കൃതി അന്താരാഷ്ട സാഹിത്യോത്സവം .സംസ്ഥാന സഹകരണ വകുപ്പിന്റെ 10 നാൾ നീണ്ടു നിൽക്കുന്ന ഒരു സംരംഭം . പ്രധാനമായും 2 സ്ഥലങ്ങളിൽ ആണ് ഫെസ്റ്റ് നടക്കുന്നത് പുസ്തകപ്രദർശനം മറൈൻ ഡ്രൈവിലും സാഹിത്യ സംവാദങ്ങൾ ബോൾഗാട്ടി പാലസിലും .
പണ്ട് സഹകരണ വകുപ്പ് മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ ഒരു ഫേസ്‍ബുക് പോസ്റ്റിലൂടെയാണ് കൊച്ചി ബിനാലെ മാതൃകയിൽ കൊച്ചിയിൽ തന്നെ ഒരു പുസ്തകോത്സവം നടത്തും എന്ന് അറിയിച്ചത് . ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെസ്റ്റിന്റെ വാർത്തകൾ പത്രങ്ങളിലും ഓൺലൈൻ ന്യൂസ് പോർട്ടലുകളിലും നിറഞ്ഞ സമയമായിരുന്നു അത് . മന്ത്രിയുടെ ആ പോസ്റ്റ് ഏറ്റവും ഉത്സാഹത്തോടെ എന്റെ കുറച്ചു പുസ്തകപ്രേമി സുഹൃത്തുകൾക്ക് അയച്ചു കൊടുത്തിരുന്നു അന്ന് . അദ്ദേഹം വാഗ്ദാനം ചെയ്ത പോലെതന്നെ ഏറ്റവും മനോഹരമായ രീതിയിൽ ഈ ഫെസ്റ്റിവൽ നടന്നു കൊണ്ടിരിക്കുകയാണ് .
പ്രദർശനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിക്കെയാണ് ഞാനും സന്തോഷും പരിപാടി കാണാൻ ചെല്ലുന്നതു . ഒരു ആഴ്ച മുന്നേ വരവ് പ്ലാൻ ചെയ്തിരുന്നെങ്കിലും പറ്റിയില്ല . കഴിഞ്ഞ ആഴ്ച വരാൻ നിന്നതിൻ്റെ തലേന്ന് തേങ്ങാ പൂളുമ്പോൾ കത്തി കൈക്കു വന്നു കയറി ഒരു ചെറിയ പരിക്ക് പറ്റിയിരുന്നു . അപ്പൊ യാത്രയങ്ങനെ നീണ്ടു നീണ്ടു പോയി .ഈ കാലയളവിൽ കൃതിയുടെ ഫേസ്ബുക്ക് പേജിൽ പരിപാടിയുടെ വിഷയങ്ങളും ഫോട്ടോസും ലൈവ് വീഡിയോകളും കാണുമായിരുന്നു . എനിക്ക് ഏറെ ഇഷ്ടപെട്ട പല എഴുത്തുകാരെയും ഈ പരിപാടിയിൽ സജീവമായി പങ്കെടുത്തിരുന്നു .
ഞങ്ങൾ ചെന്നത് മറൈൻ ഡ്രൈവിലുള്ള പുസ്തക പ്രദർശന വേദിയിൽ ആയിരുന്നു .ബസിൽ പോകുമ്പോൾ തന്നെ പരിപാടിയുടെ തിരക്കും വലുപ്പവും കണ്ടു ഞെട്ടിയിരുന്നു .. പുസ്തകശാലയിലേക്ക് വന്നു കയറുമ്പോൾ ഞങ്ങളെ വരവേറ്റത് ഒരു വലിയ കാക്കയുടെ ശിൽപം ആണ് .
"കൂരിരുട്ടിന്റെ കിടത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റതോഴി .." എന്ന് തുടങ്ങുന്ന വൈലോപ്പിള്ളിയുടെ കാക്ക എന്ന കവിത അതിൽ ആലേഖനം ചെയ്തിരുന്നു . വൈലോപ്പിള്ളിയുടെ ഈ കവിതയാണ് പുസ്തകോത്സവത്തിന്റെ തീം . ആ കാക്കയാണ് പരിപാടിയുടെ ചിഹ്നം . വളരെ ക്രിയെറ്റിവ് ആയ ഒരു ചിന്തയാണത് . ബസിൽ വരുമ്പോൾ മെട്രോ തൂണുകളിലും ഈ കാക്കയെ കണ്ടിരുന്നു . കൃതിയുമായി ബന്ധപ്പെട്ട എഴുതുകളിലും ഈ കാക്കയെ വാട്ടർ മാർക്കായി ചേർത്തിരുന്നു .
അസാമാന്യ വലുപ്പം ഉള്ള പ്രദർശന വേദി നടുക്ക് ,അതിനു അപ്പുറത്തു് ഭക്ഷണമേളയും ഇപ്പുറത്തും കലാ പരിപാടികൾ നടക്കുന്ന സ്റ്റേജും അങ്ങനെയാണ് വേദി അറേഞ്ച് ചെയ്തിരുന്നത് . വേദിക്കു മുന്നിൽ വില്പന സ്റ്റാളുകൾ പാർക്കിംഗ് ഗ്രൗണ്ട് ശുചിമുറി എന്നിവയും ഒരുക്കിയിരിക്കുന്നു . പ്രദർശന വേദിയിലേക്ക് കടന്നപ്പോൾ ആണ് ശെരിക്കും ഞെട്ടിയത് 6 വരികളിൽ ആയി 100 കണക്കിന് പുസ്തക സ്റ്റാളുകൾ , ഒരു പൂരത്തിന്റെ ആൾക്കാർ , പ്രദർശന വേദിക്കുള്ളിലും 2 ചെറിയ സ്റ്റേജുകൾ . കടന്നു വരുമ്പോൾ തന്നെ കാണുന്ന സ്റ്റേജിൽ ഒരു പുസ്തക പരിചയം നടക്കുകയാണ് എഴുത്തുകാരി പുസ്തകത്തെ പറ്റി വിശദീകരിക്കുന്നു ശ്രോതാക്കളും ഏറെയാണ് സമീപത്തെ സ്കൂളുകളിൽ നിന്നെല്ലാം യൂണിഫോം ഇട്ട കുട്ടികൾ അധ്യാപകർക്കൊപ്പം പരിപാടി കാണാൻ വന്നിരിക്കുന്നു ചിലർ ചിതറി പോകുന്നു ചിലർ വരി വരിയായി ഉറുമ്പുകളെ പോലെ പോകുന്നു .. മറ്റേ സ്റ്റേജിൽ ഒരു കവി മനോഹരമായ ഒരു കവിത ആലപിക്കുകയാണ് .
ഈ പുസ്തക പ്രദർശനത്തിന് പോകുമ്പോൾ ഇപ്പോഴും തോന്നുന്ന ഒരു കാര്യം ഉണ്ട് . പുസ്തകങ്ങൾ ഇങ്ങനെ ഒരുമിച്ചു ഇരിക്കുന്നതിനേക്കാൾ സുന്ദരമായ ഒരു കാഴ്ച്ച വേറെയുണ്ടോ എന്നതാണ് അത് . അത്രയും മനോഹരമായി ആണ് സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത് . പെരിയാറിന്റെയും അംബേദ്കറിന്റെയും ദര്ശനങ്ങൾ ഉൾകൊള്ളുന്ന ഒരു സ്റ്റാളിൽ നിന്ന് ചെറിയ രണ്ടു പുസ്തകങ്ങൾ ഞങ്ങൾ വാങ്ങി . ഒന്ന് പെരിയാറിന്റെ ഒരു ബയോഗ്രാഫി മറ്റത്തു അംബേദ്‌കറിന്റെ ഒരു പഠനം . ഇടക്ക് കാർഷിക ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും കലാവസ്തുക്കളുടെ സ്റ്റാളുകളും ഉണ്ട് ..
ഏറ്റവും ആകർഷകമായി തോന്നിയ ഒന്ന് ഒരുപാട് കാർട്ടൂണിസ്റ്റുകളുടെ ഒരു സംരഭമാണ് . അവരുടെ മുന്നിൽ ഇരിക്കുന്നവരുടെ ഒരു കാരിക്കേചേർ അവര് വരച്ചു നൽകും പ്രതിഫലം ഒന്നും വേണ്ട പകരം ഒരു ചാരിറ്റി ബോക്സിൽ നമുക്ക് ഇഷ്ടം ഉള്ളത് ഇട്ടാൽ മതി . അത് ഓട്ടിസം ബാധിച്ച കുട്ടികളുടെ ക്ഷേമത്തിനു ഉപയോഗിക്കും എന്ന് അറിയിച്ചിരിക്കുന്നു .. ഏറെ നേരം കാത്തിരുന്നാണ് ഞങ്ങൾക്ക് അവസരം കിട്ടിയത് . സജീവൻ ശൂരനാട് എന്ന കാർട്ടൂണിസ്റ്റാണ് ഞങ്ങൾക്ക് 2 പേർക്കും ചിത്രങ്ങൾ വരച്ചു നൽകിയത് . എന്റെ രൂപം എന്നെ പോലെ തന്നെയുണ്ട് സന്തോഷിന്റെ പക്ഷെ പെട്ടന്നു മനസിലാവൂല്ല സന്തോഷാണെന്നു .
ഇംഗ്ലീഷ് പുസ്തകങ്ങളുടെ കമനീയമായ ഒരു ശേഖരം തന്നെയുണ്ട് ആകര്ഷകമായ വിലക്കുറവും ഉണ്ട് . ഹാരി പോട്ടർ സീരിസ് ഒക്കെ ഒരു ബോക്സിൽ ആക്കി വച്ചിരിക്കുന്നത് കണ്ടാൽ തന്നെ വാങ്ങാൻ തോന്നും . വിലയാണ് പ്രശനം 100 രൂപയിൽ താഴെയുള്ള പുസ്തകങ്ങൾ കണ്ടെത്തുക എന്ന് പറഞ്ഞാൽ കടലിൽ നിന്ന് ഒരു കടുകുമണി കണ്ടെത്തുന്ന പോലെയാണ് . പ്രത്യേകിച്ച് വിദേശ എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് തീ പിടിച്ച വിലയാണ് .. കയ്യൊപ്പിലെ ബാലചന്ദ്രൻ പറഞ്ഞ പോലെ " താങ്ങാൻ പറ്റണില്ല രേഖേ .. എന്താ വില .. "
സ്കൂൾ കുട്ടികൾക്ക് എന്തൊക്കെയോ വിലക്കുറവുകൾ ഉണ്ട് . തീരെ ചെറിയ കുട്ടികളും കാഴ്ച കണ്ടു നടക്കുന്നുണ്ട് ചിലർ വേദിക്കു അങ്ങിങ്ങായി വച്ചിട്ടുള്ള lcd സ്‌ക്രീനുകൾക്കു മുന്നിൽ നോക്കിനിൽക്കുന്നു ചിലർ സംഘാടകർ കൊടുത്ത ലീഫ് ലെറ്റസ് പറത്തികളിക്കുന്നു ചിലർ നടന്നു ക്ഷീണിച്ചിട്ടാവണം താഴെ ചുമ്മാ മലർന്നു കിടക്കുന്നും ഉണ്ട് ..
ചിത്ര പ്രദര്ശനങ്ങളും ശില്പ പ്രദര്ശനങ്ങളും ഉണ്ട് പക്ഷെ അതികം ഇല്ല . എല്ലാം മനോഹരം . ചിത്രങ്ങളും ശില്പങ്ങളിലും എല്ലാം വിഷയമായി നിന്നതു അട്ടപ്പാടിയിൽ ക്രൂരമായി കൊല്ലപ്പെട്ട മധു എന്ന യുവാവാണ്
മറ്റൊന്ന് സംസ്ഥാന ആർക്കേവ് വകുപ്പിന്റെ ചരിത്ര രേഖകളുടെ പ്രദർശനമാണ് . അടിമവ്യാപാരം നിർത്തലാക്കികൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് , ഇ.എം.എസി നെ പിടിച്ചു കൊടുത്താൽ 1000 രൂപ പ്രതിഫലം പറഞ്ഞുള്ള മലബാർ പോലീസിന്റെ നോട്ടിസ് ഈഴവ സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിന്റെ രേഖ , താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്ര പ്രവേശനം കൊടുക്കുന്നതിനെതിരെ സവർണ്ണർ രാജാവിന് സമർപ്പിച്ച നിവേദനം എല്ലാം കൗതുകത്തോടെയാണ് വായിച്ചതു . പഴയ എഴുത്തുകൾ എല്ലാം കാവ്യം പോലെയാണ് ..
നേരിട്ട് കാണണം എന്ന് ആഗ്രഹം ഉള്ള സാഹിത്യകാരന്മാർ ഒക്കെ ബോൾഗാട്ടി പാലസിൽ ആയിരിക്കും ഉണ്ടാവുക എന്ന് തോന്നി ഏറെ നിലവാരമുള്ള ചർച്ചകളും സംവാദങ്ങളുമാണ് അവിടെ നടക്കുന്നതെന്നും സംഘടകർ തന്ന ബുക്‌ലെറ്റിൽ ഉണ്ടായിരുന്നു . പ്രദർശനം കണ്ടു ഇറങ്ങിയപ്പോ തന്നെ ഒരു സമയം ആയി ,വീട്ടിൽ എത്താൻ ഉള്ളത് കൊണ്ട് അങ്ങോട്ട് പോയില്ല ..
അത് കഴിഞ്ഞു ഭക്ഷണ മേളയിലേക്ക് കയറി അവിടെയും കുറെ സ്റ്റാളുകൾ ഉണ്ട് . പക്ഷെ ഞങ്ങളെ ആകർഷിച്ചത് മുല്ലപ്പന്തൽ കള്ളുഷാപ്പിന്റെസ്റ്റാൾ ആയിരുന്നു . എറണാംകുളത്തു ഒക്കെ ഏറെ പ്രസിദ്ധമാണ് മുല്ലപ്പന്തൽ . പഠിക്കുന്ന സമയത്തു് ഒരുപാട് തവണ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട് .. എല്ലാം കഴിഞ്ഞ് മറൈൻ ഡ്രൈവിലേക്ക് നടന്നു ഒരു കുലുക്കി സർവത്തു കുടിച്ചു പിരിഞ്ഞു
ഏറെ അഭിന്ദനം അർഹിക്കുന്നത് സംസ്ഥാന സഹകരണ വകുപ്പ് തന്നെയാണ് വായനക്കാരുടെ പൾസ് അറിഞ്ഞാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നതു . നൂതനമായ പ്രചാരണ മാര്ഗങ്ങള് , കലാപരിപാടികൾ എല്ലാം ഒരുക്കിരിയിക്കുന്നു . കേരളത്തിന്റെ സാഹിത്യ - വായന മണ്ഡലത്തിൽ ഈ പരിപാടി ഒരു നാഴികക്കല്ലാവും എന്ന കാര്യത്തിൽ സംശയം ഒന്നും വേണ്ട . ഞങ്ങളുടെ അടുത്ത് നിന്നിരുന്ന ഒരു ചേട്ടൻ ഞങ്ങളോട് പറയുകയുണ്ടായി " ഇതിപ്പോ വല്ല വിദേശ രാജ്യത്തെ ഒരു തെരുവിൽ പോയ പോലെയുണ്ടെന്ന് " ..
മുൻപ്, ഒരു വര്ഷം മുൻപ് ഞാൻ ഒരു അറുബോറൻ പുസ്തകോത്സവത്തിനു ട്രെയിൻ പിടിച്ചു പോയ കഥ സൂചിപ്പിച്ചിരുന്നല്ലോ ... ഒരു പുസ്തകോത്സവം എങ്ങനെ ആകരുത് എന്ന് ആ പ്രദർശനത്തെ മാതൃകയാക്കി നമുക്ക് പറയാം ..എന്നാൽ അത് എങ്ങനെ ആയിരിക്കണം എന്ന് മനസിലാക്കാൻ പാകത്തിലുള്ള ഒരു പുസ്തകോത്സവമാണ് കൃതി . സംഘടകർക്കു എന്തായാലും യാതൊരു ലാഭവും ഇതിലൂടെ ഉണ്ടാകും എന്ന് തോന്നുന്നില്ല. എന്നാലും ഇത്തരത്തിലുള്ള സാംസ്‌കാരിക - വായന സംരഭങ്ങൾ കാലം ആവശ്യപ്പെടുന്ന ഒന്നാണ് .. ഇതൊക്കെ പൂർവാധികം ഭംഗിയോടെ നടത്തുക എന്ന് പറയുന്നത് തന്നെ സർക്കാർ ഏജൻസികളുടെ ഒരു കടമതന്നെയാണ് .. അടുത്ത വർഷവും ഇതിൽ സമ്മേളിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിൽ നിര്ത്തുന്നു ..'








Comments
Post a Comment