പ്രിയ ദാസ് ,
എത്ര നാളായി എന്ന് ഓർത്തെടുക്കാൻ കഴിയുന്നതിലും കൂടുതൽ ആയി ..ഇപ്പോഴും ഇടക്കൊക്കെ ഞാൻ നിങ്ങളെ ഓർക്കാറുണ്ട് കേട്ടോ...
പണ്ടൊക്കെ ഞാൻ വിചാരിച്ചിരുന്നത് ഇനിയുള്ള ഓരോ നിമിഷങ്ങളും നിങ്ങളുടെ ഓർമ്മയിൽ പുഴുകി കൊണ്ടിരിക്കുമെന്നായിരുന്നു .. പക്ഷെ എന്തോ അങ്ങനെ ഒന്നുമല്ല .. ജീവിതം ഇങ്ങനെ ഒഴുകി കൊണ്ടേ ഇരിക്കുകയല്ലേ ..ലോകം നമ്മള് വിചാരിച്ച പോലെ അത്ര ചെറുതൊന്നുമല്ല ..
"നിങ്ങൾ" എന്ന വിളി അത്ര സുഖിപ്പിച്ചിട്ടുണ്ടാകില്ല . പക്ഷെ ഇതാണ് നല്ലതു ദാസ് .. ഈ വിളിക്കൊരു അകലമുണ്ടു .. ഇങ്ങനെ വിളിക്കുമ്പോ പണ്ട് നമ്മളോരുമിച്ചു കണ്ടിരുന്ന സ്വപ്നങ്ങളൊന്നും എന്നെ തെല്ലും അസ്വസ്ഥമാക്കുന്നില്ല ..
ഇന്നും ഈ ഇലക്ട്രോണിക് യുഗത്തിൽ കത്തെഴുതുന്നതാരാണെന്നു ദാസ് ആൽഭുദപ്പെട്ടിട്ടുണ്ടാവണം .. പക്ഷെ എല്ലാം ഒരു തിരിച്ചു പിടിക്കലാണ് ദാസ് .. പണ്ട് നമ്മളെഴുതിയിരുന്ന ഇളം മഞ്ഞ നിറമുള്ള കടലാസുകളും മഷിപ്പേനകളും എന്നെ ഇപ്പോളും ചിലപ്പോ പോയ കാലത്തേക്ക് കൂട്ടികൊണ്ട് പോകാറുണ്ട് ..
ഇപ്പൊ ആലോചിക്കുമ്പോ പഴയ കാലങ്ങൾ ഒക്കെ ഒരു തമാശയായി തോന്നാറുണ്ട് .പണ്ട് ലൈബ്രറിയിൽ അടുത്തിരുന്നു പതുക്കെ സംസാരിക്കുമ്പോ ദാസ് തന്നെ എന്നോട് പറഞ്ഞ വാക്കുകളാണിത് .. അന്ന് ഞാൻ കയർത്തു അല്ലെ ദാസ്.. ? ഞാൻ ഒരു മണ്ടി . പക്ഷെ അന്നെ ദാസിന് അറിയുമായിരുന്നോ നമ്മളിങ്ങനെ അപരിചിതരായ പോകുമെന്ന് ?അറിയുമായിരിക്കും അല്ലെ ...
ഞാൻ ദാസിനെ പോലെയേ ആയിരുന്നില്ല .. ഞാൻ സ്വപ്നനങ്ങളിൽ ഒരുപാടു അനുരക്തയായിരുന്നു .പക്ഷെ എപ്പോഴോക്കെയോ ദാസും
എന്റെ സ്വപ്നങ്ങളെ ഇഷ്ടപ്പെട്ടിരുന്നു ..കോളേജിലെ കൽതിണ്ണകളിൽ അന്നെന്റെ മടിയിൽ കിടന്നിരുന്ന ദാസിന്റെ കണ്ണുകൾ ഇന്നും എനിക്ക് ഓർമ്മയുണ്ട് .. എത്രയൊക്കെ മാറിയെന്നു പറഞ്ഞാലും ഓർമ്മകളുടെ മഴ നനയുമ്പോ ഞാൻ പിന്നെയും ആ പഴയ 22 കാരിയാകും ..
പഴയ ശീലങ്ങൾ ..,മാറ്റാൻ നോക്കിയാലും മാഞ്ഞു പോകില്ല ...
പിന്നെ ദാസ് , എങ്ങനെ പോകുന്നു ഗവേഷണവും രാഷ്ട്രീയവുമൊക്കെ ??ഇപ്പോഴും വിദ്യാർത്ഥി മാസികകൾ കാണുമ്പോ ആ പഴയ രാഷ്ട്രീയ തൂലിക ഞാൻ മണക്കാറുണ്ടു കേട്ടോ .. നിങ്ങൾക്കൊരു കുഞ്ഞു മുഖമായിരുന്നു അന്നൊക്കെ .. ആ താടി പ്രായം കൂടുതൽ കാണിക്കാൻ വേണ്ടി വച്ചതാണെന്നു ഞാൻ പറഞ്ഞപ്പോ നിങ്ങളിലെ ആ കുഞ്ഞു കുട്ടി വല്ലാതെ ദേഷ്യപ്പെട്ടിരുന്നു .സ്ടുടെന്റ്റ് മാസികകളിൽ വരുന്ന ലേഖനങ്ങൾക്ക് താടിയുള്ള ഒരു എഴുത്തുകാരൻ കൂടിയേ തീരു അല്ലെ? .ഇപ്പോളും മുന്നിൽ കാണുന്നവരോടൊക്കെ ഇടതു പക്ഷ വ്യതിയാനങ്ങളെ പറ്റി വച്ച് കീറാറുണ്ടോ ? സോറി .. കളിയാക്കാനുള്ള സ്വാതന്ത്ര്യമൊക്കെ ഇപ്പോളും എനിക്കുണ്ടെന്ന ധാരണയുടെ പുറത്തു പറഞ്ഞതാ കേട്ടോ ...
ഞാൻ നേരത്തെ പറഞ്ഞ പോലെ എല്ലാം ഒരു തരാം തിരിച്ചു പിടിക്കലാണ് ദാസ്. ഈ കത്തെഴുതുമ്പോ നിങ്ങളീ കയ്യക്ഷരങ്ങൾ മറന്നു പോയിരിക്കുമോ എന്ന പേടി എനിക്കുണ്ടായിരുന്നു . പക്ഷെ എന്നും ശുഭാപ്തിയോടെ സാമൂഹിക സമത്വം വരും എന്ന് നൂറു വട്ടമെങ്കിലും ഉരുവിടുന്ന ദാസിനാണു ഈ കത്തെന്നു ഓർത്തപ്പോ ആ പേടിയൊക്കെ പോയ് പോയി.
നമ്മളവസാനമായി പിരിയുമ്പോ ദാസ് പറഞ്ഞ പോലെ ,,എല്ലാം ഒരു മിഥ്യയായ ധാരണ തന്നെ ആയിരുന്നു .. എനിക്ക് നിങ്ങളോടു ആദ്യം പ്രണയം ഒന്നും തോന്നിയിട്ടില്ല .. അതൊരു തരം ആരാധന ആയിരുന്നു .. നിങ്ങള് പറഞ്ഞതാണ് ശരി ..പക്ഷെ അന്ന് അത് കേട്ടപ്പോ ഞാൻ ഒരു പാട് കരഞ്ഞു പോയി.നിങ്ങൾക്ക് പ്രണയത്തെ പറ്റി ഒരു ചുക്കും അറിയില്ല എന്ന് കരഞ്ഞു പറഞ്ഞാണ് ഞാൻ ട്രെയിനിൽ കേറി ഇരുന്നത് .. അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ ഞാൻ കുറെ കഷ്ട്ടപെട്ടു കേട്ടോ .നിങ്ങളോടുള്ള ദേഷ്യവും പിന്നെ സ്വയം തോന്നുന്ന ഒരു തരാം അപകര്ഷതയും ഒക്കെ കൂടി വല്ലാത്ത നാളുകളായിരുന്ന് അതൊക്കെ . പക്ഷെ എല്ലാം നല്ലതിനാണെന്നു എനിക്ക് തോന്നുന്നു .. ഞാൻ ഇപ്പോ നല്ല സന്തോഷവതിയാണ്
.. പണ്ടെന്റെ നെറ്റിയിലൊരു വട്ട പൊട്ടു കുത്തി എന്നോട് പറഞ്ഞില്ലേ ഇങ്ങനെ എന്നും സന്തോഷമായി നിന്നെ കാണണം എന്ന് ... അതെ...,, ഞാൻ ഇപ്പോ അതുപോലെ തന്നെയാണ് ...
അന്ന് നമ്മള് അറിഞ്ഞു കൊണ്ട് തന്നെ പിരിഞ്ഞത് വളരെ നന്നായി. പരസ്പരം വേണ്ടാത്ത പങ്കാളികളായി ജീവിതം തിന്നു തീർക്കുന്നതിൽ പരം വേദന എന്തുണ്ട് അല്ലെ ?അല്ലെങ്കിലും നിങ്ങളുടെ ബെറ്റർ ഹാഫ് ആകാൻ എനിക്ക് കഴിയുമായിരുന്നില്ല . ഇനി എത്രയൊക്കെ ഞാൻ അഡ്ജസ്റ്റ് ചെയ്തു അഭിനയിച്ചാലും അതൊക്കെ അഭിനയം മാത്രം ആയി പോകുമായിരുന്നു . അത് പോലെ തന്നെ എനിക്ക് വേണ്ടത് എനിക്ക് മാത്രമായി വേണ്ട ദാസിനെ ആയിരുന്നു .. നിങ്ങളുടെ തിരക്കുകളൊന്നും എനിക്ക് മനസിലാക്കാൻ പറ്റുന്നതായിരുന്നില്ല . സത്യം പറഞ്ഞാൽ ഇപ്പോളും മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല .അങ്ങനെ പരസ്പരം അഭിനയിച്ചു ജീവിക്കുന്നതിലും നല്ലതു ഇത് തന്നെ ആണ് ദാസ് ...
ഇതാവുമ്പോ ഓർമ്മകളിലെ ഒരു വസന്തകാലമെങ്കിലും നമുക്കു നമ്മളായി അവശേഷിക്കാന് പറ്റുന്നുണ്ടാല്ലോ .. പേടിക് കണ്ട എന്റെ കാര്യം പറഞ്ഞതാണ് കേട്ടോ ... എനിക്കൊരു കുഞ്ഞു ജോലിയൊക്കെ കിട്ടി ദാസ് . ഞാനിപ്പോ ഒരു കോളേജ് അധ്യാപികയാണ് .. വീട്ടിലേക്ക് മാസാമാസം ഒരു തുക കൊടുക്കാൻ കഴിയുന്നുണ്ട് . അത് മാത്രമല്ല പിള്ളേർക്ക് 4 അക്ഷരം പറഞ്ഞു കൊടുക്കാൻ പറ്റുന്നുണ്ടല്ലോ .പിന്നെ ക്ലാസ്സില്ലാത്ത സമയങ്ങളിൽ ഞാൻ ലൈബ്രറിയിൽ പോയി ഇരിക്കും . നമ്മള് വായിക്കാൻ ബാക്കി വച്ച പലതും വായിച്ചു കൊണ്ടിരിക്കും ..എന്തോ ഭാഗ്യം ഇവിടത്തെ വഴക്കാളി പിള്ളേര് പൊതുവെ ഇങ്ങോട്ടൊന്നും തിരിഞ്ഞു നോക്കാറില്ല ..നമ്മള് പണ്ട് ഇരിക്കാറുള്ള തുരുമ്പിച്ച ജനലു പോലൊരെണ്ണം ഇവിടെയുമുണ്ട് .അവടെയിരിക്കുമ്പോ പുറത്തു കൽതിണ്ണകൾ കാണാം .. ഇവിടെയും നമ്മളെ പോലെ പ്രണയ ജോഡികൾ ഉണ്ട് . വായനയിൽ നിന്ന് കണ്ണുകൾ വേദനിച്ചു തുറക്കുമ്പോ ഞാൻ അവരെ സൂക്ഷിച്ചു നോക്കാറുണ്ട്. അവരിൽ നമ്മളെ തന്നെയാണ് ഞാൻ നോക്കുന്നത് .. കാലം ഇങ്ങനെ ആവർത്തിച്ചു കൊണ്ടേയിരിക്കും ദാസ് .. മാറി വരുന്നതൊക്കെ നമ്മള് മനുഷ്യർ മാത്രമാണ് .
എന്തോ എനിക്ക് ഇപ്പോ ഒരു സമാധാനം തോന്നുന്നു ..എനിക്കിന്ന് കൂടുതൽ സമാധാനമായി ഉറങ്ങാൻ പറ്റുമായിരിക്കും .ദാസ് ഇത് വായിച്ചാലും മറുപടി അയക്കണമെന്നോ അത് ഞാൻ വായിക്കണമെന്നോ എനിക്ക് ആഗ്രഹമില്ല . പക്ഷെ എനിക്ക് തോന്നുന്നിടത്തോളം ഞാൻ ഇങ്ങനെ എഴുതിക്കൊണ്ടേ ഇരിക്കും .. ഇപ്പോ തന്നെ കുറെ ആയല്ലേ .. ഇനി കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല
നിർത്തുന്നു
സ്നേഹപൂർവ്വം

Nallath
ReplyDeletethanks comrade
ReplyDelete