടുത്തുള്ള വീട്ടിൽ ചോദിച്ചപ്പോൾ മഴ കാരണം തുറക്കാൻ ലേറ്റ് ആകുന്നതാണ് അത് വരേയ്ക്കും അടുത്തുള്ള ഒരു അഗ്രോ ഫാം കണ്ടു വരാൻ പറഞ്ഞു . പിന്നെ അങ്ങോട്ട് പോയി .
ഒരു പടത്തിന്റെ കരയിൽ നടുക്കുകൂടെ ചെറിയ ഒരു തോടൊക്കെ ഒഴുകുന്ന വിശാലമായ ഒരു ഫാം .ഒരു മൽസ്യ കൃഷിയാണ് കൂടുതൽ കഴിക്കാൻ പറ്റുന്നതും അലങ്കാര മൽസ്യങ്ങളും വേറെ തന്നെയുണ്ട് . കോഴി , താറാവ് , അലങ്കാര പക്ഷികൾ അങ്ങനെ കുറചു വേറെയും ഉണ്ട് . ഫാമിന്റെ മൊത്തത്തിൽ പണി നടന്നു കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ പ്രളയത്തിൽ വലിയ കേടുപാടുകൾ ഇവിടെ സംഭവിചിരുന്നു . വെള്ളം കയറി മീനുകൾ കൊറേ ഒലിച്ചു പോയി. ഇപ്പൊ എല്ലാം ഒന്നുടെ നിർമ്മിച്ച് പുതിയതായി ചെയ്യാൻ ഉള്ള പരിപാടിയാണ് . ഫാമിൽ മീനുകൾക്കുള്ള തീറ്റ വാങ്ങി കരയിൽ നിന്ന് ഓരോ വലിയ ടാങ്കുകളിലേക്കും ഇട്ടു കൊടുക്കാം . മീനുകൾ എല്ലാം തല്ലുകൂടി അത് തിന്നുന്നത് കാണാൻ നല്ല രസം ആണ് .
ഒരു അര മുക്കാൽ മണിക്കൂറു അവിടെ നിന്ന് പിന്നെ ഇറങ്ങി . നേരെ മനയിലേക്ക് ചെന്നു. അപ്പോഴും അവിടെ തുറന്നിട്ടില്ല . അകത്തു എന്തൊക്കെയോ പണികൾ നടക്കുന്നുണ്ട് അവരോടു ചോദിച്ചിട്ടു ഞങ്ങൾ അകത്തേക്ക് കയറി . ശരിക്കും കാടിനേക്കാൾ ഒക്കെ വല്ലാത്ത അന്തരീക്ഷം ആ മനയിൽ ആയിരുന്നു . നട്ടുച്ച 12 . 30 ക്കു പോലും വെയില് തീരെ ഇല്ല ചുറ്റും കട്ടി മഞ്ഞും . സിനിമയിൽ ഒക്കെ കാണുന്ന പോലെ ഓരു haunted house ൽ കയറിയ ഫീലിംഗ് . ആകെ ആ മനയിലും പരിസരത്തും ഞങ്ങൾ നാലു പേര് മാത്രമേ ഉള്ളു .. ആദ്യം പുറത്തൊക്കെ നടന്നു കണ്ടു . കുട്ടികൾക്ക് ഒരു പാർക്കൊക്കെ ഉണ്ട് .. മൊത്തം മഞ്ഞു നിറഞ്ഞു ആകെ ഇരുണ്ടു ഉള്ള അന്തരീക്ഷം . കുട്ടികളുടെ ഊഞ്ഞാലിലും മറ്റും പോത്ത് പോലെ വളർന്ന 4 ചെറിയ കുട്ടികൾ കയറി കളിച്ചു എന്ന് പ്രത്യേകം പറയേണ്ടല്ലോ .. ? :p
അത് കഴിഞ്ഞാണ് മനയുടെ അകത്തു കയറുന്നത് . മൊത്തം ഇരുട്ട്. വെളിച്ചത്തിന്റെ ഒരു അംശം പോലും ഇല്ല . നാലുകെട്ട് മോഡലിൽ ഉള്ള നിർമിതിയാണ് . അകത്തേക്ക് കയറുമ്പോൾ മനുഷ്യനെ പേടിപ്പിക്കാൻ എന്ന വണ്ണം വലിയ ശില്പങ്ങൾ ഒക്കെ ഉണ്ട് . ശെരിക്കും പ്രേത സിനിമയിൽ ഒക്കെ കാണുന്ന പോലെ .. നല്ലോണം ധൈര്യം ഉള്ളത് കൊണ്ട് പരസ്പരം കൈകോർത്തു പിടിച്ചാണ് അകത്തു ഞങ്ങൾ നടന്നത് .പഴയ vintage മലയാള പ്രേത സിനിമകളിലെ ക്ളീഷേ രംഗങ്ങൾ ഒക്കെ മനസ്സിൽ ഇങ്ങനെ നിറഞ്ഞു വരും . അകത്തു ഒരു മുറിക്കു താഴെ ആയി നിലവറ പോലെ അണ്ടർഗ്രൗണ്ട് പാസ്സേജ് ഒക്കെ ഉണ്ട് .. പിന്നെ മുറ്റത്തിറങ്ങി കൊറേ നേരം സംസാരത്തിനു ഇടയ്ക്കു പ്രേത കഥകൾ മാത്രമായിരുന്നു . ..എങ്ങനെയാണ് പേടി കൂടാതെ ഈ വീട്ടിൽ ഒക്കെ പണ്ടുള്ളവർ താമസിച്ചിരുന്നത് എന്നു കൊറേ നേരം ഞങ്ങളൊക്കെ ആലോചിച്ചു ..
അത് കഴിഞ്ഞു അവിടെ നിന്നിറങ്ങി അപ്പോഴേക്കും മഴ പിന്നെയും ശക്തമായി .. രാവിലേ നനഞ്ഞ മുടി ഒന്ന് ഉണങ്ങാൻ ഉള്ള സാവകാശം പോലും മഴ തരുന്നില്ല .. അവിടെ നിന്ന് പിന്നെ ഭക്ഷണം കഴിഞ്ഞു പാണിയേലിപോരിലേക്ക് . പെരുമ്പാവൂരിൽ നിന്ന് 15 km . റോഡ് തീരെ തിരക്കില്ല പക്ഷെ അത്ര നല്ലതല്ല . ഇതൊക്കെ എറണാംകുളം ജില്ലയുടെ ഇങ്ങേ തലക്കൽ ആണ് . മെട്രോ നഗരം അടുത്തുള്ളതിന്റെ യാധൊരു ലക്ഷണവും ഇല്ല . പാണിയേലിപോരും വന ഭൂമിയാണ് . പെരിയാറിലെ വെള്ളം വന്നു വെള്ളച്ചാട്ടമായി മാറുന്ന സ്ഥലം . എന്തൊക്കെയോ ഐതീഹ്യം ഈ പേരിനു പിന്നിലുണ്ട് . ഐതീഹ്യത്തെ പറ്റി ആരിഫ് പലതരത്തിൽ തള്ളി മറിക്കുന്നുണ്ടെങ്കിലും ഞങ്ങൾക്ക് അതൊന്നും അത്ര വിശ്വസനീയം അല്ലായിരുന്നു . പാണിയേലിപോരിൽ എത്തിയപ്പോൾ തന്നെ മൊത്തമായി നനഞ്ഞു ഓരു പരുവം ആയിരുന്നു .. വളരെ മനോഹരമായ നടപ്പാതകളാണ് അവിടെ മൊത്തം . വനത്തിനു വശത്തായി ആന വരാതെ ഇരിക്കാൻ ഇലക്ട്രിക്ക് വേലി കെട്ടിയിരിക്കുന്നു . പക്ഷെ അതിലൊന്നും കാര്യമില്ലെന്നും മരങ്ങൾ മറിച്ചിട്ട് വേലിത്തകർത്തു ആനകൾ വന്നിട്ട് പോകും എന്നൊക്കെ ഫോറസ്റ്റ് വാച്ചര്മാര് പറഞ്ഞു . പെരിയാറിന്റെ കരയിൽ ശാന്തമായി ഇരിക്കാനൊക്കെ പറ്റിയ നല്ലൊരു സ്ഥലമാണ് അത് . നല്ല കാറ്റും ശാന്തതയും . ഇരിക്കാൻ ബെഞ്ചുകളൊക്കെയുണ്ട് . കുറച്ചു കൂടി മുന്നോട്ടു പോയാൽ പാറക്കെട്ടുകൾക്കിടയിൽ വെള്ളത്തിൽ ഇറങ്ങി നില്ക്കാൻ പറ്റും . നിറയെ വെള്ളം നിറഞ്ഞു പോകുന്ന വഴുക്കുള്ള ഉരുണ്ട പാറകൾ . നടക്കുമ്പോൾ ഒക്കെ തെന്നി വീഴുമോ എന്ന പേടി എനിക്ക് നല്ലോണം ഉണ്ടായിരുന്നു . മഴയായതു കൊണ്ട് അവിടെയും ആളുകൾ വളരെ കുറവായിരുന്നു .. കൊറേ നേരം അവിടെ നിന്ന് വൈകുന്നേരം ഒരു 3 30 ആകുമ്പോഴേക്കും ഞങ്ങൾ ഇറങ്ങി .,
ഇറങ്ങിയപ്പോ തൊട്ടു പിന്നെയും മഴ തുടങ്ങി . അതെങ്ങനെയാണ് കൃത്യമായി ഞങ്ങൾ ഇറങ്ങുമ്പോൾ മാത്രം മഴ വരുന്നത് എന്ന് കൊറേ ഞങ്ങൾ ആലോചിച്ചു . കൊറേ വണ്ടി ഓടിച്ചു പിന്നെ മഴ കാരണം ഓടിക്കാൻ കഴിയാതെ ആയി . കയ്യൊക്കെ തണുത്തു മരവിച്ചു തുടങ്ങി . നല്ല കാറ്റ് കൂടി വീശി തുടങ്ങിയപ്പോൾ ഞങ്ങൾ വണ്ടി നിർത്തി ഒരു കടയുടെ വരാന്തയിൽ കയറി നിന്നു. ഗാജ ചുഴലിക്കാറ്റിന്റെ ഭാഗമായിരുന്നു അതൊക്കെ എന്ന് പിന്നെയാണ് മനസിലായത് .. മഴ കുറച്ചു കുറഞ്ഞപ്പോൾ ഇറങ്ങി 6 ആകുമ്പോഴേക്കും യൂണിവേഴ്സിറ്റിയിൽ വന്നു കയറി .
ഇരിങ്ങോൾ കാവിലെ പരസ്യബോർഡിൽ എഴുതി വച്ച എനിക്ക് ഭയങ്കരമായി ഇഷ്ടപെട്ട ഒരു കാര്യം ഉണ്ട് . " നിങ്ങൾ വന്നതിന്റെ പാദമുദ്രകളിൽ കൂടുതലൊന്നും തന്നെ ഇവിടെ ഉപേക്ഷിക്കരുത് " എന്ന് .. ഒന്നും ഉപേക്ഷിക്കുന്നില്ല കൊറേ ഓർമ്മകളെ മാത്രം കടമെടുക്കുന്നു .. പിന്നീടുള്ള കാലങ്ങളിൽ എപ്പോളെങ്കിലും , പണ്ടെപ്പോഴോ ജീവനോടെ ഉണ്ടായിരുന്നു എന്ന് ഒരു ഓർമ്മപ്പെടുത്തൽ വേണ്ടിവരുന്ന സമയത്തു മാത്രം എടുത്തു പ്രയോഗിക്കാൻ കൊറച്ചു ഓർമ്മകളെ മാത്രം കടമെടുക്കുന്നു .....




അനുഭവിച്ചറിഞ്ഞതോളം മധുരം ഉണ്ടാവുമല്ലൊ ഓരോ യാത്രവിവരണത്തിനും
ReplyDeleteനന്ദി , വായിച്ചതിനും അഭിപ്രായത്തിനും..
Delete"പിന്നീടുള്ള കാലങ്ങളിൽ എപ്പോളെങ്കിലും , പണ്ടെപ്പോഴോ ജീവനോടെ ഉണ്ടായിരുന്നു എന്ന് ഒരു ഓർമ്മപ്പെടുത്തൽ വേണ്ടിവരുന്ന സമയത്തു മാത്രം എടുത്തു പ്രയോഗിക്കാൻ കൊറച്ചു ഓർമ്മകളെ മാത്രം കടമെടുക്കുന്നു"
ReplyDelete❤❤❤
നടക്കുവാൻ കൊതിച്ച വഴികളിൽ കാണുന്ന കാല്പാടുകൾപോലെ വായിച്ചു തീർത്തു..
ReplyDelete