Skip to main content

ചെറുപ്പത്തിൽ...

ചെറുപ്പത്തിൽ 
ചെറുപ്പത്തിൽഎന്ന് പറഞ്ഞാ വളരെ ചെറുപ്പത്തിൽ .. 
നമുക്കൊക്കെ ഓർമ്മയുള്ള ഭൂതകാലത്തിന്റെ  ഏറ്റവും ഇങ്ങേ തലക്കൽ .. അവടെ ദയാലുവും അസാമാന്യ ധൈര്യശാലിയുമായ ഒരു കുട്ടി താമസിച്ചിരുന്നു . അവന്റെ തലയുടെ മുകളിൽ പലപ്പോഴും ഒരു പ്രകാശ വളയം കണ്ടിരുന്നു എന്നാണു പലരും സാക്ഷ്യപെടുത്തിയിരിക്കുന്നത് . മുതിർന്നവർക്ക് പോലും വിവേകപൂർവ്വം ഉപദേശങ്ങൾ കൊടുത്തിരുന്ന ആ മഹാനുഭാവൻ ഞാൻ തന്നെ ആണ് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ ...

ധൈര്യം എന്നൊക്കെ വച്ചാ കട്ട ധൈര്യം .. പ്രത്യേകിച്ചു രാത്രി ആയാൽ...
എവിടെന്നാ ഇക്കണ്ട ധൈര്യം ഒക്കെ വരുന്നത് എന്ന് എനിക്ക് കൂടി അറിയില്ലാരുന്നു . ധൈര്യം കൂടി എനിക്കെന്തെലും പറ്റാണ്ടിരിക്കാൻ അമ്മയുടേയോ അച്ഛന്റെയോ അച്ഛമ്മയുടെയോ കൂടെ ആയിരുന്നു ഞാൻ കിടന്നിരുന്നത് .( അവർക്കു  ധൈര്യം പകരാൻ വേണ്ടി ആണുട്ടോ) .. താഴെ കിടക്കുമ്പോൾ പലപ്പോഴും കട്ടിലിനു താഴെ എന്നെ പേടിപ്പിക്കാൻ വരാറുള്ള പ്രേതങ്ങൾ എന്റെ ധൈര്യം കണ്ടിട്ട് നാണിച്ചു മടങ്ങിയിരിക്കണം ..

അതെന്താ രാത്രി മാത്രം ഈ പ്രേതങ്ങൾ ഇങ്ങനെ പേടിപ്പിക്കുന്നത് ?? പകൽ അവറ്റകളെ പറ്റി ഓർമ്മ കൂടി ഇണ്ടാവുല്ല .. എന്റെ ധൈര്യ ശാലികളായ കൂട്ടുകാർ തന്നെ ആണ് പ്രേതങ്ങളെ കുറിച്ചുള്ള പല ചിന്തകളും ആഴത്തിൽ എന്നിൽ പടർത്തിയത് .രാത്രി പേടി വരുമ്പോഴും ഉറക്കത്തിൽ ദുസ്വപ്നം കാണാതിരിക്കാനും അർജുനൻ, ഫാൽഗുനൻ ........എന്ന് തുടങ്ങുന്ന പേരുകൾ മനസ്സിൽ ചൊല്ലിയാൽ മതി എന്നൊക്കെ എന്നോട് പറഞ്ഞത് ഒരു കൂട്ടുകാരൻ ആയിരുന്നു.അവന്റെ 'അമ്മ അവനോടു പറഞ്ഞു കൊടുത്തതായിരുന്നു അതൊക്കെ .. ഞാൻ പേടിചോട്ടെ എന്ന് വച്ചിട്ടാന്നു തോന്നുന്നു എന്നോട് ആരും അതൊന്നും പറഞ്ഞു തന്നില്ല .. പക്ഷെ അവരെ ഒക്കെ നിരാശപ്പെടുത്തി കൊണ്ട് ഞാൻ അതൊക്കെ കാണാതെ പഠിച്ചു വച്ചു..

ഒരിക്കലും പ്രേതങ്ങളെ നേരിട്ട് കണ്ടിട്ടില്ല .അതൊക്കെ തോന്നലുകൾ ആണ് എന്ന് പറഞ്ഞു രാവിലെ സമാധാനിക്കുമ്പോഴും രാത്രികൾ ആ ചിന്തകൾ കൊണ്ട് ഇരിക്കാൻ വയ്യണ്ടായി.

ഒരിക്കൽ  ഏട്ടന്മാരൊക്കെ മലക്ക് പോണ സമയം . കന്നിക്കെട്ടായിരുന്നത് കൊണ്ട് കൊറച്ചു ആചാരങ്ങൾ ഒക്കെ കൂടുതലാണ് . അതിന്റെ ഭാഗം ആയി ആമ്പൽ പൂവുകൾ നേധിക്കണം . അത് വേറെ എവിടെന്നോ എടുത്തു കൊണ്ട് വരണം . പവനേട്ടന്റെ ഒപ്പം ഞാനും സൈക്കിളിൽ പോയി .. നല്ല രാത്രി ആണ് . പാടത്തിനു നടുക്കൂടെ ആണ് സൈക്കിൾ പോണത് .ഒരാൾ പൊക്കത്തിലും ഉയരത്തിലാണ് മഞ്ഞു. പാടത്തിന് അറ്റത്തു ഒരു  മരം ഉണ്ട്. അവിടെ സൂക്ഷിച്ചു നോക്കിയാൽ ഏതോ ഭൂതത്തിന്റെ  വാല് കാണാം എന്ന് പറഞ്ഞു പവനേട്ടൻ സൈക്കിൾ നിർത്തി.എന്നെ പേടിപ്പിക്കാൻ മനഃപൂർവ്വം ഉണ്ടാക്കിയ കഥയാണ്. കൊറചു കഴിഞ്ഞപ്പോ എന്റെ ധൈര്യം കാരണം ഞാൻ നിലവിളിച്ചു കരഞ്ഞു.. കരചില്ലു നിർത്തണ്ടായപ്പോ പവനേട്ടൻ എന്നെ പിന്നിലിരുത്തി വീട്ടിലേക്ക് ചവിട്ടി. പുറകോട്ട് നോക്കും തോറും എന്തോ എന്നെ പിടിക്കാൻ വളരണപോലെ തോന്നി.. എന്റെ ധൈര്യത്തെ പറ്റി നാട് മുഴുവൻ പറഞ്ഞു നടക്കാനും അവര് മറന്നില്ല..

പണ്ട് ഇന്നത്തെ പോലെ വീടുകൾ അതികം ഇല്ല. യാത്ര പോകുമ്പോഴൊക്കെ ഒരു ആൾപാർപ്പുള്ള സ്ഥലം കഴിഞ്ഞാ പിന്നെ വിശാലമായ പറമ്പുകളോ പാടങ്ങളോ ആയിരിക്കും. രാത്രി ബെന്നിമാമന്റെ ഓട്ടോറിക്ഷയിൽ പോകുമ്പോ ആണ് ഈ വഴിയിലൂടെ രാത്രി സഞ്ചാരം കുറവാണ് എന്ന് തുടങ്ങുന്ന കഥകൾ ബെന്നി മാമൻ അച്ഛനുമായി പറഞ്ഞു തുടങ്ങുന്നത്.. അത് വരെ തെറ്റത്തു കാറ്റു കൊണ്ടിരുന്ന ഞാൻ അപ്പൊ തന്നെ നടുക്ക് മാറി ഇരിക്കും.. ധൈര്യം കാരണം ആണ് ട്ടാ..

ഭൂതപ്രേതങ്ങളെ മാത്രം അല്ല സാക്ഷാൽ ഭഗവതി പോലും എന്നെ പേടിപിച്ചിട്ടുണ്ട്..
മാമന്റെ വീട് അമ്പലത്തിന് തൊട്ടടുത്താണ്.. 
വല്ലപ്പോഴും അവടെ നില്ക്കാൻ പോകുമ്പോൾ ഒന്നുകിൽ വല്യേ അകത്തോ വിചാമന്റെ മുറിയിലോ ആണ് കിടക്കുക. അപ്പൊ അമ്മ ആവശ്യമില്ലാത്ത വേണ്ടാത്ത കഥകൾ പറഞ്ഞു തുടങ്ങും. രാത്രി ഭഗവതി നടക്കാൻ ഇറങ്ങുമെന്നും. ഒരിക്കലും വാതിൽക്കൽ നമ്മള് കിടക്കാൻ പാടില്ല. അതൊക്കെ ഭഗവതി പോണ വഴിയാണെന്നും പറയും. അടുത്ത് അമ്മയും വല്യമ്മയും ഉള്ളോണ്ടു എനിക്ക് നല്ല ധൈര്യം ആണെങ്കിലും രാത്രി കൊറേ കഴിഞ്ഞു എന്തേലും ശബ്ദം കേട്ടാൽ ഞാൻ പേടിച്ചു കണ്ണ് തുറന്ന് കിടക്കും. പിന്നിലെ വിറക് പുരക്കടുത്തു ഭഗവതി നടക്കുന്നതാവും എന്ന് വിചാരിക്കും.

ദുസ്വപനം കാണുന്നത് പതിവായ ഒരു സമയം ഉണ്ടായിരുന്നു. അതും ചെറുപ്പത്തിൽ തന്നെ.. അന്നൊക്കെ ഉറങ്ങാൻ പേടിയായിരുന്നു.ഉറങ്ങി സ്വപ്‌നാം കണ്ടു എണീക്കുമ്പോൾ ആകെ പേടിച്ചു വിയർത്തിണ്ടാവും. പിന്നെ കൈ നീട്ടി അച്ഛൻ അടുത്തുണ്ട് എന്ന് സമാധാനിക്കും..

ഇതൊക്കെ കുട്ടി ആയിരുന്നപ്പോൾ ഉണ്ടായിരുന്ന ചിന്ത ആണെങ്കിലും ഇതൊക്കെ എവിടെയൊക്കെയോ ഉറങ്ങി കിടക്കുന്നുണ്ട്. ഇപ്പോ ഒറ്റക്കു മുറിയിൽ കിടക്കുമ്പോ വിരളമായി ദുസ്വപനം  കണ്ടു എണീകാറുണ്ട്.. അപ്പോ ഞാൻ പിന്നെയും പഴയ 7 വയസു കാരൻ ആവും.. കൈ നീട്ടി അച്ഛനെ തൊടാൻ തോന്നും. എണീറ്റിരുന്നു കട്ടിലിൽ അമ്മ ഉറങ്ങുന്നത് നോക്കാൻ തോന്നും.. പക്ഷെ അവരൊക്കെ ഇപ്പോ വേറെ മുറിയിലാണ്.. അവരോടിതൊക്കെ പോയി  പറഞ്ഞാൽ "ചെക്കന് വേറെ പണിയില്ല പോയി കിടന്നുറങ്ങാടാ " ന്ന് പറയും.. അതും പോരാണ്ട് പിറ്റേന്ന് വീണ്ടും വീണ്ടും  പറഞ്ഞു ചിരിക്കും...

പോത്തു പോലെ വലുതായത് ഒരു പ്രശ്നമായി ഒക്കെ തോന്നുന്നത് അപ്പോഴാണ്.. ചെറിയ കുട്ടി ആർന്നേൽ ഇപ്പോളും  അവരുടെ അടുത്ത് പോയി കിടക്കാർന്നു.. ചെറിയ നമ്മൾ വേറെ എവിടെയും പോയിട്ടില്ല അവരൊക്കെ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ട്.  പുറത്തിറങ്ങാൻ കൊതിക്കുന്ന ആത്മാക്കളെ പോലെ.
എത്രയൊക്കെ വലുതായാലും നമ്മുടെ കുഞ്ഞു മനസു അത്ര വലുതാവുകയൊന്നും ഇല്ല. വലുതായി വല്യ ആളായിനൊക്കെ പറഞ്ഞു നമ്മളെ പറ്റിച്ചോണ്ടിരിക്കും.. ശെരിക്കും ഒന്ന് പേടിക്കണം അപ്പൊ അറിയാം നമ്മളെന്തോരം വലുതായി എന്ന്.  

Comments

Popular posts from this blog

ആത്രേയകം | പുസ്തക അവലോകനം | Book Review - Aathreyakam

  പരമ്പരാഗതമായി നാം കേട്ടുവളർന്ന ഇതിഹാസ കഥകളുടെയെല്ലാം പ്രത്യേകത അവയൊന്നും പരാജിതരുടെ ഭാഗം പറഞ്ഞു പോയിരുന്നില്ല എന്നതായിരുന്നു, വിജയഗാഥകൾ എല്ലാകാലത്തും അങ്ങനെ തന്നെയായിരുന്നു. യുദ്ധശേഷം ഗാഥകൾ രചിക്കുന്നത് വിജയം ചൂടിയവരാണ്.അരങ്ങിനും മുന്നിലെയും പിന്നിലെയും ചതി പ്രയോഗങ്ങൾ മഹായുദ്ധതന്ത്രങ്ങളാവുന്നത് അവിടെയാണ്, നീതികരിക്കാനാവാത്ത അധമപ്രവർത്തികൾക്ക് ന്യായം കലർന്ന വെള്ളപൂശുന്നതും  അടിച്ചമർത്തപെട്ടവൻ്റെ ജീവിതത്തിന്  മുൻജന്മങ്ങളുടെ പാപഭാരം കെട്ടിവക്കുന്നതും ഇല്ലാശാപവചനങ്ങൾ കൊണ്ട് സാമാന്യയുക്തിക്ക് പൊയ്‌മുഖമൊരുക്കുന്നതും, വായ്ത്താരികൾ കൊണ്ട് രാജ്യം കെട്ടിപ്പടുക്കുന്നതും തലമുറകളുടെ സൗഖ്യമുറപ്പാക്കുന്നതും അവിടെയാണ്. എന്നാൽ ചരിത്ര നിർമ്മിതിയുടെ ഭാഗമായി നിന്നപ്പോഴും  മനഃപൂർവം തിരസ്കരിക്കപ്പെട്ട ചിലരുണ്ട്. ഇതിഹാസവിജയങ്ങൾക്ക് കാരണഭൂതരായെങ്കിലും മനപ്പൂർവ്വം ചരിത്രം പിന്നിലേക്ക് തള്ളിയവർ. കാലചക്രത്തിൻ്റെ  മുന്നോട്ടുള്ള പാച്ചിലിൽ സാമാന്യം ചിലരെങ്കിലും ചരിത്ര വായനയിൽ, വാക്കുകൾക്കിടയിലുള്ള  ശൂന്യതകളിൽ അവരെ കണ്ടെത്തും. അവർക്കു കൂടി ഇവിടെയൊരു  പങ്കുണ്ടെന്നു പറഞ്ഞു വെക്കും. ...

വൃന്ദാവനത്തിലെ രാധ

പണ്ട് സച്ചിദാനന്തന്റെ "ചില പ്രണയങ്ങൾ " എന്ന  മനോഹരമായ ഒരു കവിത വായിച്ചിരുന്നു .. അതു അവസാനിക്കുന്നത് ഈ വരികളിലൂടെ ആണ്  " ഒരിക്കലും സാഷാത്ക്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്  ഏറ്റവും ശ്രേഷ്ടമായ പ്രണയം  അത് അവസാനിക്കുന്നേയില്ല രാധയുടെ പോലെ " രാധയും കൃഷ്ണനും പണ്ട് കാലം മുതൽക്കേ ഉദാത്തമായ പ്രണയത്തിനിന്റെ പ്രതീകം ആയി ലോകം വാഴ്ത്തുന്നവർ ആണ് . പതിനായിരത്തെട്ട് ഭാര്യമാർ ഉണ്ടെങ്കിലും ഒരാളുടെ പോലും പേര് വച്ച് നമ്മൾ ഇത് വരെ കൃഷ്‌ണനെ കൂട്ടികെട്ടിയിട്ടില്ല . ആ സ്ഥാനം രാധക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന ഒന്നാണ് . കഴിഞ്ഞ ദിവസം "വൃന്ദാവനത്തിലെ രാധ " എന്ന ഒരു  പുസ്തകം വായിക്കാൻ കിട്ടി (author :കെ എൻ മോഹന വർമ്മ ).വളരെ കുറച്ചു പേജുകൾ മാത്രം  ഉള്ളത് കൊണ്ടും വിഷയം പ്രണയം ആയതു കൊണ്ടും പെട്ടന്ന് വായിച്ചു തീർന്നു .എന്താ പറയാ അത്ര വല്യ ഒരു വലുപ്പം പറയാൻ ഉള്ള ഒരു സൃഷ്ടി ഒന്നും അല്ലെങ്കിലും വായിച്ചപ്പോ ഒരു ഇഷ്ടം തോന്നി .      വൃന്ദാവനം  പണ്ടെങ്ങോ മനസ്സിൽ കയറിയ ഹരിതാഭമായ ഒരു സങ്കലപ്പത്തിന്റെ ഓർമ്മയാണ്   വൃ ...

അഗ്നിസാക്ഷി

ശക്തമായ പേരുപോലെ തന്നെ ശക്തമായ അവതരണത്താലും ശക്തമായ വാക്കുകകളാലും സ്ഫുടം ചെയ്തെടുത്തു എന്ന് പറയാവുന്ന സൃഷ്ടി . ഒരുപാടു നാളുകൾക്കു ശേഷം വായിച്ച ഒരു മഹത്തരമായ രചന.  പണ്ട് ചെറിയ ക്ലാസ്സുകളിലെ ക്വിസ് പരിപാടികളിലെ സ്ഥിരം ചോദ്യം ആയിരുന്നു "ലളിതാംബിക അന്തർജ്ജനത്തിനു കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ രചന  ഏതു ?" അന്ന് പേരിലെ കൗതുകം കൊണ്ടും മറ്റും ആവേശത്തോടെ എഴുതിയ ഉത്തരം ആയിരുന്നു "അഗ്നിസാക്ഷി" എന്നത് .അതിനപ്പുറത്തേക്ക് ഒന്നും അങ്ങനെ അറിയില്ലായിരുന്നു . അല്ലെങ്കിൽ അതു വായിക്കണം എന്നൊന്നും അന്ന് തോന്നിയിട്ടില്ല . അല്ലെങ്കിലും എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ ..  അതിനു ശേഷം പിന്നീടെപ്പോഴോ അഗ്നിസാക്ഷി എന്ന പേരിൽ തന്നെ ഒരു സിനിമ കണ്ടതായി ഓർക്കുന്നുണ്ട് . ശോഭനയും പ്രവീണയും അഭിനയിച്ച മനോഹരമായ ഒരു സിനിമ . ഇപ്പൊ ഈ നോവലിൽ  ഓരോ അധ്യാങ്ങളും വായിക്കുമ്പോഴും ആ സിനിമയിലെ ഓരോ രംഗങ്ങളായി മനസ്സിൽ വരുന്നു . എത്രയോ ചെറുപ്പത്തിൽ കണ്ട സിനിമയാണ് ഇപ്പോഴും ഓർമ്മയുണ്ട് എന്നത് അത്ഭുതമുളവാക്കുന്നു .  ദേവി ബഹൻ എന്ന് വായിക്കുമ്പോൾ വെള്ള ഖാദർ സാരിയുടുത്തു സാരിയുടെ അറ...