പണ്ടെപ്പോളോ ടി വി യിൽ " കഥാവശേഷൻ " എന്നൊരു സിനിമ കാണുകയുണ്ടായി . നീചമായ ഒരു ലോകത്തു ജീവിച്ചിരിക്കുന്നതിലെ നാണക്കേടോർത്തു ആത്മഹത്യ ചെയ്ത ഒരു ഐഡിയലിസ്റ് നായകനെയും അയാളുടെ ജീവിതത്തെയും ആണ് ആ സിനിമ പ്രതിപാദിക്കുന്നത് .
ഇന്ന് ഞാൻ അത് പോലെ മനുഷ്യ വർഗത്തിനാകെ അപമാനകരമാവിധം ഒരു ചിത്രം കാണുകയുണ്ടായി . ഭക്ഷണം മോഷ്ടിച്ചു എന്നാരോപിച്ചു ഒരു ആദിവാസി യുവാവിനെ കൈകാലുകൾ ബന്ധിച്ചു പ്രബുദ്ധ മലയാളികൂട്ടം തല്ലി കൊന്നിരിക്കുന്നു . ദൈന്യതയുടെ രണ്ടു കണ്ണുകൾ ഇപ്പോഴും മുന്നിൽ നിന്ന് ചോദിക്കുന്നുണ്ട് . എന്തിനെന്നു ... ?? തിരിച്ചു സംസാരിക്കാൻ കഴിവില്ലാത്ത ഒരു പാവത്തിനെ ഒരു കൂട്ടം മാന്യന്മാർ കൈകാൽ കെട്ടിയിട്ടു തല്ലുന്നു . ചിലർ അതിനു മുന്നിൽ നിന്ന് സെൽഫി എടുക്കുന്നു .. ഇത്രത്തോളം ക്രൂര വിനോദങ്ങൾ ആസ്വദിക്കുന്നവരാന് ഞാൻ ഉൾപ്പെടുന്ന ജനത എന്ന ബോധം എന്നെ വല്ലാതെ വേട്ടയാടുന്നു ..
അവസാനവട്ടം വയനാട്ടു പോയപ്പോഴും ഞാൻ കാണുകയുണ്ടായി , സാദാരണ സാരിയിൽ നിന്ന് മാറി മുണ്ടു കൊണ്ട് പരമ്പരാഗത രീതിയിൽ വേഷം ധരിച്ച ഒരു ആദിവാസി കുടുംബത്തെ ..
കണ്ണിൽ ദൈന്യത മാത്രം കൊണ്ട് നടക്കുന്ന മനുഷ്യരെ .
ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിക്കുമ്പോൾ ഞങ്ങൾക്ക് അടുത്ത് വരാതെ ആരെയും ശല്യപെടുത്താതെ ഒരു മൂലക്ക് നിൽക്കുന്ന ഒരു കുടുംബത്തെ .
തൊട്ടടുത്ത ഒരു കടയിൽ വളരെ പതുക്കെ മുഖത്ത് പോലും നോക്കാതെ കടക്കാരനോട് സംസാരിക്കുന്ന ഒരു ആദിവാസി യുവാവിനെയും കണ്ടു .. ഇത്രേം പാവം പോലെ പെരുമാറിയാൽ കഴിവുള്ളവർ മുതലെടുക്കൂല്ലേ എന്നാർന്നു അന്ന് തോന്നിയ സംശയം .
ഇന്ത്യ സ്വാതന്ത്ര്യം നേടി 70 വര്ഷം കഴിയുമ്പോളും കാടിന്റെ മക്കൾ ഇപ്പോളും പാർശ്വവൽക്കരിക്കപ്പെട്ടു തന്നെ കഴിയുന്നു .. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും ലഭ്യമായ സാമാന്യ നീതിയും മര്യാദയും ആദിവാസിക്ക് മാത്രം ലഭിക്കുന്നില്ല . അന്തസോടെ ജീവിക്കാൻ ഭരണഘടന കൊടുക്കുന്ന അവകാശം ആദിവാസിക്ക് മാത്രം അന്യമാണ് .ഇന്നും ഒറ്റപ്പെട്ട തുരുത്തുകൾ ആയി അട്ടപ്പാടി മാറുന്നതും ഇത് കൊണ്ട് തന്നെയാണ് . എല്ലാ സർക്കാരുകളുടെയും സംസ്ഥാന ബഡ്ജറ്റിൽ അട്ടപ്പാടി പാക്കേജ് എന്നപേരിൽ ഒരു തുക മാറ്റിവെക്കാറുണ്ട് . ഇക്കാലമത്രയും വിവിധ സർക്കാരുകൾ മാറ്റി വച്ച തുകയുണ്ടെങ്കിൽ തന്നെ അവിടെ വലിയ തോതിലുള്ള വികസനങ്ങൾ കൊണ്ട് വരാമായിരുന്നു . പിന്നെ എന്ത് കൊണ്ടാണ് കുട്ടികൾ പോഷകാഹാരക്കുറവ് മൂലം മരിക്കുന്നതു എന്നു നമ്മൾ അന്വേഷിക്കേണ്ടിയിരിക്കുന്നു ..
പക്ഷെ അതല്ല ഇപ്പോളുള്ള പ്രശനം . തന്റെ സഹജീവിയെ യാതൊരു കരുണയും കാണിക്കാതെ ക്രൂരമായി പീഡിപ്പിച്ചു അത് സെൽഫിയെടുത്തു ആസ്വദിച്ച ചിലരുടെ മനസ്ഥിതിയാണിവിടെ പ്രശ്നം ..
ആൾക്കൂട്ട നീതി നടപ്പാക്കുന്ന സീനുകൾക്ക് സിനിമകളിൽ ലഭിക്കുന്ന വാൻ സ്വീകാര്യതയും ചർച്ച ചെയ്യപ്പെടേണ്ടതാണ് . കൊല ചെയ്തവനെ കൊല ചെയ്യണം എന്ന് ആക്രോശിക്കുന്ന ആൾകൂട്ടം എത്ര മാത്രം സമൂഹത്തിൽ മുന്നേറി എന്ന് നാം പരിശോധിക്കണം .. ആൾക്കൂട്ടത്തിന് ഒരു മുഖമില്ല ഒരു ഐഡന്റിറ്റി ഇല്ല അതുകൊണ്ടു തന്നെ എന്ത് തോന്നിവാസവും ചെയ്യാം ആൾകൂട്ടത്തിൽ ആർക്കും ഒരു ഉത്തരവാദിത്ത്വവും ഏറ്റെടുക്കേണ്ട കാര്യമില്ല . ആൾകൂട്ടം എന്ന ലേബലിൽ എല്ലാം ആയി .. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന് വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിച്ച നാളുകളിൽ നാടോടി പൗരന്മാർക്കും ഭിക്ഷക്കാർക്കു പൊതിരെ തല്ലു കൊടുത്തു ആൾക്കൂട്ടം.. നീതിയും ന്യായവും ആൾക്കൂട്ടം പറയുന്നതാണ് , ഇത്തരത്തിൽ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ മടിക്കുന്ന ഭീരുക്കളായി നമ്മെ മാറ്റുകയാണ് ഓരോ ആൾകൂട്ടങ്ങളും ..
ഒരു ആദിവാസിയായതിനാൽ മാത്രമാണ് ആ യുവാവിന് ഈ ഒരു അനുഭവം ഉണ്ടാകേണ്ടി വന്നത് . അയാളെ കൊന്ന കയ്യുകൾ നമ്മുടേതു തന്നെയാണ് . അയാളെ കൊന്ന ചോര നമ്മുടെ എല്ലാരുടെയും കയ്യുകളിൽ തന്നെയാണ് ..
തന്റെ മക്കളെ കൊന്ന ഏമാന്മാരോട് കുറത്തി ഇന്നും ചോദിച്ചു കൊണ്ടേ ഇരിക്കുകയാണ് ..
" നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു കൊന്നെന്നോ ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചൂഴ്ന്നെടുത്തെന്നോ ??
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ ??
നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്നു ???""
കുറത്തിക്ക് എത്ര കാലം ഇങ്ങനെ പാടേണ്ടി വരും ? മനുഷ്യനുള്ളിടത്തോളം കാലം അല്ലെ ??

Comments
Post a Comment