ഒന്നും ചെയ്യാനില്ലാത്ത വിരസമായ ദിവസങ്ങളാണ് ...
ഇപ്പൊ വായനക്ക് എന്റെ കൂട്ട് പ്രണയ ഋതുക്കൾ എന്ന ഒരു കുഞ്ഞു പുസ്തകമാണ്.. കൊറേ കഥാകാരന്മാരുടെയും കഥാകാരിമാരുടെയും എപ്പോളൊക്കെയോ പ്രസിദ്ധീകരിച്ച പല പല പ്രണയ കഥകളുടെ സമാഹാരം. ഉറക്കത്തിന് മുൻപ് ഒരു കഥ, അതാണ് രസം. ഓരോ വായനയും ഓരോ മഴ പെയ്യണ പോലെ വേണം എന്ന് ആഗ്രഹിച്ചാണ് വായിച്ചു തുടങ്ങുന്നത്.. മഴ പെയ്ത് തീർന്നാലും തോരാതെ വീഴുന്ന മഴതുള്ളികൾ പോലെ ആ ഒരു നനുത്ത അന്തരീക്ഷത്തിൽ ആ രാത്രി കഴിക്കണം എന്ന വലിയൊരു സ്വാർത്ഥ ലക്‌ഷ്യം ഇതിനൊക്കെ പുറകിലുണ്ട്..
ഇനി ചിലപ്പോ പൊട്ടന് ലോട്ടറി അടിക്കണ പോലെ ഇതിന്റെ ഒക്കെ ഒരു എക്സ്റ്റൻഷൻ സ്വപ്നങ്ങളായി വിരുന്നു വന്നു കൂടായ്കയും ഇല്ല.. അല്ല അങ്ങനെ സംഭവിച്ച ചരിത്രങ്ങൾ ഇണ്ടു.. ഈ രാത്രികളിൽ ഒറക്കത്തിന് മുൻപുള്ള തീക്ഷ്ണ ചിന്തകളാണ് സ്വപ്‌നങ്ങളായി ഭവിക്കുക എന്ന് അമ്മ പറയാറുണ്ട്.. അപ്പൊ അങ്ങനെ ആകെ മൊത്തം വലിയ വലിയ പ്രതിക്ഷകളുടെ പുറത്താണ് ഓരോ വായനയും... പ്രതീക്ഷക്കു ഫലമുണ്ടോ എന്നാ ചോദ്യം ചോദിക്കരുത്.. കാരണം ,ഭാഗ്യ പരീക്ഷണങ്ങളിൽ ശുഭാപ്തി മാത്രമേ മനസ്സിൽ കരുതാവു..
ഓരോ വായനയിലും ഒരുപാട് പേരോട് എനിക്ക് പ്രണയം തോന്നാറുണ്ട്. ഇതൊരു പുസ്തകത്തെ കുറിച്ചുള്ള കുറിപ്പൊന്നും അല്ല..2 മണി കഴിഞ്ഞിട്ടും ഉറക്കം വരാത്ത ഈ രാത്രിയിൽ തേട്ടി തേട്ടി വരുന്ന ചില ചിന്തകളാണ് ഈ എഴുതിനാധാരം.
സിനിമയിൽ നിന്ന് വായനയെ വേർതിരിക്കുന്ന ഒരു ഘടകം ഒരുപക്ഷെ കഥാപാത്രങ്ങളുടെ സ്വഭാവത്തോട് ഓരോ വായനക്കാരനും തോന്നുന്ന പ്രണയമായിരിക്കും. കാരണം സിനിമയിൽ സ്വഭാവത്തെക്കാളും ബാഹ്യസൗന്ദര്യത്തിനാണ് നമ്മൾ വിലകൽപ്പിക്കുന്നത്.. നല്ലൊരു നോവൽ വായിച്ചു തീരുമ്പോൾ അതിലെ ജീവിതം മുഴുവൻ അവരറിയാതെ അവരുടെ കൂടെ നിന്ന് അനുഭവിച്ചു തീർത്ത ഒരു പ്രതീതി ആയിരിക്കും. അത് പോലെ ഒരുപാട് വായിക്കുന്ന ഒരാൾ ഒരുപാടുകാലം ജീവിചിരിക്കുന്നതിന് തുല്യമാണ്.
വായന തുടങ്ങിയ കാലം തൊട്ട് ഓരോ കഥകളുടെ ഓർമ്മകളിലും പ്രണയ ഭാവങ്ങൾ വ്യത്യസ്ഥമാണ്. "കാലം''എന്നെ ഒരുപാട് സ്വാധീനിച്ച ഒരു രചനയാണ്.. ആ നോവലിൽ രാത്രി വയലിലൂടെ വരുമ്പോൾ സേതുഎന്ന കൗമാരക്കാരൻ തന്റെ പ്രണയിനി തങ്കമണിയുടെ കൈ രഹസ്യമായി പിടിക്കുമ്പോൾ അവളുടെ കണ്ണുകളിൽ പേടിയുള്ള ഒരു പ്രണയ ഭാവമായിരുന്നു. സേതുവേട്ടന് സ്നേഹം സേതുവേട്ടനെ തന്നെ ആയിരുന്നു എന്ന് പറഞ്ഞാണ് ആ നോവൽ നിർത്തുന്നത് . അതെ നമ്മള് കഴിഞ്ഞേ നമുക്ക് വേറെ ഒരാളെ സ്നേഹിക്കാൻ പറ്റു. മയ്യഴിയുടെ തീരങ്ങളിൽ ചന്ദ്രിയുടെ മുടിയിഴകളിൽ തലോടികൊണ്ട് ദാസൻ കിടക്കുമ്പോൾ പ്രണയത്തിന് വേറൊരു ഭാവമായിരുന്നു.. അവസാനം അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തിൽ അകലെയായി കാണുന്ന വെള്ളിയാങ്കല്ലിൽ പറന്നു നടക്കുന്ന തുമ്പികളിൽ ഒരെണ്ണം ദാസനായിരുന്നു എന്ന് പറഞ്ഞു കഥയും നിർത്തുമ്പോൾ ആ പ്രണയവും അനാഥമായി പരന്നു കിടക്കുന്നുണ്ടായിരുന്നു.. ഒരു സങ്കീർത്തനം പോലെ യിൽ
ഫയദോറിനോട് അന്നക്ക് തോന്നിയ വേദന നിറഞ്ഞ പ്രണയത്തിന് ഒരു ആരാധനയുടെ ഭാവം ഉണ്ടായിരുന്നു.ജീവിതം ഇത്ര മാത്രം ദുഃഖമായമാണോ എന്നൊരു ചോദ്യം അത് വായിക്കുന്ന ആർക്കും തോന്നുന്ന ഒന്നാണ്.
വായിച്ചതിൽ ഇന്നും ഒരു നൊമ്പരത്തോടെ മാത്രം ഓർക്കാൻ ഇഷ്ടപെടുന്ന മീരയുടെ കഥകളിൽ സ്ഥിതി മറ്റൊന്നാണ്..അവിടെ വളരെ മൂർച്ചയുള്ളതും അവിശ്വസിനീയവുമായ പ്രണയ സങ്കല്പങ്ങൾ കഥാകാരി പകർത്തി വച്ചിട്ടുണ്ട്.ക്രിസ്റ്റി എന്ന പൂർക്കമുകന്റെ ഭ്രാന്തൻ ആഗ്രഹങ്ങൾക് വഴങ്ങി അവസാനം നിസ്സഹായയായി ആ മുറിയിൽ ഒറ്റക്ക് ജനലിലൂടെ താഴേക്ക് നോക്കുന്ന രാധിക ഇന്നും പൊള്ളുന്ന ഓർമ്മയാണ്.. മീരാസാധുവിലെ എത്രയൊക്കെ മാധവനെ വെറുത്തിട്ടും പിന്നെയും വെറുപ്പിൽ സ്നേഹം കണ്ടെത്തുന്ന തുളസി വേറൊരു അനുഭമമാണ്. ആ തുളസിയോട് എനിക്കെന്തോ വലിയൊരു ഇഷ്ടം തോന്നിയിരുന്നു..അവൾ പലപ്പോഴും വൃന്ദാവനത്തിലെ രാധയെ ഓർമ്മിപ്പിച്ചു..യൂദാസിന്റെ സുവിശേഷത്തിൽ, നക്സൽ ബാരി സിന്ദാബാദ് എന്ന് പറഞ്ഞു ദാസിൽ അനുരക്തയായ പ്രേമ നീട്ടുന്നത് ജന്മന്തരങ്ങൾക്കപ്പുറം ഉള്ള പ്രണയമാണ്..നിലയില്ലാകയങ്ങളിൽ നിന്ന് ശവങ്ങൾ വലിച്ചെടുക്കുന്ന , കുട്ടികൾക്ക് രതിതന്ത്രങ്ങൾക്ക് ക്ലാസ്സെടുക്കുന്ന യൂദാസിൽ ദാസ് എന്ന മനസ് തകർന്ന വിപ്ലവകാരിയെ അവൾ എങ്ങനെ കണ്ടെത്തി എന്നത് തീർത്തും അതിശയകരമാണ്. എന്റെ പ്രേമം ഉഗ്രവിഷമുള്ള ഒരു അലസസർപ്പമാണ് എന്ന് സ്ഥാപിക്കുന്ന ഗീതയും മീരയുടെ കഥാപാത്രമാണ്. മീരയുടെ പ്രണയങ്ങൾ അങ്ങനെ തന്നെയാണ് .. അതെന്നും വ്യത്യസ്തവും അവിശ്വസിനീയമായ വിശ്വാസനീയതയുമാണ്.
പക്ഷെ മാധവിക്കുട്ടിയുടെ പ്രണയകഥകൾ വളരെ മധുരമുള്ളതായിരുന്നു. ഞാൻ പത്താം ക്ലാസ് കഴിഞ്ഞു പ്ലസ് വണ്ണി ന് ചേരാൻ നിൽക്കുമ്പോളാണ് മാധവി കുട്ടി എന്ന കമല സുരയ്യ മരണപെടുന്നത്. അതിനു മുൻപും അവരുടെ. കഥകൾ വായിച്ചിട്ടുണ്ടെങ്കിലും പിന്നീട് വായിച്ച നീർമാതളങ്ങൾക്ക് അതിലും മധുരം ഉണ്ടായിരുന്നു.. ഒരിക്കലും അവരെ മാധവി കുട്ടി എന്നാ പേരിൽ ഒരു മധ്യ വയസ്കയായ സ്ത്രീ ആയി എനിക്ക് തോന്നിയിട്ടില്ല. പകരം കമല അല്ലെങ്കിൽ ആമി എന്ന കൗമാരകാരിയായി മാത്രമാണ് ഇപ്പോളും ഓർമ്മയിൽ.. അതും ഒരു കഥാകാരിയുടെ കഴിവാണ്. കാലം അവരെ വൃദ്ധരാകുമായിരിക്കും പക്ഷ അവരുടെ കഥകൾക്ക് ഇപ്പോളും നിത്യ യവ്വനമായിരിക്കും.
അവസാനം ഇപ്പൊ ജിതേന്ദ്രൻ ആൻമേരിക്കയച്ച കത്തുകൾ വായിച് പ്രചോദനം ഉൾക്കൊണ്ടു ആർക്കെന്നില്ലാത്ത ഒരു പ്രണയ ലേഖനം വരെ ഞാൻ എഴുതുകയുണ്ടായി...
പ്രണയത്തോട് മാത്രം എന്താ ഇത്ര ഇഷ്ടം ? സ്വയം ചോദിക്കേണ്ടതാണ്..
ശരിക്കും പറഞ്ഞാൽ അറിയാൻ കൊതിക്കുന്ന ഒരു വികാരമാണ് അത്,, .. വായിച്ചറിഞ്ഞും കേട്ടറിഞ്ഞും കണ്ടറിഞ്ഞും ഒരുപാടു അറിയാം പക്ഷെ അനുഭവിച്ചറിയാൻ ഇന്നിത് വരെ ഭാഗ്യമില്ലാത്തവന്റെ അതിശയോക്തിയാണത്..
മാങ്ങയുടെ രുചി മധുരമാണെന്നു നമുക്കറിയാം പക്ഷെ മധുരം എന്താണെന്നു പറഞ്ഞു കൊടുക്കാൻ കഴിയാത്തവന്റെ ദയനീയതയാണത്..
അതല്ലെങ്കിൽ ഒരു അഭിനിവേശം ,കൗതുകം,.. അതിനുമപ്പുറം എന്തേലും ഉണ്ടോ എന്ന് ഇപ്പോൾ പറയുക വയ്യ.. പ്രണയ ബന്ധിതരായ പലരും അകാലത്തിൽ അവരുടെ പ്രണയം കുഴിച്ചുമൂടി അതിന് മുകളിൽ സ്മാരകം പണിത് ഓർമ്മകൾ അയാവിറക്കുന്നത് കണ്ടിട്ടുണ്ട്.
ക്യാമ്പ്‌സിൽ ത്രിവേണി ജങ്ഷന് മുൻപിൽ വൈകുന്നേരം മഴ പെയ്യുന്ന ഒരു ചിത്രം ഉണ്ട്.. ഓരോ തവണ ആ ചിത്രം കാണുമ്പോളും തുലാപെയ്ത്താണ് മനസിൽ.. രാവുകൾ തീർത്തും വിരസവും രാത്രികൾ നിത്യ വസന്തങ്ങളുമായി തീരുന്ന ഒരു പ്രത്യേക അവസ്ഥയിൽ കടന്നു പോവുകയാണ്..
എന്റെ മനസ്സിൽ എപ്പോളും ഒരു പിന്തിരിപ്പൻ പൈങ്കിളി പ്രണയം ഉണ്ട്.. നേരിട്ടുള്ള വാക്കുകളിലൂടെയും നീണ്ടു നീണ്ടു പോകുന്ന ഫോൺ വിളികളിലൂടെ കൈമാറാൻ ഞാൻ ആഗ്രഹിക്കാത്ത ഒരു കുഞ്ഞു പ്രണയം..
പഴയ കടലാസുകളിലെ മാസ്മരിക മഷിമണം ആവാഹിചെടുത്തു എഴുതി തീർത്ത പാടുകളിൽ കയ്യൊടിച്ചു ഒരായിരം അനുഭൂതികൾ ഉൾകൊള്ളാൻ കൊതിക്കുന്നൊരു പ്രണയം..
പണ്ടെവിടേയോ കണ്ടഒരു വാചകമാണ്..
"ഈ ലോകത്തെ ഏറ്റവും ഇഷ്ടം ആരോടാ ?
ഏറ്റവും ഇഷ്ടം എന്നോട് തന്നെ ...
അല്ല
അത് കഴിഞ്ഞിട്ട്
അതിന് അത് കഴിയുന്നില്ലലോ..
.
ഞാനിവിടെ ഇനിയും നിത്യ വസന്തങ്ങൾക്ക് കാതോർത്തു പകലുകൾ വിരസമാക്കുന്നു..
Comments
Post a Comment