Skip to main content

അധിനിവേശങ്ങൾ

 പൊതുവെ പുസ്തകങ്ങൾ  വായിക്കുന്ന ശീലം എനിക്ക് വളരെ കുറവാണു ..ചെറിയ കുട്ടിയായിരിക്കുമ്പോൾ കഥാ പുസ്തകങ്ങളായും പുരാണ കഥകൾ ആയും ധാരാളം വായിച്ചിരുന്നു . പിന്നീട്  വലിയ കൊറേ വര്ഷങ്ങളുടെ ഒരു ഇടവേളയിൽ വായന ശോഷിച്ചു ശോഷിച്ചു തീരെ ഇല്ലാണ്ടായി .പിന്നെ കുറച്ചെങ്കിലും അതിനു ഒരു അഭിവൃദ്ധി ഉണ്ടായത് കുസാറ്റിൽ പഠിക്കുന്ന കാലത്താണ് . വായിച്ചില്ലെങ്കിൽ പോലും ചുമ്മാ  ഒരു പുസ്തകം വീട്ടിൽ വന്നു പോകുമ്പോൾ ബാഗിൽ കരുതാറുണ്ടായിരുന്നു.അവിടെ പഠിക്കുമ്പോൾ തന്നെയാണ് ആദ്യമായി മറൈൻ ഡ്രൈവിൽ ഡിസി ബുക്സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം കാണാൻ ഇടയായതും . അത് ശെരിക്കും നല്ലൊരു അനുഭവം ആയിരുന്നു . ഈ പുസ്തകങ്ങൾ എല്ലാം കൂടി ഇങ്ങനെ ഇരിക്കുന്നത് കാണാൻ തന്നെ എന്തൊരു സന്തോഷം ഉള്ള കാഴ്ചയാണ് .. അന്നത്തെ ആ പ്രദർശനം അടിപൊളി ആയിരുന്നു കവിതകൾ , കഥകൾ നോവലുകൾ യാത്രാവിവരണങ്ങൾ , ആത്മകഥകൾ  , ബാലസാഹിത്യം അങ്ങനെ ഒരുപാടു വിഭാഗങ്ങൾ എല്ലാ വിഭാഗത്തിലും എണ്ണിയാൽ ഒടുങ്ങാത്ത പുസ്തകങ്ങൾ .ആകർഷകമായ വിലക്കിഴിവും ഉണ്ടായിരുന്നു .

ആ ഒരു നല്ല ഓർമ്മയിൽ നിന്നാണ് ഈ കൊല്ലത്തെ  അതായത് 2017 ലെ പുസ്തകോത്സവം കാണണമെന്ന ആഗ്രഹം ശക്തമാകുന്നത് . കഴിഞ്ഞ കൊല്ലം ചില കാരണങ്ങൾ കൊണ്ട് പോകാൻ പറ്റിയില്ല. അത്കൊണ്ടാണ്  എന്തായാലൂം ഇപ്രാവശ്യം പോണം എന്ന് വിചാരിച്ചത് . മാത്രമല്ല കൊറേ പുസ്തകങ്ങൾ വാങ്ങി തരാം എന്ന ശക്തമായ ഒരു ഓഫർ ധന്യേച്ചി തന്നിരുന്നു . അപ്പൊ പിന്നെ പോകാതെ തരമില്ലലോ .അങ്ങനെ ഞാൻ ഗുരുവായൂർ നിന്ന് പാസഞ്ചർ പിടിച്ചു വൈകുന്നേരം കുസാറ്റിൽ എത്തി അവിടെ നിന്ന് ജിതേഷിനെ കൂട്ടി എറണാംകുളത്തപ്പൻ ഗ്രൗണ്ടിലേക്ക്  . ധന്യേച്ചിയും മെൽക്കിയും അങ്ങോട്ടെത്തി . അവിടെ അടുത്ത് തന്നെ നേവി ഷോ അടക്കം പല പരിപാടികളും നടക്കുന്നുണ്ട് . മെൽക്കി അങ്ങോട്ട് പോയി . ഞങ്ങൾ 3 പേരും കൂടി പ്രദർശന ശാലയിലേക്ക് കയറി ..

സത്യം പറഞ്ഞാ വലിയ പ്രതീക്ഷകളോടെ അങ്ങോട്ട് കയറിയ എനിക്ക് വല്ലാത്തൊരു നിരാശയാണ് ഉണ്ടായത് . ഒരു പുസ്തക പ്രദർശനം എന്ന ഒരു വികാരം ഒന്നും ഉണ്ടായില്ല . എല്ലാം ഒരു സ്റ്റാൾ മയം . വിഭാഗങ്ങളുടെ തരം തിരിവില്ല . ഒന്നും ഇല്ല . ആകെയുള്ള ഏരിയ മൊത്തമായി പല പല സ്റ്റാൾകൾക്ക് കൊടുത്തിരിക്കുന്നു. എല്ലാ സ്റ്റാളുകളും സ്വകാര്യ വ്യക്തികളുടെയോ പബ്ലിഷിംഗ് കമ്പനികളുടെയോ ഉടമസ്ഥതയിൽ ആണ് . അതായതു ഒരു വിധം എല്ലാ സ്റ്റാളുകളിലും ഒരേ പുസ്തകങ്ങൾ .കച്ചവടം മാത്രം മുൻനിർത്തിയുള്ള പ്രദർശനം . പുസ്തകങ്ങളും തീരെ കുറവ് . പോരാത്തതിന് പുസ്തകങ്ങളോളം തന്നെ പല വക  വസ്തുക്കളുടെ വില്പന സ്റ്റാളുകൾ . ആകെ കൂടി ബഹളം . ത്രിശൂർ പൂരത്തിന്റെ എക്സിബിഷനു പോയ ഒരു പ്രതീതി.എല്ലാം കണ്ടു കഴിഞ്ഞു ഇറങ്ങിയപ്പോ എല്ലാര്ക്കും നല്ല നിരാശ... ഇത്രയേ ഉള്ളു എന്ന ഒരു ഫീലിംഗ് . 

പിന്നെ എടുത്തു പറയേണ്ട ഒരു പ്രത്യേകത  ഹിന്ദുത്വ സ്റ്റാളുകളുടെയും വേദങ്ങളുടെയും ഒരു അതിപ്രസരം തന്നെ അവിടെ ഉണ്ടായിരുന്നു എന്നതാണ് . കാഷായ വേഷ ധാരികളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു . പല സ്റ്റാളുകളിലും കയറുമ്പോ ഏതാണ്ട് അമ്പലത്തിൽ കയറിയ പോലെ ഒക്കെ ഒരു അവസ്ഥ .ഞങ്ങൾ ചെല്ലുമ്പോ അവിടെ എന്തോ വേദാന്ത വിശദീകരണ പ്രസ്ന്ഗം നടക്കുകയാണ് . ഇതിപ്പോ എന്താ ഇങ്ങനെ ഒരു മാറ്റം എന്നൊക്കെ ആലോചിച്ചു .ഇന്ത്യയിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം ഈ പ്രദര്ശനത്തെയും ബാധിച്ചോ? കഴിഞ്ഞ മാസം ത്രിശൂർ വച്ച് നടന്ന ഡിസി ബുക്സിന്റെ സാദാരണ ലോക്കൽ പ്രദർശനം ഈ അന്താരാഷ്ട്ര പ്രദര്ശനത്തെക്കാൾ  നിലവാരം ഉള്ളതായി എനിക്ക് തോന്നി ..

എനിക്ക് വാങ്ങേണ്ട ബുക്ക് അവിടെ കിട്ടാത്ത നിരാശയിൽ അപ്പുറത്തെ h &c സ്റ്റോഴ്സിൽ കയറി ആ പുസ്തകവും വാങ്ങി ഒരു സെൽഫിയും എടുത്തു ഞങ്ങൾ  മടങ്ങി . മൊത്തത്തിൽ നിരാശാജനകം . വണ്ടി കാശു പോയല്ലോ ഭഗവാനെ എന്ന ഒരു അവസ്ഥ .. 

തിരിച്ചു രാത്രി ക്യാമ്പസിൽ വന്നപ്പോൾ കഴിഞ്ഞ കൊല്ലവും ഇതേ നിരാശയാണ് അവിടെ പോയവർക്ക് ഉണ്ടായത് എന്നറിയാൻ കഴിഞ്ഞു .പിറ്റേന്നു രാവിലെ തന്നെ ഞാൻ വീട്ടിൽ പോയി. 
വല്യ കൊട്ടി ഘോഷിച്ചു ഇവിടെ നിന്ന് പോയ ഞാൻ പട്ടി ചന്തക്ക് പോയ അവസ്ഥയിൽ തിരിച്ചെത്തിയത് വീട്ടുകാർക്കും അങ്ങനെ ദഹിച്ചതായി തോന്നിയില്ല  . അതും പോരണ്ടു എന്നും കാണുന്ന ഡെമോക്രെസി പരിപാടിയിൽ ഈ പ്രദർശനത്തിന്റെ നിലവാര തകർച്ചയെ കുറിച്ച് ഒരു പ്രത്യേക പരിപാടി കൂടി കണ്ടതോടെ മൊത്തത്തിൽ അതങ്ങു പൂർണ്ണമായി . ആ പരിപാടിയിൽ പുസ്തകപ്രദർശനത്തിൽ നടത്തിയ ജെട്ടി വിൽപ്പന ആയിരുന്നു വിഷയം . ഇതു കാണാനാണോടാ നീ  ട്രെയിൻ പിടിച്ചു പോയത് എന്ന ഒരു ചോദ്യം ഏതു നിമിഷവും വന്നേക്കാം എന്ന പേടിയിൽ ഞാൻ അകത്തു പോയി കിടന്നു .. 

കഴിഞ്ഞ വർഷവും ഈ മത ഗ്രന്ഥങ്ങളുടെയും മറ്റും അതിപ്രസരം അവിടെ ഉണ്ടായിരുന്നു പോലും .ഞാൻ അവസാനം പോയ സമയത്തും മത ഗ്രന്ഥങ്ങൾ ഒക്കെ ഒരു പ്രത്യേക വിഭാഗമായി തന്നെ അവിടെ ഉണ്ട് പക്ഷേ ഇത്തവണത്തെ പോലെ  മത ഗ്രന്ഥങ്ങളുടെ ഇടയിൽ മറ്റു പുസ്തകങ്ങൾ തപ്പേണ്ട ഒരു അവസ്ഥ ആയിരുന്നില്ല അത് . അത് മാത്രം അല്ല അന്ന് ഒരു പോലെ പല മതത്തിൽ പെട്ട പുസ്തകങ്ങളും ഉണ്ടായിരുന്നു എന്നാൽ ഇന്നത് കടലിൽ കായം കലക്കണപോലെ അവിടെയും ഇവിടെയും ആയി മറ്റു  മത ഗ്രന്ഥങ്ങൾ കിട്ടിയാലായി എന്ന അവസ്ഥ ആയി ഭവിച്ചു ..ടി വി യിൽ കാണിച്ച ഡെമോക്രസി പരിപാടിയിൽ സംഘ പരിവാറുമായി ആഭിമുഖ്യം ഉള്ള ഒരു സംഘടനാ ആണ് ഇതിന്റെ നടത്തിപ്പ് എന്ന സൂചന കിട്ടിയപ്പോൾ ആണ്  പ്രദർശന വേദിയിൽ കണ്ട സേവാ ഭാരതിയുടെ 2 സ്റ്റാൾ അങ്ങ് സിങ്ക് ആയത് ..

ഇനിയല്പം രാഷ്ട്രീയം.,,

രാഷ്ട്രീയ സാഹചര്യങ്ങൾ സാസ്കാരിക കാര്യങ്ങളെയും ബാധിക്കുന്ന സ്ഥിതി വന്നാൽ എന്താ അവസ്ഥ ?
ഒരു സാംസ്കാരിക ഫാസിസത്തിലേക്ക് നമ്മൾ നടന്നു നീങ്ങുകയാണോ എന്ന ഒരു ഭയം  ഉള്ളിലുണ്ട് .  ഇന്നലെ കണ്ട ഒരു വാർത്ത ഇങ്ങനെ ആയിരുന്നു cbse ടെക്സ്റ്റ് ബുക്കിൽ നിന്ന്  പണ്ട് ജാതീയത വാണിരുന്ന കാലഘട്ടത്തിൽ മുലക്കരത്തിനെതിരെ മുല മുറിച്ചു കൊണ്ട് പ്രതിഷേധിച്ച നങ്ങേലിയുടെ കഥ ഒഴിവാക്കി എന്നത് .ഒന്ന് ശ്രദ്ധിച്ചാൽ പല വാർത്തകൾക്കും ഒരു സമാന സ്വഭാവമുണ്ട് എന്ന് നമുക്ക് മനസിലാക്കാൻ പറ്റും .

എന്റെ നാടിന്റെ സംസ്ക്കാരവും ചരിത്രവും അനവധി നിരവധി അവകാശ സമരങ്ങളുടെകൂടി ചരിത്രമാണ്  . ജാതീയ - സവർണ്ണ അധിനിവേശങ്ങളിൽ നിന്ന് ഭ്രാന്തന്മാരെ മനുഷ്യന്മാരാക്കി മാറ്റിയ സാമൂഹിക പരിഷ്കർത്താക്കളുടെ ചരിത്രമാണ് അത് .അരുവിപ്പുറത്തു ശിവ പ്രതിഷ്ഠ നടത്തിയ ഗുരു ദേവൻറെയും അയ്യന്കാളിയുടെയും സഹോദരൻ അയ്യപ്പന്റേയും ചട്ടമ്പി സ്വാമിയുടെയും ചരിത്രമാണ് അത് .. ഞാനും നിങ്ങളും ഒക്കെ പഠിചു വളർന്ന ചരിത്രം. 
ഇനി വരുന്ന തലമുറ പഠിക്കുന്നത് വേറെ ചരിത്രമായിരിക്കുമോ എന്ന ആശങ്ക നമുക്കെല്ലാർക്കും ഉണ്ട് . 

കൽബുർഗി കൊല്ലപ്പെട്ട സമയത്തു ആരോ പറഞ്ഞതോർക്കുന്നു "അവർക്ക് ജ്ഞാനവൃദ്ധന്മാരെ ഭയമാണ് കാരണം അവർ ചരിത്രം വളച്ചൊടിച്ചു അവർക്കനുകൂലമാക്കുന്ന തിരക്കിലാണ് .
  ഐസക് സർ പറഞ്ഞപോലെ "നോട്ട് നിരോധനം എന്ന രാഷ്ട്രീയ നാടകത്തിലൂടെ "-രാജ്യം ശ്വാസം മുട്ടി ജീവിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത് .കേവലം 50 ദിവസത്തിനുള്ളിൽ നാഴിക്ക് നാല്പത് വട്ടം എന്ന കണക്കിൽ ഓരോ ഉത്തരവുകളും . എന്നിട്ട് ഒക്കെ രാജ്യത്തിന് വേണ്ടി സഹിച്ചോ എന്ന ഉത്തരവും . 

സഹിക്കാൻ ഒക്കെ തയ്യാറാണ് സർ . സഹിച്ചും സഹതപിച്ചും നമ്മൾ സാധാരണക്കാര് കെട്ടിപ്പൊക്കിയത് തന്നെയാണ് ഈ മഹാരാജ്യം . അല്ലാണ്ട് അത് കേവലമൊരു അതിർത്തിക്കുള്ളിൽ ഒതുങ്ങി നിൽക്കുന്ന ഒന്നാണ് എന്ന വിശ്വാസം ഉണ്ടെങ്കിൽ അതല്ല രാജ്യമെന്നാൽ അവിടെത്തെ ജനങ്ങൾ എന്ന് തന്നെയാണ് അർത്ഥം .
ഈ രാജ്യത്തെ ഏതൊരു ഭരണമാറ്റവും നടപ്പിലാക്കുമ്പോൾ ഭരണാധികാരിയുടെ മനസിൽ ഉണ്ടാവേണ്ടത് ഈ രാജ്യത്തെ ഏറ്റവും പാവപെട്ടതും സാദാരണക്കാരനുമായ ആളുടെ ചിത്രം ആണ് എന്ന് പറഞ്ഞത് ഈ മഹാരാജ്യത്തിന്റെ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയാണ് 

എതിരഭിപ്രായക്കാരെ എല്ലാം ശതൃക്കൾ എന്ന് വിളിച്ചു ഒറ്റപെടുത്തുമ്പോൾ തകർന്നു പോകുന്നതു അഭിപ്രായ സ്വാതന്ത്ര്യം എന്ന മൂല്യമാണ്. ജനാധിപത്യം എന്നാൽ അത് വിയോജിക്കാനുള്ള അവകാശം കൂടിയാണ് .

ചെറുക്കേണ്ടത് അധിനിവേശങ്ങളെ ആണ് . സാസ്കാരികപരമായ അധിനിവേശത്തെ ,സൂമൂഹികപരമായ അധിനിവേശത്തെ .രാഷ്ട്രീയ പരമായ അധിനിവേശത്തെ ,
മാറ്റേണ്ടത് മാറാൻ തയ്യാറാവാത്ത മാമൂലുകളെ ആണ് .  

Comments

Popular posts from this blog

ആത്രേയകം | പുസ്തക അവലോകനം | Book Review - Aathreyakam

  പരമ്പരാഗതമായി നാം കേട്ടുവളർന്ന ഇതിഹാസ കഥകളുടെയെല്ലാം പ്രത്യേകത അവയൊന്നും പരാജിതരുടെ ഭാഗം പറഞ്ഞു പോയിരുന്നില്ല എന്നതായിരുന്നു, വിജയഗാഥകൾ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. യുദ്ധശേഷം ഗാഥകൾ രചിക്കുന്നത് വിജയം ചൂടിയവരാണ്.അരങ്ങിനും മുന്നിലെയും പിന്നിലെയും ചതി പ്രയോഗങ്ങൾ മഹായുദ്ധതന്ത്രങ്ങളാവുന്നത് അവിടെയാണ്, നീതികരിക്കാനാവാത്ത അധമപ്രവർത്തികൾക്ക് ന്യായം കലർന്ന വെള്ളപൂശുന്നതും  അടിച്ചമർത്തപെട്ടവൻ്റെ ജീവിതത്തിന്  മുൻജന്മങ്ങളുടെ പാപഭാരം കെട്ടിവക്കുന്നതും ഇല്ലാശാപവചനങ്ങൾ കൊണ്ട് സാമാന്യയുക്തിക്ക് പൊയ്‌മുഖമൊരുക്കുന്നതും, വായ്ത്താരികൾ കൊണ്ട് രാജ്യം കെട്ടിപ്പടുക്കുന്നതും തലമുറകളുടെ സൗഖ്യമുറപ്പാക്കുന്നതും അവിടെയാണ്. എന്നാൽ ചരിത്ര നിർമ്മിതിയുടെ ഭാഗമായി നിന്നപ്പോഴും  മനഃപൂർവം തിരസ്കരിക്കപ്പെട്ട ചിലരുണ്ട്. ഇതിഹാസവിജയങ്ങൾക്ക് കാരണഭൂതരായെങ്കിലും മനപ്പൂർവ്വം ചരിത്രം പിന്നിലേക്ക് തള്ളിയവർ. കാലചക്രത്തിൻ്റെ  മുന്നോട്ടുള്ള പാച്ചിലിൽ സാമാന്യം ചിലരെങ്കിലും ചരിത്ര വായനയിൽ, വാക്കുകൾക്കിടയിലുള്ള  ശൂന്യതകളിൽ അവരെ കണ്ടെത്തും. അവർക്കു കൂടി ഇവിടെയൊരു  പങ്കുണ്ടെന്നു പറഞ്ഞു വെക്കും. ...

വൃന്ദാവനത്തിലെ രാധ

പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന  മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്  " ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്  ഏറ്റവും ശ്രേഷ്ടമായ പ്രണയം  അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ " രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് . കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു  പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം  ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .      വൃന്ദാവനം  പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്   വൃ ...

അഗ്നിസാക്ഷി

ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.  പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന  ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..  അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ  ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .  ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ...