കാലാന്തരങ്ങൾക്ക് മുൻപും ശേഷവും നമ്മൾ പരിചിതരായിരുന്നു..
ഒരിക്കൽ നീയെന്റെ ഹൃദയവും ഞാൻ നിന്റെ മനസുമായിരുന്നു..
പിന്നൊരിക്കൽ നീയെന്റെ ശബ്ദവും ഞാൻ നിന്റെ ഓർമ്മയുമായി...
അതു കഴിഞ്ഞു ഞാൻ ഒരു നദിയും നീയൊരു സന്യാസിയും ആയിരുന്നു.
ലോകത്തിനു മുകളിലൂടെ പറക്കുന്നൊരു പറവയായും നിശ്ചലമായ ശില്പമായും നമ്മൾ മാറി മാറി ഇരുന്നിട്ടുണ്ട്.
ആത്മാക്കളായും
കറുത്ത താഴ്വരകളായും മൂടൽമഞ്ഞായും
ഇഴ സർപ്പമായും നമ്മളിരുന്നു..
ഇന്നലെയും നാളെയും നമ്മൾ ഈ ലോകത്തുള്ള എല്ലാമായിരുന്നു ....
പക്ഷെ...
ഇന്ന് മാത്രം ...
ഈ നിമിഷത്തിൽ മാത്രം...
നമ്മൾ അപരിചിതരാണ്..
ഈ വൃത്തതിന്റെ ആദിയോ അന്ത്യമോ എന്നു നിശ്ചയമില്ലാത്ത ഒരു നിമിഷത്തിൽ നമ്മൾ അപരിചിതരാണ്..
കുന്നിൻ ചരുവിലെ ഒറ്റമരതണലിൽ ,
ഇരുട്ടുമൂടിയ ചതുപ്പിൽ,
രാത്രി പുഷ്പ്പങ്ങളുടെ മാസ്മരികതയിൽ,
അഭിരമിക്കുന്ന ആത്മാക്കളിൽ,
ജീവിതത്തിന്റെ സുഖ ദുഃഖങ്ങളിൽ ,
അങ്ങനെ അനേകായിരം സാധ്യതകളിൽ എവിടെയാണ് ഞാൻ നിന്നെ അന്വേഷിക്കേണ്ടത്... ?
ഈ അപരിചിതത്വം എന്റെ തടവറയാണ്
ഈ നിസ്സഹായത എന്റെ വേദനയാണ്...
Comments
Post a Comment