Skip to main content

വയനാടൻ ചിന്തകൾ

ഈ കുറിപ്പ്  ചെറിയ ഒരു വയനാട് യാത്രയുടെ വിവരണമാണ് അതിനോടൊപ്പം ചില വസ്തുതാപരമായ ആശങ്കകളും പങ്കു വക്കുന്നു .. യാത്ര കഴിഞ്ഞിട്ട് മാസങ്ങളായി ,,പക്ഷെ എഴുതാൻ മനസ്സും അവസരങ്ങളും ഇപ്പൊ തരപ്പെട്ടതു കൊണ്ട് എഴുതുന്നു ....
-------------------------------------------------------------------------------------------------------------------------------------------------------------------

വയനാട് പോകുന്നത് ഇതാദ്യമായൊന്നുമല്ല ,, പിന്നിലേക്കൊന്നു നോക്കിയാൽ എത്രയോ യാത്രകൾ ഇണ്ടായിരിക്കുന്നു ? പക്ഷെ ഈ യാത്ര അതിൽ നിന്നെല്ലാം വ്യത്യസ്തവും ഇതുകൊണ്ടു തന്നെ എനിക്ക് പ്രിയപ്പെട്ടതുമാണ് . ഏതൊരു യാത്രയും അതിന്റെ അർഥം കൈവരിക്കുന്നത് യാത്രക്കാരനു ആസ്വാധനശേഷി കൈ വരുമ്പോഴാണ് ...
തലശ്ശേരി -മാനന്തവാടി റൂട്ടിലെ പെരിയ ആണ് ലക്ഷ്യസ്ഥാനം .അവിടെ ആണ് നമ്മുടെ എൽദോ സുബാഷ് കയ്യിനൊരു മേജർ സർജെറി കഴിഞ്ഞു വിശ്രമിക്കുന്നത് .
(Nb :ഇപ്പൊ അസുഖം ഒക്കെ മാറി  ഉഷാറായിട്ടാ ... അന്നത്തെ കാര്യമാണ് പറയുന്നത്‌  )
ഒരാഴ്ച മുൻപ് മെഡിക്കൽ കോളേജിലേക്ക് പോകാനാണ് പ്ലാൻ ചെയ്തിരുന്നത് പക്ഷെ റംസാൻ മാസപ്പിറവി കണ്ടതിനെ തുടർന്ന് ബിൻഷാദിനുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ ഞങ്ങളെ രണ്ടു പേരയും ഇന്ന് ഇവിടെ കൊണ്ടെത്തിച്ചു .അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ?...

എൽദോ കൈയൊടിഞ്ഞു എന്ന് പറഞ്ഞു whtsapp  മെസേജ് ഇട്ടപ്പോ എനിക്ക് വല്യ ഞെട്ടലൊന്നും ഉണ്ടായിരുന്നില്ല .അവനു അല്ലെങ്കിലും ഇതൊന്നും പുത്തരിയല്ലല്ലോ എന്നായിരുന്നു എന്റെ  ചിന്ത.പക്ഷെ സീൻ ഇത്ര കോണ്ട്രയാണെന്ന് പിന്നീടാണ് മനസിലാകുന്നത് .. അങ്കോത്തു പറയണപോലെ" ഒക്കെ ചാത്തന്മാരെടെ കളികളാ ."
തലശേരി ബസ്സ്റ്റാൻഡിൽ ഒരു മണിക്കൂറോളം കത്ത് കിടന്നിട്ടാണ് ksrtc ബസ് എടുത്തത് .ബസ്സിൽ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല അടുത്ത സീറ്റിൽ രണ്ടു കുട്ടികളും അവരുടെ അമ്മയും അമ്മമ്മയും ഇരിക്കുന്നുണ്ട് .അവരുടെ കണ്ണൂർ ഭാഷയിലെ സംസാരം എനിക്ക് നല്ല ഇഷ്ടമായി .തലശ്ശേരി കണ്ണൂർ ടൌൺ ഏരിയകൾ കഴിഞ്ഞപ്പോളേക്കും ബിൻഷാദ് ഒരു കുഞ്ഞ് കുട്ടിയെ പോലെ ഉറങ്ങി തുടങ്ങി. .
. 
ഇരട്ടി കൊട്ടിയൂർ ഒക്കെ എത്തിയപ്പോഴേക്കും ഒരു ഇരുട്ട് പരന്ന പോലെ തോന്നി .. പിന്നെ ഇടക്കിടക്ക് മഴ പെയ്യുന്നുണ്ട് .കൊട്ടിയൂർ അമ്പലത്തിലേക്കുള്ള റോഡ് വഴിയിൽ കണ്ടു . ഷിഖിൽ പറഞ്ഞു ഈ അമ്പലത്തെ  കുറിച്ച് നേരത്തെ തന്നെ എനിക്കറിയാം . എപ്പോഴെങ്കിലും ഇവിടേക്ക് വരണമെന്ന് അന്നേ  മനസിലുറപ്പിച്ചതാണ് .. ഭാവിയിൽ എപ്പോഴെങ്കിലും അവസരം കിട്ടുമായിരിക്കും എന്ന് മനസ്സ് പറഞ്ഞു .

ഇരട്ടി തൊട്ട് ഫോറസ്റ് ഏരിയ ആണെന്ന് തോന്നുന്നു . വനംവകുപ്പിന്റെ പല ബോർഡുകളും കണ്ടു .മുന്നിലെ വഴികളെല്ലാം ഇടതൂർന്ന മരങ്ങള്ക്കിടയിലൂടെയാണ് .വല്ലാത്തൊരു ശാന്തത അവടെ ഒക്കെ തട്ടി നിൽക്കുന്നുണ്ട് .മഴ പെയ്യുന്ന
കാരണം ബസ്സിന്റെ ഷട്ടർ മുഴുവൻ ഇട്ടിരുന്നു . അതിനാൽ വഴിയൊന്നും കാണാൻ പറ്റാണ്ടായി


ഡ്രൈവർക്ക് നേരെയുള്ള സീറ്റിൽ ആളില്ലെന്നു കണ്ടു ഞാനങ്ങോട്ടു മാറിയിരുന്നു .ഇപ്പൊ മുന്നിൽ റോഡും മാത്രം .ചുരം കയറി തുടങ്ങിയപ്പോഴേക്കും എല്ലാവരും ഉറങ്ങിയിരുന്നു .നല്ല തണുപ്പുണ്ടായിരുന്നു . പക്ഷെ എൻജിനിൽ നിന്ന് വരുന്ന ചൂട് എനിക്കു നന്നായി അറിയാൻ പറ്റുന്നുണ്ടായിരുന്നു .ചെവി തുറക്കുകയും അടയുകയും ചെയ്യുന്നുണ്ട് .
ചുരം കയറി തുടങ്ങിയപ്പോഴാണ് ഡ്രൈവർ ചേട്ടന്റെ കഴിവ് എനിക്ക് ശെരിക്ക്കും മനസിലായി തുടങ്ങിയത് .ആളൊഴിഞ്ഞ വഴികളാണെങ്കിൽ കൂടി വലിയ വീഥിയൊന്നുമില്ല . ഹെയർ പിൻ വളവുകൾ ഒക്കെ ധാരാളം . വളവുകൾ എടുക്കുന്നതിൽ അയാളുടെ കഴിവ് കണ്ടു ഡ്രൈവിംഗ് സ്‌കൂളിലെ ടെസ്റ്റിൽ പല തവണ കമ്പി മറിച്ചിട്ട് മാതൃകയായ ഞാൻ അന്തം വിട്ട് നിന്ന് നോക്കി പോയി, കാറും ബൈക്കും  തിരിക്കുന്ന പോലൊന്നും ബസ് തിരിക്കാൻ പറ്റൂലല്ലോ . അയാളുടെ മനസാന്നിധ്യം അപാരം തന്നെ... ഒരു തിരിവ് തിരിച്ചപ്പോ തിരിഞ്ഞത് കൂടി പോയി ഇടിക്കാൻ പോയപ്പോ പെട്ടന്ന് ബ്രേക്ക് ചെയ്തു യാധൊരു ഭാവ മാറ്റവും ഇല്ലാണ്ട് ആ ചേട്ടൻ ബസ് പിന്നോട്ടെടുത്തു കൂളായി മുന്നോട്ടു പോയത് കണ്ടപ്പോ എന്റെ ഉള്ളൊന്നു കാളി .ചിലപ്പോ ഇതൊക്കെ ഇവർക്ക് സർവ്വ സാദാരണമായിരിക്കാം .. ഞാനല്ലേ പുതിയ കുട്ടി .താഴെ വലിയ ഗർത്തങ്ങൾ എനിക്ക് പേടി തന്നുകൊണ്ടേ ഇരുന്നു.

ചിന്തകൾ ഒരുവിധം സമയങ്ങളിലൊക്കെ ശെരിക്കും അല്ലാണ്ടും  കാട് കയറി പോകാറുള്ള ഒരു ചെക്കനാണ് ഞാൻ . റോഡിനു വശങ്ങളിലെ മരങ്ങൾ എന്നെ പിന്നെയും കാട് കയറ്റികൊണ്ടിരുന്നു .

വഴിയിൽ എങ്ങനെയോ ഒരു ചൊറിയാൻ പുഴു നേരെ എന്റെ മുന്നില്ലേ ചില്ലിൽ വന്നു പതിച്ചു .അതിന്റെ മുകളിലേക്കുള്ള കയറ്റം മുഴുവൻ ഞാൻ കണ്ടു നിന്നു .
നാട്ടിൽ കുളത്തിന്റെ അങ്ങേ അറ്റത്തെ അതിരിൽ ചാഞ്ഞു നിൽക്കുന്ന വെള്ളിലകൾ ഇവിടെയും കാണാൻ കഴിഞ്ഞു .മുന്നിൽ മുഴുവൻ മഞ്ഞു മൂടിയ വഴികളാണ് . ചെറിയ മഴയും ഉണ്ട് . എന്തോ ഇതെല്ലം എനിക്ക് നല്ല ഇഷ്ടമായി ..പണ്ടൊരു സിനിമയിൽ പറയണ പോലെ "കന്നിപൂരത്തിന്റെ മായകാഴ്ച്ചകളിൽ മതിമറന്നു നിൽക്കുന്ന ഒരു കുട്ടിയായി പോയി ഞാൻ. "
വശങ്ങളിൽ മരങ്ങളുടെ തലപ്പ് കാണാം ചിലയിടത്തു റബർ ഉണ്ട് റോഡിനു താഴെ കൂടി വെള്ളം പോകാൻ ചാലുകളുണ്ട് . വഴിനിറയെ ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളുണ്ട് .ഒരു കുഞ്ഞു നീരുറവ പോലും എത്ര മനോഹരമാണ് ഇവിടെ. ഒരിടത്തു സാമാന്യം ചെറുതല്ലാത്ത ഒരു വെള്ളച്ചാട്ടം കണ്ടു. പടി പടി യായി പടികൾ ചാടി പാൽപതയായി മാറുന്ന ഒരു കൊച്ചു നീരുറവ. ആഹാ ... സ്വപ്നം പോലെ സുന്ദരം.

പുറത്ത് മലമടക്കുകളിലേക്ക് കോടമഞ്ഞു ചേക്കേറുന്നുണ്ട്. കാണാൻ തന്നെ എന്താ രസം. ബിൻഷാദ്  എണീറ്റു പിന്നെയും ഉറങ്ങി. ഉറങ്ങാതിരുന്ന ഞാൻ എത്ര ഭാഗ്യവാൻ... പണ്ട് ഇതുപോലെ ഒരു യാത്രയിൽ തലശ്ശേരിയിൽ നിന്ന് കയറിയിട്ട് പെരിയ എത്തിയപ്പോഴാണ് എണീറ്റത്. ഇപ്പോ എന്തായാലും ഭാഗ്യം തുണച്ചു..

ഒരു കാമറ കയ്യിലില്ലാത്തത് ഒരു നഷ്ടമായി തോന്നി. എന്റെ കയ്യിലെ കുഞ്ഞു മൊബൈൽ ക്യാമറയിൽ മുന്നിലെ റോഡിൻറെ ചിത്രണങ്ങളെടുത്തു. വല്യ ക്ലിയർ ഒന്നുമില്ല. ന്നാലും ഉള്ളത് കൊണ്ടായി..


പെരിയ എത്തിയപ്പോഴേക്കും ഉച്ചയായി .. അവടെ നിന്ന് ഓട്ടോയിൽ എൽദോന്റെ വീട്ടിലേക്ക്.. പേര്യ ഒരു കുഞ്ഞു ടൗൺ ആണ്. മലമടക്കുകളിൽ മനുഷ്യൻ വിയർപ്പോഴുക്കി ഉണ്ടാക്കിയ കൃഷിസ്ഥലങ്ങളാണു കൂടുതലും. നേന്ത്രവാഴ കൃഷി സമൃദ്ധമാണ്. കവുങ്ങും കുരുമുളകും തേയിലയും എല്ലാമുണ്ട്.. അധ്വാനത്തിന്റെ അടയാളം പേറുന്ന ജനത.. വീടുകളെല്ലാം മുകളിലാണ് . എൽദോന്റെ വീടും അതെ. പണ്ട് ഒരിക്കൽ ഇവിടെ വന്നിട്ടുണ്ട്. അന്ന് വീടിനു താഴെയുള്ള തോട്ടിൽ കുളിചിട്ടാണ് ഭക്ഷണമൊക്കെ കഴിച്ചത്.
എൽദോ വീട്ടിൽ തന്നെയുണ്ട്. മിടുക്കൻ കയ്യ് ഒടിഞ്ഞ ഒരു അഹങ്കാരോം ഇല്ല. വീട്ടിൽ ചെല്ലുന്ന സമയത്ത് അവടെത്ത പള്ളി വികാരി കൂടി അവടെയുണ്ടു .അവരെ ശല്യപ്പെടുത്തണ്ട എന്ന് വിചാരിച്ചു മുറിയിൽ ഇരുന്ന് വർത്താനം പറഞ്ഞു. എൽദോക്ക് എം ടെക് അഡ്മിഷൻ ആയിണ്ടായിരുന്നു. അത് കഴിഞ്ഞു സമൃദ്ധമായ ഭക്ഷണം . വെള്ളമൊക്കെ എന്താ തണുപ്പ്....
എൽദോന്റെ മുറ്റത്തു ഒരു ചാമ്പയ്ക്ക മരംമുണ്ടു. നിറച്ചു ചാമ്പയ്ക്ക. കുറച്ചു  കഴിഞ്ഞു അവടെന്നു ഇറങ്ങി. പെരിയ സെന്ററിലേക്ക് ബസ് കയറാൻ പോയി.
ബസ് കാത്തു കുറച്ചു നിക്കേണ്ടി വന്നു. കുറച്ചു പേര് അവിടെയും ഇവിടെയും ആയി നിൽക്കുന്നുണ്ട്. കൂട്ടത്തിൽ ഒരു ആദിവാസി കുടുംബത്തെ കണ്ടു. മേത്തു ഒരു പുതപ്പ് പുതച്ച ഒരു അമ്മയും മകനും. മറ്റുള്ളവരിൽ നിന്നെലാം അവര് വ്യത്യസ്തമാണ്. ചുറ്റുമുള്ള കാഴ്ചകളൊന്നും അവരെ അത്ഭുതപെടുത്തിയിരുന്നില്ല. കണ്ണുകളിൽ നിർവികാരത മാത്രം.
മടക്ക യാത്രയിൽ ബസിൽ നിന്ന് കൊണ്ട് ആലോചിച്ചതും ആ നിർവികാരതയുള്ള കണ്ണുകളായിരുന്നു.

ആദിവാസികൾ എന്ന് വച്ചാൽ ആദ്യമേ അവടെയുണ്ടായിരുന്നവർ എന്ന് കൂടി അർത്ഥമുണ്ട്. വയനാട് പോലുള്ള മേഖലകളിൽ കൂടുതലും മധ്യ കേരളത്തിൽ നിന്ന് കുടിയേറി വന്നവർ ആണ്. അവര്  അദ്വാനിചു കൃഷി ചെയ്‌തും കച്ചവടം നടത്തിയും പുഷ്ടിനേടി . പക്ഷെ ആദ്യമേ അവടെയുണ്ടായിരുന്നവരോ ?

അവരുടെ  അവസ്ഥയെന്താണ് ഇപ്പോളും...ദിവസവും പത്രങ്ങളിൽ കാണാം അട്ടപ്പാടിയിൽ ശിശു മരണം. പോഷകകുറവ് വാർത്തകൾ.

പാർശ്വവൾക്കരിക്കപെട്ട ജനതകൾ മുഖ്യധാരായിലേക്ക് വരുന്ന കാഴച്ചകൾ കേരളത്തിൽ പലയിടത്തും കാണാം. പക്ഷെ ആദിവാസികൾ വലിയ വിഭാഗവും ഇപ്പോഴും വികസനത്തിൽ നിന്ന് മാറ്റി നിർത്തപെട്ടിരിക്കുന്നു.  അവരിപ്പോഴും പ്രക്രിതിയൊടിണങ്ങിയും പ്രകൃതിയെ പേടിച്ചു ജീവിക്കുന്നു.

വായിക്കുന്ന വാർത്തകൾ ഒന്നും പന്തിയല്ല. ജനകീയസൂത്രണവും മികച്ച തദ്ദേശീയ സേവനങ്ങളും കൊണ്ട് കേരളത്തിന്റെ ഗ്രാമ പ്രദേശങ്ങൾ വികസിക്കുമ്പോ ഇപ്പോഴും ആദിവാസി ഊരുകളിൽ അരിയും മറ്റു ഉല്പനങ്ങളും എത്തുന്നില്ല. പോഷക കുറവ് കൊണ്ട് കുട്ടികൾ മരിക്കുന്നു. അവിവാഹിതരായ അമ്മമാരുടെ എണ്ണം കൂടുന്നു. അവകാശങ്ങളെ കുറിച്ചുള്ള അജ്ഞതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും അവരുടെ അവകാശങ്ങൾ ചവിട്ടിയരക്കുന്നു. 

ഇടക്ക് വായിച്ചൊരു വാർത്ത ഇപ്രകാരമായിരുന്നു. ചത്ത മാനിന്റെ ഇറച്ചി വേവിച്ചു കഴിച്ച ആദിവാസികളെ വനപാലകർ പിടി കൂടി എന്നത്. പുച്ഛം തോന്നിപ്പോയി ഉദ്യോഗസ്ഥരോട്... ആദിവാസികൾക്കിടയിൽ കേസിൽ പെടുന്ന വ്യക്തികളെ ഇറക്കാൻ ജാമ്യക്കാരില്ലാതെ ജയിലിൽ പോകുന്ന അവസ്ഥയും ഉണ്ടെന്ന് കൾക്കുന്നുണ്ട്.ഇതോടൊപ്പം വ്യാജ മദ്യത്തിന്റെ ഉപയോഗവും 
ഒറ്റപ്പെട്ട തുരുത്തുകൾ ആയി ഇതൊക്കെ മാറുന്നതെന്ത് കൊണ്ടാണ്. ? 

വയനാട്ടിൽ നിന്നും mla ശശിധരൻ സഖാവിന്റെ ഒരു അഭിമുഖം വായിക്കാൻ ഇടയായിരുന്നു പണ്ട്.. അതിൽ അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെടുന്നുണ്ട്. 

"ആദിവാസികൾക്ക് വേണ്ടി മറ്റുള്ളവർ സംസാരിക്കുകയും കാര്യങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്യുന്നതാണ് ഇത് വരെയുള്ള പൊതു രീതി. സാഹതപമോ ദയയോ അല്ല മറിച്ചു അവരെ സ്വയം പര്യാപ്തരാക്കുകയാണ് വേണ്ടത്. അവരുടെ കാര്യങ്ങൾ ചെയ്യാൻ അവർക്ക് തന്നെ കഴിയണം. അവരുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ അവർക്ക് കഴിയണം "
തീർത്തും ശെരിയായ കാര്യങ്ങളാണ് ഇത്. പാർശ്വവൽകരിക്കപ്പെട്ട ഒരു ജനതയെ ഉയർത്തികൊണ്ട് വരേണ്ടത് സമൂഹത്തിന്റെ കടമയാണ്. 

ഉത്തര കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ തീവ്ര ചിന്താഗതികാരായ ഗ്രുപ്പുകൾ സ്വാധീനമുറപ്പിക്കുന്നതും കൂടി  നമ്മൾ കൂട്ടി വായിക്കേണ്ടതാണ്.

അതോടൊപ്പം പ്രതികരിക്കേണ്ട വിഷയങ്ങളിൽ ഗ്ലാമർ മാത്രം നോക്കി ഞാനടക്കമുള്ളവരു തിരഞ്ഞെടുപ്പുകള് നടത്തുമ്പോൾ അവകാശം നിഷേധിക്കപ്പെടുന്ന ഒരുപാടു പേര് നമ്മുക്ക് ചുറ്റും ഉണ്ടെന്നു നമ്മള് മറന്നു കൂടാ..


ഈ കുറിപ്പ് ഇവിടെ അവസാനിപ്പിക്കുന്നു.. ഓരോ യാത്രകളും പലതരം പഠനങ്ങളാണ്. വളരെയധികം ചിന്തകളുടെ ഉറവകളാണ്.. ഉറവ എവിടേയെന്നറിയാൻ പറ്റണമെന്നു  മാത്രം. ഏതൊരു യാത്രയും അവസാനം നമ്മളെ വീടെത്തിക്കും.വീടേതാണെന്നുള്ളതാണ് ചോദ്യം.


"No matter where you go, whom you meet . You will always  End-up in your home."

Comments

Post a Comment

Popular posts from this blog

ആത്രേയകം | പുസ്തക അവലോകനം | Book Review - Aathreyakam

  പരമ്പരാഗതമായി നാം കേട്ടുവളർന്ന ഇതിഹാസ കഥകളുടെയെല്ലാം പ്രത്യേകത അവയൊന്നും പരാജിതരുടെ ഭാഗം പറഞ്ഞു പോയിരുന്നില്ല എന്നതായിരുന്നു, വിജയഗാഥകൾ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. യുദ്ധശേഷം ഗാഥകൾ രചിക്കുന്നത് വിജയം ചൂടിയവരാണ്.അരങ്ങിനും മുന്നിലെയും പിന്നിലെയും ചതി പ്രയോഗങ്ങൾ മഹായുദ്ധതന്ത്രങ്ങളാവുന്നത് അവിടെയാണ്, നീതികരിക്കാനാവാത്ത അധമപ്രവർത്തികൾക്ക് ന്യായം കലർന്ന വെള്ളപൂശുന്നതും  അടിച്ചമർത്തപെട്ടവൻ്റെ ജീവിതത്തിന്  മുൻജന്മങ്ങളുടെ പാപഭാരം കെട്ടിവക്കുന്നതും ഇല്ലാശാപവചനങ്ങൾ കൊണ്ട് സാമാന്യയുക്തിക്ക് പൊയ്‌മുഖമൊരുക്കുന്നതും, വായ്ത്താരികൾ കൊണ്ട് രാജ്യം കെട്ടിപ്പടുക്കുന്നതും തലമുറകളുടെ സൗഖ്യമുറപ്പാക്കുന്നതും അവിടെയാണ്. എന്നാൽ ചരിത്ര നിർമ്മിതിയുടെ ഭാഗമായി നിന്നപ്പോഴും  മനഃപൂർവം തിരസ്കരിക്കപ്പെട്ട ചിലരുണ്ട്. ഇതിഹാസവിജയങ്ങൾക്ക് കാരണഭൂതരായെങ്കിലും മനപ്പൂർവ്വം ചരിത്രം പിന്നിലേക്ക് തള്ളിയവർ. കാലചക്രത്തിൻ്റെ  മുന്നോട്ടുള്ള പാച്ചിലിൽ സാമാന്യം ചിലരെങ്കിലും ചരിത്ര വായനയിൽ, വാക്കുകൾക്കിടയിലുള്ള  ശൂന്യതകളിൽ അവരെ കണ്ടെത്തും. അവർക്കു കൂടി ഇവിടെയൊരു  പങ്കുണ്ടെന്നു പറഞ്ഞു വെക്കും. ...

വൃന്ദാവനത്തിലെ രാധ

പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന  മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്  " ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്  ഏറ്റവും ശ്രേഷ്ടമായ പ്രണയം  അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ " രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് . കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു  പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം  ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .      വൃന്ദാവനം  പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്   വൃ ...

അഗ്നിസാക്ഷി

ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.  പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന  ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..  അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ  ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .  ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ...